| Thursday, 26th October 2017, 10:46 pm

രാഹുല്‍ ജി എന്നാണ് വിവാഹം കഴിക്കുക?; വിജേന്ദറിന്റെ ചോദ്യത്തിനു മുന്നില്‍ മനസ് തുറന്ന് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തികച്ചും വ്യക്തിപരമായ കാര്യമാണെങ്കിലും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗന്ധിയുടെ വിവാഹക്കാര്യത്തില്‍ രാജ്യത്തിനു താല്‍പ്പര്യം കൂടുതലാണെന്ന് പറയാം. രാഹുലിന്റെ വിവാഹം എന്നു നടക്കുമെന്നും, വിവാഹം വൈകുന്നതിനു പിന്നിലെ കാര്യമെന്തെന്നും തുടങ്ങി നിരവധി ചോദ്യങ്ങള്‍ വിവിധ കോണുകളില്‍ നിന്നുയര്‍ന്നു വരാറുണ്ട്.


Also Read: സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയെ സ്വാഗതം ചെയ്യും ഷട്ടപ്പ് ഇന്ത്യയെയല്ല; യു.പി.എ സര്‍ക്കാരിനു പോരായ്മകളുണ്ടായിരുന്നെന്നും രാഹുല്‍ ഗാന്ധി


എന്നാല്‍ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുന്ന വ്യക്തിയാണ് 47 കാരനായ രാഹുല്‍ഗാന്ധി. എന്നാല്‍ ഇന്ന് ദല്‍ഹിയില്‍ വെച്ച് നടന്ന ഒരു ചടങ്ങിനിടെ കോണ്‍ഗ്രസ് നേതാവിനു വീണ്ടും ആ ചോദ്യം നേരിടേണ്ടി വന്നു. അതും ലോകമറിയുന്ന ഒരു വ്യക്തിയില്‍ നിന്നും.

ഒരു ബിസിനസ് അവാര്‍ഡ് ചടങ്ങിനിടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവായ വിജേന്ദര്‍ സിംഗാണ് രാഹുല്‍ ഗാന്ധിയോട് വിവാഹത്തെക്കുറിച്ച് ചോദിച്ചത്. മുമ്പ് പലരുടെയും ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒഴിഞ്ഞുമാറിയ രാഹുലിന് ഇന്ന് അതിന് കഴിഞ്ഞില്ല. എന്നാല്‍ തികച്ചും തന്ത്രപൂര്‍വ്വമായ മറുപടിയായിരുന്നു രാഹുലിനു നല്‍കാനുണ്ടായത്.

“നടക്കുമ്പോള്‍ അത് നടക്കട്ടെ” എന്നായിരുന്നു രാഹുലിന്റെ മറുപടി. “ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു” എന്നും രാഹുല്‍ പറഞ്ഞു. പി.എച്ച്.ഡി ആനുവല്‍ അവാര്‍ഡ്‌സ് ഫോര്‍ എക്‌സെലന്‍സ് ചടങ്ങിനിടെ രണ്ട് ചോദ്യങ്ങളായിരുന്നു വിജേന്ദറിന് രാഹുലിനോട് ചോദിക്കാനുണ്ടായിരുന്നത്.


Dont Miss: നവംബര്‍ എട്ട് 150 പേര്‍ മരണപ്പെട്ടതിന്റെ ദുഖാചരണ ദിനം; നോട്ടുനിരോധന വാര്‍ഷികം ആഘോഷിക്കുന്നതിനെതിരെ തരൂര്‍


“രാഹുല്‍ ജി എന്നാണ് വിവാഹം കഴിക്കുക എന്ന് ജനങ്ങള്‍ ചോദിക്കുന്നുണ്ട്,. എല്ലാവരും അതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. പ്രധാനമന്ത്രി ആയതിന് ശേഷമാണ് താങ്കള്‍ വിവാഹം കഴിക്കുന്നതെങ്കില്‍ അത് വ്യത്യസ്തവും ആയിരിക്കും”, ഒളിമ്പിക് ചാമ്പ്യന്റെ ഈ ചോദ്യത്തിന് രാഹുലിന്റെ ഉത്തരം “ഇതൊരു പഴയ ചോദ്യമാണ്” എന്നായിരുന്നു. വിധി പോലെ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജേന്ദറിന്റെ രണ്ടാമത്തെ ചോദ്യം കായികമേഖലയുമായി ബന്ധപ്പെട്ടായിരുന്നു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആവുകയാണെങ്കില്‍ കായിക രംഗത്തിന് വേണ്ടി എന്ത് ചെയ്യും എന്നായിരുന്നു വിജേന്ദര്‍ ചോദിച്ചത്. ഒരു രാഷ്ട്രീയക്കാരന്‍ കായികരംഗത്തുളളത് വിരളമാണെന്നും വിജേന്ദര്‍ പറഞ്ഞു.

എന്നാല്‍ താന്‍ “ഐക്കിഡോ”വില്‍ ബ്ലാക്ക് ബെല്‍റ്റാണെന്നായിരുന്നു രാഹുലിന്റെ മറുപടി. എന്നാല്‍ ഇതിന്റെ വീഡിയോ അപ്ലോഡ് ചെയ്ത് എന്തുകൊണ്ട് മറ്റുളളവര്‍ക്ക് പ്രചോദനം നല്‍കിക്കൂടാ എന്ന് വിജേന്ദര്‍ ചോദിച്ചപ്പോള്‍. ഞാന്‍ അപ്‌ലോഡ് ചെയ്യാമെന്നും ചെറുചിരിയോടെ രാഹുല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more