ന്യൂദല്‍ഹി: മണിപ്പൂരിനെ കുറിച്ച് രാജ്യസഭയില്‍ സംസാരിച്ച തന്റെ പ്രസംഗം റെക്കോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയാന്‍ രാജ്യസഭാ സ്പീക്കര്‍ക്ക് കത്തയച്ചു. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ മണിപ്പൂരിലെ ഭയാനകമായ സാഹചര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. സര്‍ക്കാരിനെ ചോദ്യം ചെയ്ത് കൊണ്ടുള്ള ഒബ്രിയാന്റെ പ്രസംഗം നീക്കം ചെയ്തിരുന്നു. പിന്നാലെയാണ് ഒബ്രിയാന്‍ അധ്യക്ഷന് കത്തയച്ചത്.
‘2023 ജൂലൈ 20ന് പോയിന്റ് ഓഫ് ഓര്‍ഡറില്‍ ഞാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പ്രിസൈഡിങ് ഓഫീസറുടെ വിവേചനാധികാരം ഉപയോഗപ്പെടുത്തി നീക്കം ചെയ്തു.
രാജ്യസഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടികളിലൊന്നിന്റെ നേതാവെന്ന നിലയില്‍ മണിപ്പൂരിലെ ഭയാനകവും ദുരിതപൂര്‍ണമായ ക്രമസമാധാനനിലയെയും മുന്‍നിര്‍ത്തി പ്രധാനമന്ത്രിയെയും അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനെയും ചോദ്യം ചെയ്തിരുന്നു.
സാധാരണയായി ഉപയോഗിക്കുന്ന ലജ്ജ, ദുരുപയോഗം, വഞ്ചന, അഴിമതി, നാടകം, കാപട്യം, കഴിവില്ലായ്മ തുടങ്ങിയ വാക്കുകളെ പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളായി കഴിഞ്ഞ വര്‍ഷം ലോക്‌സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുസ്തകത്തില്‍ പറയുന്നുണ്ടെന്നും ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.
‘പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെ വിവരിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകളാണിവ. അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ അണ്‍പാര്‍ലമെന്ററിയായി പ്രഖ്യാപിക്കുന്നത് പ്രതിപക്ഷത്തിന്റെ വാ മൂടിക്കെട്ടാനുള്ള ശ്രമമാണ്.
ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നല്ല പ്രശ്‌നം. ഇത് പോലെയുള്ള അതിവിശാലമായ നിയമങ്ങളുടെ സംയോജനം കാരണം അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാമെന്ന് എളുപ്പമാണ്. മേല്‍പ്പറഞ്ഞതിന്റെ വെളിച്ചത്തില്‍ ബഹുമാനപ്പെട്ട ചെയര്‍മാന്റെ അധികാരത്തില്‍ എന്റെ പ്രസംഗം മുഴുവന്‍ റെക്കോര്‍ഡ് ചെയ്യണം,’ ഒബ്രിയാന്‍ പറഞ്ഞു.
അതേസമയം മണിപ്പൂര്‍ വിഷയത്തെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം നടന്നു. സഭാ നടപടികള്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് ലോക്‌സഭ പിരിച്ചുവിട്ടു.
content highlights: I asked the Prime Minister to talk about Manipur; O’Brien on removal of Rajya Sabha speech