മാണ്ഡ്യ: മുൻ നടിയും കർണാടക മാണ്ഡ്യയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ സുമലതയ്ക്ക് സ്വീകാര്യത ലഭിക്കാൻ താനാണ് കാരണമെന്ന് അവകാശപെട്ടുകൊണ്ട് കർണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമി.
മരണപ്പെട്ട സുമലതയുടെ ഭർത്താവും മുൻ കേന്ദ്രമന്ത്രിയുമായ അംബരീഷ് ജനങ്ങൾക്ക് പ്രിയങ്കരനാകാൻ കാരണം താനാണെന്നും കുമാരസ്വാമി പറഞ്ഞു. മാണ്ഡ്യയിലെ ഒരു പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അംബരീഷിന്റെ സംഭാവനകൾ ജനങ്ങൾ സ്വീകരിക്കാൻ തയാറായത് ഞാൻ കാരണമാണ്. എന്നിട്ടും അവർ(സുമലത) പറഞ്ഞുനടക്കുന്നത് ജെ.ഡി.എസ്. കള്ളന്മാരുടെ പാർട്ടിയാണെന്നാണ്. ഞാൻ മുഖ്യമന്ത്രിയായത് പുണ്യാത്മാക്കളായ നിങ്ങൾ കാരണമാണ്. മറ്റാരും കാരണമല്ല.’ കുമാരസ്വാമി പറഞ്ഞു.
മാണ്ഡ്യയിൽ കുമാരസ്വാമിയുടെ മകനും ജെ.ഡി.എസ്. നേതാവുമായ നിഖിൽ ഗൗഡയ്ക്കെതിരെയാണ് സുമലത മത്സരിക്കുന്നത്. സുമലതയുടെ ഭർത്താവ് അംബരീഷ് മാണ്ട്യ മണ്ഡലത്തിൽ നിന്നും എം.പിയായും. എം.എൽ.എ. ആയും വിജയിച്ചിട്ടുള്ള വ്യക്തിയാണ്.
മാർച്ച് 20നാണ് സുമലത മാണ്ഡ്യ മണ്ഡലത്തിൽ തന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. തന്റെ ഭർത്താവിന്റെ മരണശേഷം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളിൽ നിന്നും സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും സുമലത പറഞ്ഞിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നും രണ്ടും ഘട്ടങ്ങളായ ഏപ്രിൽ 18നും 23നും ആണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുക. മേയ് 23നാണ് വോട്ടെണ്ണൽ.