|

വി.എസ് കത്തയച്ച കാര്യം അറിയാമായിരുന്നു: കെ.കെ രമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്‍ തനിക്ക് പിന്തുണ പ്രഖ്യാപിച്ച് അയച്ച കത്തിനെ കുറിച്ച് തനിക്കറിയാമായിരുന്നുവെന്ന് കെ.കെ രമ.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ആര്‍.എം.പി നേതാവും ടി.പിയുടെ ഭാര്യയുമായ രമ നടത്തിയ നിരാഹാര സമരത്തിന് പിന്തുണയറിയിച്ചു കൊണ്ട് വി.എസ് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരുന്നു.

ഈ സംഭവത്തോട് പ്രതികരിയ്ക്കുകയായിരുന്നു രമ.

വി.എസുമായി അടുപ്പമുള്ളവര്‍ തന്റെ സമരത്തില്‍ വന്നിരുന്നുവെന്നും അവര്‍ സമരം ആരംഭിച്ചതിനു ശേഷം തന്നോട് സംസാരിച്ചിരുന്നുവെന്നും രമ വ്യക്തമാക്കി.

വി.എസ് തന്നോടൊപ്പമുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രമ കൂട്ടിച്ചേര്‍ത്തു.

കേസില്‍ സി.ബി.ഐ അന്വേഷണം തത്വത്തില്‍ അംഗീകരിച്ചു എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചതിനെ തുടര്‍ന്ന് അഞ്ച് ദിവസത്തെ നിരാഹാരം രമ ഇന്ന് അവസാനിപ്പിയ്ക്കുകയായിരുന്നു.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വിശ്രമത്തിലാണ് ഇപ്പോള്‍ രമ. നാളെ രാവിലെ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് സൂചന.