| Monday, 28th January 2019, 8:47 pm

മോദി വിമര്‍ശനം, സ്വകാര്യ സര്‍വകലാശാലകള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കുന്നതിനെതിരെ ഐ.ബി; റിപ്പോര്‍ട്ടില്‍ 'ദ വയറും' ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് രാജ്യത്തെ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കുന്നതിനെതിരെ ഇന്റലിജന്‍സ് ബ്യൂറോ. അശോക, കെ.ആര്‍.ഇ.എ, അസിം പ്രേംജി, ഓപി ജിന്‍ഡാല്‍, ജാമിയ ഹംദാര്‍ദ് തുടങ്ങിയ സര്‍വകലാശാലകള്‍ക്കെതിരെയാണ് ഐ.ബി മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് ഐ.ബി റിപ്പോര്‍ട്ട് നല്‍കിയത്. ഈ സര്‍വകലാശാലകളിലുള്ളവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പിയേയും വിമര്‍ശിക്കുന്നുവെന്നാണ് ഐ.ബി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. അശോക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പ്രതാപ് ഭാനു മേത്ത,
ചെയര്‍മാന്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്, സ്ഥാപകന്‍ ആശിഷ് ദവാന്‍ എന്നിവര്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. ദവാന്‍ ഫണ്ട് ചെയ്യുന്ന ഓണ്‍ലൈന്‍ മാധ്യമമായ “ദ വയര്‍” നേയും സര്‍ക്കാര്‍ വിരുദ്ധ പ്രചാരണ മീഡിയമായാണ് ഐ.ബി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.


സ്വകാര്യ ഇക്വിറ്റി സംരംഭകനും ഫിലാന്ത്രോപിസ്റ്റുമായ ആശിഷ് ദവാന്‍ ഇന്‍ഡിപെന്‍ഡന്റ് പബ്ലിക്ക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന്‍ (ഐ.പി.എസ്.എം.എഫ്) ബോര്‍ഡ് അംഗമാണ്. സ്വതന്ത്രമായി ജനതാല്‍പ്പര്യത്തിലൂന്നി സമൂഹ്യ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്ന പത്രപ്രവര്‍ത്തനത്തെ പ്രാത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ഈ കൂട്ടായ്മ നടത്തുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന “ദ വയര്‍”, “ദ പ്രിന്റ്” എന്നീ സ്ഥാപനങ്ങള്‍ക്ക് ഐ.പി.എസ്.എം.എഫ് ഫണ്ടു നല്‍കുന്നുണ്ട്. ഇതാണ് കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്.

കെ.ആര്‍.ഇ.എ സര്‍വകലാശാലയില്‍ മോദി വിരുദ്ധ പ്രവര്‍ത്തനത്തില്‍ ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നോട്ടു നിരോധനമുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രഘുറാം രാജന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. സര്‍വകലാശാലയിലെ ഗവേണിങ് കൗണ്‍സില്‍ ആംഗമായ അനു അഗയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അനു നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

അസിം പ്രേംജി സര്‍വകലാശാല വൈസ് ചാന്‍സലറും ഐ.ടി സ്ഥാപനമായ വിപ്രോയുടെ ചെയര്‍മാനുമായ അസിം പ്രേംജിയുടെ പേര് ഉള്‍പ്പെട്ടത് “ദ വയറിന്” ഫണ്ട് നല്‍കുന്നതിന്റെ പേരിലാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഫോര്‍ ഹ്യൂമന്‍ സെറ്റില്‍മെന്റ് ബാഗ്ലൂരിന്റെ സ്ഥാപകരിലൊരാളും ചെയര്‍മാനുമായ സിബി ഭാവെ, ജാമിയ ഹംദാര്‍ദ് സര്‍വകലാശാല ചാന്‍സലര്‍ ഹബില്‍ കോറഗിവാല, കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് ടെക്നോളജി ഭുവനേശ്വര്‍ സ്ഥാപകന്‍ അക്യുത സമന്ദ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് പബ്ലിക്ക് ഹെല്‍ത്ത് ഗാന്ധി നഗര്‍ ഡയറക്ടര്‍ ദിലീപ് മാവ്ലങ്കര്‍, ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ സര്‍വകലാശാല സോനിപറ്റ് മുന്‍ വൈസ് ചാന്‍സലര്‍, വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്നോളജി ചാന്‍സലര്‍ ജി വിശ്വനാഥന്‍ എന്നിവരാണ് മോദി വിമര്‍ശനത്തിന്റെ പേരില്‍ ഐ.ബിയുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റുള്ളവര്‍. അതിനു പുറമെ ഈ സ്ഥാപനങ്ങളിലെ അധ്യാപകരുടെ പേരും റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.


അതേസമയം, ജനുവരി 29നു നടക്കുന്ന യു.ജി.സി കമ്മീഷന്‍ യോഗത്തില്‍ എംപവേര്‍ഡ് എക്സ്പേര്‍ട്ട് കമ്മറ്റി ( ഇ.ഇ.സി) റിപ്പോര്‍ട്ട് പരിശോധിക്കുമെന്ന് മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രമണ്യന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം ഐ.ബി റിപ്പോര്‍ട്ടിനെ കുറിച്ച് പറഞ്ഞിട്ടില്ല.

ഇ.ഇ.സി റിപ്പോര്‍ട്ടിലാണ് ശ്രേഷ്ഠ പദവി ശുപാര്‍ശ നല്‍കുന്നത്. മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ഉന്നത സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്ന ശ്രേഷ്ഠ പദവി ഇതോടെ തടസപ്പെടുത്താനാണ് ഐ.ബിയുടെ റിപ്പോര്‍ട്ട് എന്നാണ് വിലയിരുത്തുന്നത്. ഐ.ബി നല്‍കിയിരിക്കുന്ന ഒന്‍പത് സര്‍വകലാശാലകളുടെ പേരുകള്‍ ശ്രേഷ്ഠ പദവി നല്‍കേണ്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. ഇതില്‍ മൂന്ന് സര്‍വകലാശാലകള്‍ക്ക് ശ്രേഷ്ഠ ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതാണ്.


കഴിഞ്ഞ ജൂലായില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുന്‍പേ റിലയന്‍സ് ഫൗണ്ടേഷന്റെ കീഴിലുള്ള ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് സര്‍ക്കാര്‍ ശ്രേഷ്ഠ പദവി നല്‍കിയിരുന്നു. വര്‍ഷങ്ങളോളം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠപദവി നല്‍കാതെ ജിയോയ്ക്ക് ശ്രേഷ്ഠ പദവി നല്‍കിയ സര്‍ക്കാര്‍ തീരുമാനം വ്യാപക വിമര്‍ശനത്തിന് കാരണമായിരുന്നു. ഐ.ഐ.എസ്.സി ബാംഗ്ലൂര്‍, ഐ..െഎടി ബോംബെ, ഐ.ഐ.ടി ദല്‍ഹി എന്നീ സ്ഥാപനങ്ങള്‍ക്കൊപ്പമാണ് ഇനിയും തുടങ്ങാത്ത ജിയോ ഇന്‍സ്റ്റിറ്റിയുട്ടിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more