| Friday, 20th February 2015, 4:24 pm

മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതില്‍ മാപ്പ് ചോദിക്കുന്നതായി നിതീഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാറില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിനേറ്റ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച തന്റെ നിലപാട് തെറ്റായിരുന്നുവെന്നും ഇതില്‍ ബീഹാറിലെ ജനങ്ങള്‍ക്ക് മുമ്പില്‍ കൈ കൂപ്പി മാപ്പ് ചോദിക്കുന്നതായും നിതീഷ് കുമാര്‍. ബീഹാറില്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്താന്‍ ഒരുങ്ങവെയാണ് നിതീഷ് കുമാര്‍ ജനങ്ങളോട് മാപ്പിരന്ന് രംഗത്ത് എത്തിയിരിക്കുന്നത്.

ബീഹാറില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെയാണ് ജിതിന്‍ റാം മാഞ്ചി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് കണ്ടാണ് മാഞ്ചി മുഖ്യമന്ത്രി പദം രാജി വെച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിതീഷ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ നിതീഷ് കുമാര്‍ തന്നെയായിരുന്നു മാഞ്ചിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ 2017ല്‍  വരാനിരിക്കുന്ന ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വീണ്ടും മുഖ്യമന്ത്രി പദത്തിലെത്താന്‍ നിതീഷ് ശ്രമിച്ചതോടെയാണ് മാഞ്ചി ഇടഞ്ഞിരുന്നത്.

മുഖ്യമന്ത്രി സ്ഥാനം ഒഴിയാത്തതിന്റെ പേരില്‍ പാര്‍ട്ടിക്ക് അനഭിമതനായ മാഞ്ചിയെയും അനുകൂലികളെയും  ജെ.ഡി.യുവില്‍ നിന്നും പുറത്താക്കിയിരുന്നു. പുറത്ത് നിന്നുള്ള ബി.ജെ.പി പിന്തുണയും “മഹാദലിത്” വിഭാഗക്കാരനാണെന്നുള്ള ആനുകൂല്യത്തിന്റെ കരുത്തിലുമാണ് മാഞ്ചി പിടിച്ച് നിന്നിരുന്നത്.

നേരത്തെ ദല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം ഇക്കഴിഞ്ഞ ദല്‍ഹി തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയിറങ്ങിയ ആപ് നേതാവ് അരവിന്ദ് കെജ്‌രിവാളും സമാനമായ രീതിയില്‍ ജനസമക്ഷം മാപ്പിരന്നിരുന്നു. ഒരു പക്ഷെ ഇത് മാതൃകയാക്കിയിട്ടായിരിക്കാം നിതീഷും രംഗത്ത് വന്നിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more