| Wednesday, 19th July 2023, 4:42 pm

ക്യാപിറ്റോള്‍ ആക്രമണത്തില്‍ ഞാനാണ് ടാര്‍ഗെറ്റ്; അറസ്റ്റ് ചെയ്യപ്പെട്ടേക്കാം: ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് ക്യാപിറ്റോള്‍ ആക്രമണത്തില്‍ താന്‍ കുറ്റക്കാരനാകുമെന്നാണ് തോന്നുന്നതെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊളാള്‍ഡ് ട്രംപ്. അമേരിക്കന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ 2021 ജനുവരി 6ന് നടന്ന ക്യാപിറ്റോള്‍ ആക്രമണത്തില്‍ താനാണ് ടാര്‍ഗെറ്റെന്ന് വ്യക്തമാക്കി സ്‌പെഷ്യല്‍ കൗണ്‍സലായ ജാക്ക് സ്മിത്ത് തനിക്ക് കത്ത് അയച്ചതായി ട്രംപ് പറഞ്ഞു.

‘ജനുവരി ആറിന് നടന്ന ആക്രമണങ്ങളെക്കുറിച്ചുള്ള ജൂറി അന്വേഷണത്തില്‍ ഞാനാണ് ടാര്‍ഗെറ്റെന്ന് സൂചിപ്പിച്ച് ഡെറേഞ്ചഡ് ജാക്ക് സ്മിത്ത് എനിക്ക് കത്തയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യാന്‍ നാല് ദിവസം മാത്രമേ നല്‍കിയിട്ടുള്ളൂ. ഇതിലൂടെ എന്നെ അറസ്റ്റ് ചെയ്യുമെന്നാണ് വ്യക്തമാകുന്നത്.

തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള, നിയമത്തെ ആയുധമാക്കിയുള്ള വേട്ടയാണിത്. നമ്മുടെ രാജ്യം സങ്കടകരവും ഇരുണ്ടതുമായ കാലഘട്ടത്തിലാണിപ്പോഴുള്ളത്,’ അദ്ദേഹം പൊതുവേദിയില്‍ പറഞ്ഞു.

ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് 2024ലെ തെരഞ്ഞെടുപ്പില്‍ ട്രംപിനൊപ്പം മത്സരിക്കുന്ന സൗത്ത് കരോലിന മുന്‍ ഗവര്‍ണര്‍ നിക്കി ഹലേയ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.

‘നമുക്ക് ഈ നാടകങ്ങള്‍ക്കൊന്നും നിന്നു കൊടുക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് നമ്മളിപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. നമുക്ക് ഒരു പുതുതലമുറ നേതാവിനെ വേണം,’ അവര്‍ പറഞ്ഞു. ബൈഡന്‍ തന്റെ എതിരാളിയെ പിന്തുടരാന്‍ വേണ്ടി നീതിന്യായ വ്യവസ്ഥയെ ഉപയോഗിക്കുന്നുവെന്ന് ജനപ്രതിനിധി സഭയിലെ റിപ്പബ്ലിക്കന്‍ സ്പീക്കറായ കെവിന്‍ മക്കാര്‍ത്തിയും പറഞ്ഞു.

അതേസമയം എന്തൊക്കെ കുറ്റമാണ് ട്രംപിനെതിരെ ചുമത്തുന്നതെന്ന് വ്യക്തമായിട്ടില്ല. ഒരു കത്തയച്ചു എന്നതിനര്‍ത്ഥം കുറ്റം ചുമത്തുമെന്നല്ലെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗ്രാന്റ് ജൂറിക്ക് മുന്നില്‍ ഹാജരാകാന്‍ ട്രംപ് വിസമ്മതിച്ചതായി അദ്ദേഹത്തിന്റെ ഒരു ഉപദേഷ്ടാവിനെ ഉദ്ധരിച്ചും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ബൈഡന്‍ ജയിച്ചതിന് പിന്നാലെ യു.എസ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ അക്രമം അഴിച്ചു വിട്ടിരുന്നു. ക്യാപിറ്റോള്‍ മന്ദിരത്തില്‍ മുദ്രാവാക്യവുമായി എത്തിയ ഇവര്‍ സായുധ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. ക്യാപിറ്റോള്‍ അക്രമത്തിന് മുമ്പ് നരകത്തിലേത് പോലെ പോരാടണമെന്ന് ജനക്കൂട്ടത്തെ പ്രേരിപ്പിക്കുന്ന രീതിയിലുള്ള ട്രംപിന്റെ പ്രസംഗവും ചര്‍ച്ചയായിരുന്നു.

ക്യാപിറ്റോള്‍ കലാപത്തില്‍ പങ്കെടുത്ത ആയിരത്തിലധികം ആളുകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അനധികൃതമായി കാപിറ്റോളിലേക്ക് പ്രവേശിക്കുക, വസ്തുവകകള്‍ നശിപ്പിക്കുക എന്നീ കുറ്റം ചുമത്തിയാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ 35ഓളം പേര്‍ അറസ്റ്റിനെ ചെറുത്തതിനും നിയമപാലകരെ അക്രമിച്ചതിനുമാണ് അറസ്റ്റിലായത്. തീവ്ര വലതുപക്ഷ പ്രൗഡ് ബോയ്‌സ്, ഓത്ത് കീപ്പേര്‍സ് എന്നീ സംഘടനകള്‍ രാജ്യദ്രോഹക്കുറ്റത്തിനും അറസ്റ്റ് ചെയ്യപ്പെട്ടു.

അതേസമയം അധികാരം ഇല്ലാതായതിന് ശേഷവും സര്‍ക്കാര്‍ രഹസ്യ രേഖകള്‍ തെറ്റായി കൈകാര്യം ചെയ്തതിനും അദ്ദേഹത്തിനെതിരെ ജാക്ക് സ്മിത്ത് ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിലും ട്രംപിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.

content highlights: I am the target in the attack on the Capitol; Looks like he’ll be arrested: Trump

We use cookies to give you the best possible experience. Learn more