തിരുവനന്തപുരം: ജയിക്കുമെന്ന് പറയാനുള്ള ധൈര്യം പന്ന്യന്‍ രവീന്ദ്രനുണ്ടായല്ലോ എന്ന ശശി തരൂരിന്റെ ആക്ഷേപത്തിന് മറുപടിയുമായി തിരുവനന്തപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. ശശി തരൂരിനേക്കാള്‍ മുമ്പ് തിരുവനന്തപുരത്ത് വലിയ ഭൂരിപക്ഷത്തില്‍ ജയിച്ച വ്യക്തിയാണെന്ന് താനെന്ന് പന്ന്യന്‍ രവീന്ദ്രന്‍ മീഡിയവണ്ണിനോട് പറഞ്ഞു. ശശി തരൂര്‍ വലിയ ചിന്തകനാണെങ്കിലും പ്രായോഗിക പരിഞ്ജാനം കുറവാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് വലിയ ശുഭപ്രതീക്ഷയുണ്ടെന്നും കോണ്‍ഗ്രസും ബി.ജെ.പിയും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. വലിയ ഭൂരിപക്ഷം ലഭിക്കുമെന്നും കൊട്ടിക്കലാശത്തില്‍ താന്‍ ഭൂമിയിലും മറ്റു രണ്ടു സ്ഥാനാര്‍ത്ഥികള്‍ ആകാശത്തായിരുന്നെന്നും അദ്ദേഹം പറഞ്ഞു. താനിപ്പോഴും ഭൂമിയില്‍ കാലുറപ്പിച്ച് തന്നെയാണ് നില്‍ക്കുന്നതെന്നും ഒരു ആശങ്കയുമില്ലെന്നും പന്ന്യന്‍ പറഞ്ഞു
‘ കഴിഞ്ഞ ദിവസം എന്റെ സുഹൃത്ത് ശശി തരൂര്‍ പറഞ്ഞു, ഇയാള്‍ക്ക് ജയിക്കുമെന്ന് പറയാന്‍ എങ്ങനെ ധൈര്യമുണ്ടായെന്ന്. അദ്ദേഹത്തിന് അറിയാത്ത ഒരു കാര്യമുണ്ട്. അദ്ദേഹത്തേക്കാള്‍ മുമ്പ് വലിയ ഭൂരിപക്ഷത്തില്‍ ഇവിടെ ജയിച്ച ആളാണ് ഞാന്‍. അത് അദ്ദേഹം മനസ്സിലാക്കിയിട്ടില്ല. അദ്ദേഹം വലിയ ചിന്തകനൊക്കെയായിരിക്കും. പക്ഷെ ചിന്തമാത്രം പോര. പ്രായോഗിക പരിജ്ഞാനം കൂടി വേണം. അത് അദ്ദേഹത്തിന് കുറവാണ്. അതുകൊണ്ടാണ് പന്ന്യന്‍ രവീന്ദ്രന് എന്താണിത്ര ധൈര്യമെന്ന് അദ്ദേഹം ചോദിച്ചത്. എനിക്ക് ധൈര്യമുണ്ട്. ജനങ്ങള്‍ എന്റെ കൂടെയുണ്ട്. അത് തന്നെയാണ് എന്റെ ധൈര്യം’
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ജയിക്കുമെന്ന് പറയാനുള്ള ധൈര്യമൊക്കെ പന്ന്യന്‍ രവീന്ദ്രനുണ്ടോ എന്ന് ചോദിച്ചത്. ഇതിനെതിരെ വ്യാപകമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉണ്ടായത്. ശശി തരൂരിന്റേത് അഹങ്കാരമാണെന്നും അതിനാലാണ് പന്ന്യന്‍ രവീന്ദ്രനെ പോലെ മുതിര്‍ന്നൊരു രാഷ്ട്രീയ നേതാവിന്റെ പാരമ്പര്യത്തെ പോലും അപമാനിക്കുന്ന തരത്തില്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത് എന്നും വിമര്‍ശനമുയര്‍ന്നിരുന്നു. നേരത്തെ തിരുവന്തനപുരത്ത് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരമെന്നും ശശി തരൂര്‍ പറഞ്ഞതും വലിയ വിവാദമായിരുന്നു.
content highlights: I am the person who won here before him; Pannyan Ravindran’s reply to Shashi Tharoor