| Thursday, 12th September 2019, 5:04 pm

കോണ്‍ഗ്രസ് എം.എല്‍.എക്കെതിരായ ജീവനക്കാരിയുടെ ആരോപണം: സംഭവം വളച്ചൊടിച്ചതെന്ന് എം.എല്‍.എ; അന്വേഷണത്തിന് ഉത്തരവിട്ട് എയര്‍ ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: റായ്പൂര്‍ എയര്‍പോര്‍ട്ടിലെ വനിതാ ജീവനക്കാരിയോട് ചത്തീസ്ഗഢിലെ കോണ്‍ഗ്രസ് എം.എല്‍.എ മോശമായി പെരുമാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് എയര്‍ ഇന്ത്യ. കോണ്‍ഗ്രസ് എം.എല്‍.എ വിനോട് ചന്ദ്രകാറിനെതിരെയാണ് വനിതാ ജീവനക്കാരിയുടെ ആരോപണം. അതേ സമയം എം.എല്‍.എ ഇത് നിഷേധിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സെപ്തംബര്‍ ഏഴിനാണ് അന്വേഷണത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. ന്യൂസ് ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം റായ്പൂര്‍ വിമാനത്താവളത്തില്‍ വൈകിയെത്തിയതിനെ തുടര്‍ന്ന് ഛത്തീസ്ഗഡിലെ മഹാസമുന്ദില്‍നിന്നുളള എം.എല്‍.എ ചന്ദ്രകറിന് വിമാനത്തില്‍ കയറാനായിരുന്നില്ല. ഇതില്‍ പ്രകോപിതമായ എം.എല്‍.എ എയര്‍ ഇന്ത്യ ജീവനക്കാരിയോട് കയര്‍ക്കുകയും അസഭ്യം പറയുകയുമായിരുന്നുവെന്നാണ് ആരോപണം.

അന്വേഷണത്തിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
‘സംഭവം എയര്‍ ഇന്ത്യ ഗൗരവമായി എടുത്തിട്ടുണ്ട്. അന്വേണത്തിന് ഉത്തരവിട്ടു, അന്വേഷണറിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കും’ എയര്‍ ഇന്ത്യാ വക്താവ് ദനഞ്ജയ് കുമാര്‍ അറിയിച്ചു.

റായ്പൂറില്‍നിന്നും റാഞ്ചിയിലേക്കുളള എയര്‍ ഫ്‌ലൈറ്റ് 91-728 ലായിരുന്നു എം.എല്‍.എ യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ വൈകിയെത്തിയ എം.എല്‍.എയെ ജീവനക്കാരി വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ലെന്നും വിമാനം പുറപ്പെട്ടതിനു പിന്നാല ചെക്ക് ഇന്‍ ഏരിയയില്‍ എത്തിയ എം.എല്‍.എ ദേഷ്യപ്പെടുകയുമായിരുന്നു. പൊതുജനമധ്യത്തില്‍ വച്ച് ജീവനക്കാരിയെ അസഭ്യം പറയുകയും പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു. താനൊരു കോണ്‍ഗ്രസ് എം.എല്‍.എയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം ദേഷ്യപ്പെടുന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജീവനക്കാരിയുടെ മൊബൈല്‍ ഫോണില്‍ എം.എല്‍.എ എയര്‍ ഇന്ത്യാ മാനേജ്‌മെന്റിനെ ബന്ധപ്പെട്ടുകയും എന്നാള്‍ അവരുടെ ഫോണ്‍ തിരികെ നല്‍കാന്‍ കൂട്ടാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, എം.എല്‍.എ സംഭവം നിഷേധിച്ചു. വിഷയത്തില്‍ താനാണ് പരാതിക്കാരനെന്നും സംഭവം തെറ്റായി ചിത്രീകരിക്കപ്പെടുകയാണെന്നും എം.എല്‍.എ പ്രതികരിച്ചു.

‘എയര്‍ ഇന്ത്യ ജീവനക്കാരിയാണ് തന്നോട് മോശമായി പെരുമാറിയത്. സ്വയ രക്ഷയ്ക്കായി തന്റെ മേല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ആരാണ് മോശമായി പെരുമാറിയതെന്ന് മനസിലാക്കാന്‍ സി.സിടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും’ എം.എല്‍.എ ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more