ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെ രൂക്ഷമായി എതിര്‍ത്ത് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഇത്തരമൊരു നിയമത്തില്‍ നിന്നും നമ്മുടെ രാജ്യത്തെയും ആഭ്യന്തരമന്ത്രിയെയും കൂടി രക്ഷിക്കണമെന്നുമായിരുന്നു ഉവൈസി പറഞ്ഞത്.
”ഇത്തരമൊരു നിയമത്തില്‍ നിന്നും നമ്മുടെ രാജ്യത്തെ രക്ഷിക്കണമെന്ന് ഞാന്‍ സ്പീക്കറോട് അഭ്യര്‍ത്ഥിക്കുകയാണ്. ഒപ്പം നമ്മുടെ ആഭ്യന്തരമന്ത്രിയേയും. അല്ലാത്തപക്ഷം ജൂതവിരുദ്ധ നിയമമായ ന്യൂറെംബര്‍ഗ് റേസ് നിയമവും ഇസ്രഈലി പൗരത്വ നിയമവും നടപ്പിലാക്കിയവര്‍ക്കൊപ്പം, ഹിറ്റ്‌ലര്‍ക്കും ഡേവിഡ് ബൈന്‍ ഗുറിയോണിനൊപ്പം നമ്മുടെ ആഭ്യന്തരമന്ത്രിയുടെ പേരും ചരിത്രത്തില്‍ ചേര്‍ത്ത് വെക്കേണ്ടി വരും”- എന്നായിരുന്നു ഉവൈസി പറഞ്ഞത്.
ഇത്തരമൊരു ബില്‍ മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്നും ഒരു തരത്തിലും ബില്ലിനെ അനുകൂലിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വഭേദഗതി ബില്ലില്‍ നിന്നും ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഒഴിവാക്കിയെന്നും ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘ഇത് എല്ലാവരും പറയുന്ന കാര്യമാണ്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ല. നാലോ അഞ്ചോ വിഭാഗങ്ങളെ അവര്‍ ഉള്‍പ്പെടുത്തുന്നു. ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കുന്നു. ഇത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണ്. മൗലികാവകാശത്തിന്റെ ലംഘനമാണ്. ഇത് എങ്ങനെ അനുവദിച്ചുകൊടുക്കാന്‍ സാധിക്കും- അദ്ദേഹം ചോദിച്ചു.
എന്നാല്‍ ഒരു മതവിഭാഗക്കാരുടേയും പേര് ബില്ലില്‍ എടുത്തുപറഞ്ഞിട്ടില്ലെന്നും എല്ലാ മത വിഭാഗക്കാരേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു അമിത് ഷായുടെ മറുപടി.