സ്ത്രീകൾക്ക് തുല്യ അവകാശങ്ങളും അവസരങ്ങളും ലഭിക്കുന്ന ഇന്ത്യയിലാണ് ഞാൻ വിശ്വസിക്കുന്നത്: രാഹുൽ ഗാന്ധി
national news
സ്ത്രീകൾക്ക് തുല്യ അവകാശങ്ങളും അവസരങ്ങളും ലഭിക്കുന്ന ഇന്ത്യയിലാണ് ഞാൻ വിശ്വസിക്കുന്നത്: രാഹുൽ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd October 2024, 7:59 am

ന്യൂദൽഹി: സ്ത്രീകൾക്ക് തുല്യ അവകാശങ്ങളും വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ലഭിക്കുന്ന ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ താൻ വിശ്വസിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

‘ഞങ്ങൾ സമത്വത്തെക്കുറിച്ച് സംസാരിക്കുക മാത്രമല്ല, ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും അത് യാഥാർത്ഥ്യമാക്കുകയും ചെയ്യുന്നു. അത് ഉറപ്പാക്കാൻ വേണ്ടി പ്രവർത്തിക്കുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിനായുള്ള ഇന്ദിര ഫെല്ലോഷിപ്പിന്റെ ഭാഗമായി ആരംഭിച്ച ‘ശക്തി അഭിയാൻ’ എന്ന പ്രസ്ഥാനത്തിൻ്റെ ഭാഗമായി സ്ത്രീകളുമായി ആശയവിനിമയം നടത്തുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ സ്ത്രീകൾക്കും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും അധികാരം നൽകിയിട്ടുണ്ടോ എന്ന് രാഹുൽ ഗാന്ധി ചോദിച്ചു.

‘2024 ഒക്‌ടോബർ 18ന്, ‘ശക്തി അഭിയാൻ്റെ’ ഭാഗമായ സ്ത്രീകളെ കാണാനും അവരുമായി ഇടപഴകാനുമുള്ള അവസരം എനിക്ക് ലഭിച്ചു. അടിച്ചമർത്തപ്പെട്ട ഇവർ ഇന്ദിര ഫെല്ലോഷിപ്പിലൂടെ ഒരു സ്ത്രീ കേന്ദ്രീകൃത രാഷ്ട്രീയ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അക്ഷീണം പ്രയത്നിക്കുകയാണ്.

സ്ത്രീകൾക്ക് തുല്യ അവകാശങ്ങളും വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ലഭിക്കുന്ന ഒരു ഇന്ത്യ എന്ന കാഴ്ചപ്പാടിൽ ഞാൻ വിശ്വസിക്കുന്നു. എല്ലാത്തരം വിവേചനങ്ങളെയും നിരാകരിച്ചുകൊണ്ട് സമത്വത്തിൻ്റെയും നീതിയുടെയും അടിത്തറ പാകുന്നത് നമ്മുടെ ഭരണഘടനയാണ്,’ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയോടൊപ്പം രാഹുൽ ഗാന്ധി പറഞ്ഞു.

21 സംസ്ഥാനങ്ങളിൽ നിന്നുള്ള അതത് മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്ത്രീകളും താഴെത്തട്ടിൽ സ്ത്രീകൾ നേരിടുന്ന പുരുഷാധിപത്യത്തിൻ്റെ വെല്ലുവിളികളെ സ്വയം നേരിട്ടവരും വെള്ളിയാഴ്ച നടന്ന ചർച്ചകളിൽ പങ്കെടുത്തു. ഇന്ദിര ഫെല്ലോഷിപ്പ് നടത്തുന്ന ശക്തി അഭിയാൻ ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ത്രീകളുടെ തുല്യ പ്രാതിനിധ്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ദേശീയ സംരംഭമാണ്.

മുൻ ഇന്ത്യൻ പ്രാധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ബഹുമാനാർത്ഥമാണ് ഇന്ദിര ഫെല്ലോഷിപ്പ് ആരംഭിച്ചത്. രാഷ്ട്രീയ രംഗത്ത് സ്ത്രീകളുടെ ശബ്ദം വർധിപ്പിക്കാനും നമ്മുടെ സമൂഹത്തിൽ ആവശ്യമായ പരിവർത്തനം കൊണ്ടുവരാനും വേണ്ടിയുള്ള സംരംഭമാണിത്.

 

Content Highlight: I believe in vision for India where women enjoy equal rights, access to opportunities: Rahul