| Sunday, 12th February 2023, 11:10 pm

ഞാൻ ഫുട്ബോളിലെ ദൈവം, ഇപ്പോഴും ഒന്നാം നമ്പർ താരം; വിമർശനങ്ങൾക്ക് മറുപടിയുമായി സ്ലാട്ടൻ ഇബ്രഹിമോവിച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ആരെയും കൂസാത്ത താരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്ലെയറാണ് സ്വീഡന്റെ എ.സി മിലാൻ താരമായ സ്ലാട്ടൻ ഇബ്രഹിമോവിച്ച്.
പരിക്കും ഫോമില്ലായ്മയും കൊണ്ട് മൈതാനത്ത്‌ നിന്നും നീണ്ട ഇടവേളയെടുത്ത താരം ഉടൻ തിരിച്ചെത്തുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

നിലവിൽ 41 വയസുള്ള താരം ഇപ്പോഴും പ്രൊഫഷണൽ ഫുട്ബോളിൽ സജീവമാണ്. വിരമിക്കുമെന്ന സൂചന ഒരു തരത്തിലും ഉയർത്താത്ത സ്ലാട്ടന്റെ നല്ല സമയം കഴിഞ്ഞെന്നും താരം വിരമിക്കണമെന്നും അഭിപ്രായപ്പെട്ട് നിരവധി ആരാധകരും ഫുട്ബോൾ വിദഗ്ധരും രംഗത്ത് വന്നിട്ടുണ്ടായിരുന്നു.

കൂടാതെ ഏത് പ്ലെയേഴ്സിനെയും ഒരു മയവുമില്ലാതെ വിമർശിക്കുന്ന സ്ലാട്ടന് ആ നിലയിലും ധാരാളം വിമർശകരുണ്ട്.
എന്നാലിപ്പോൾ വിമർശകർക്കെല്ലാം മറുപടിയുമായി താൻ ഇപ്പോഴും ഒന്നാം നമ്പർ താരമാണെന്നും, ദൈവമാണെന്നും അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സ്ലാട്ടൻ ഇബ്രഹിമോവിച്ച്.

“ഞാൻ ഇപ്പോഴും ദൈവമാണ്. കൂടാതെ ഒന്നാം നമ്പർ താരവുമാണ്. ഇപ്പോൾ ഞാൻ തിരിച്ചുവരുന്ന സ്ഥിതിക്ക് നിങ്ങളുടെ വാ അടച്ചു വെക്കൂ. എന്റെ കുറച്ച് മാസങ്ങൾ പരിക്ക് മൂലം നഷ്ടപ്പെട്ടു. കുറെ സമയം ഈ പരിക്ക് കാരണം പാഴായി,’ സ്‌പോർട് മീഡിയസെറ്റിന് നൽകിയ ആഭിമുഖത്തിൽ സ്ലാട്ടൻ ഇബ്രഹിമോവിച്ച് പറഞ്ഞു.

“എനിക്ക് ഒരു കുഴപ്പവുമില്ല,ഞാൻ ഓക്കെയാണ്. കളിക്കാൻ ഇല്ലായിരുന്നപ്പോഴും പുറത്ത് നിന്നും ഞാൻ കോച്ചിനെയും സ്റ്റാഫുകളെയും സഹായിക്കുന്നുണ്ടായിരുന്നു. ഇനി എത്രയും പെട്ടെന്ന് ടീമിലെത്താൻ ക്ഷമയോടെ കാത്തിരിക്കുകയാണ്,’ സ്ലാട്ടൻ കൂട്ടിച്ചേർത്തു.

ഒമ്പത് മാസമായി പരിക്കിന്റെ പിടിയിലായിരുന്ന സ്ലാട്ടൻ പക്ഷെ കഴിഞ്ഞ സീസണിൽ 11 വർഷത്തിന് ശേഷം എ.സിമിലാന് സീരി.എ കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചിരുന്നു.

മൈതാനത്തിനകത്തും പുറത്തും ടീമിന്റെ വിജയത്തിനായി കഠിനമായി പരിശ്രമിക്കുന്ന താരം തിരിച്ചു വന്നാൽ ക്ലബ്ബിന് അത് കൂടുതൽ ഊർജം കൊണ്ടുവരും.

അതേസമയം 22 മത്സരങ്ങളിൽ നിന്നും 41 പോയിന്റുകളുമായി സീരി.എ പോയിന്റ് ടേബിളിൽ  അഞ്ചാം സ്ഥാനത്താണിപ്പോൾ മിലാൻ. ഫെബ്രുവരി 15ന് ടോട്ടൻഹാമിനെ ചാമ്പ്യൻസ് ലീഗിൽ ക്ലബ്ബ് നേരിടും.

Content Highlights:I am the god of football, still the number one player; Zlatan Ibrahimovic responds to criticism

We use cookies to give you the best possible experience. Learn more