| Tuesday, 17th July 2018, 3:51 pm

'ഞാന്‍ കോണ്‍ഗ്രസാണ്'; മുസ്‌ലീം പാര്‍ട്ടി പരാമര്‍ശത്തില്‍ മോദിയുടെ വായടപ്പിച്ച് വീണ്ടും രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “മുസ്‌ലീം പാര്‍ട്ടി” പരാമര്‍ശത്തില്‍ ശക്തമായി തിരിച്ചടിച്ച് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഒരു വരിയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നവര്‍ക്കൊപ്പമാണ് താനെന്ന് പറഞ്ഞായിരുന്നു ട്വിറ്ററില്‍ രാഹുല്‍ മറുപടി നല്‍കിയത്.

“”ഒരു വരിയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നവര്‍ക്കൊപ്പമാണ് ഞാന്‍. ചൂഷിതര്‍, പാര്‍വശ്വവത്ക്കരിക്കപ്പെട്ടവര്‍, ഉപദ്രവിക്കപ്പെടുന്നവര്‍…അവരുടെ മതമോ ജാതിയോ വിശ്വാസമോ എന്നെ സംബന്ധിച്ച് വിഷയമല്ല..

വേദനിക്കുന്നവരെയാണ് ഞാന്‍ തേടുന്നത്. അവരിലെ വെറുപ്പും ഭയവും ഇല്ലാതാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എല്ലാ സഹജീവികളേയും ഞാന്‍ സ്‌നേഹിക്കുന്നു..ഞാന്‍ കോണ്‍ഗ്രസാണ്””- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.


സ്ത്രീവിരുദ്ധത ഉള്ള സിനിമകളില്‍ അഭിനയിക്കില്ല; സിനിമയിലെ കഥാപാത്രത്തെയോ സംഭാഷണങ്ങളെയോ നോക്കി വാപ്പിച്ചിയെ വിലയിരുത്തരുതെന്നും ദുല്‍ഖര്‍


എന്നാല്‍ രാഹുലിന്റെ ഈ ട്വീറ്റിനെ പരിഹസിച്ചും ബി.ജെ.പി ദേശീയ നേതൃത്വം രംഗത്തെത്തി. ഒരു ഇന്ത്യക്കാരനാണെന്ന് ഇപ്പോഴെങ്കിലും രാഹുല്‍ മനസിലാക്കിയതില്‍ സന്തോഷമുണ്ടെന്നായിരുന്നു ബി.ജെ.പി സോഷ്യല്‍മീഡിയ തലവന്‍ അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചത്.

“മുസ്‌ലീം പാര്‍ട്ടി” പരാമര്‍ശത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷപരാമര്‍ശവുമായി കോണ്‍ഗ്രസ് നേരത്തെയും രംഗത്തെത്തിയിരുന്നു. പ്രസ്താവനകളിലൂടെ വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും വിത്തുപാവുകയാണ് മോദിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.

അടുത്ത തെരഞ്ഞെടുപ്പിലെ തോല്‍വി ഭയന്നാണ് മോദി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെയും പേരില്‍ മോദി കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചിരുന്നു.

ഉത്തര്‍പ്രദേശില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തോടനുബന്ധിച്ച് അസംഗഢില്‍ നടന്ന റാലിയിലാണ് കോണ്‍ഗ്രസിനെതിരെ മോദി ആഞ്ഞടിച്ചത്. “കോണ്‍ഗ്രസ് മുസ്‌ലീങ്ങളുടെ പാര്‍ട്ടിയാണെന്ന് പറഞ്ഞതായി ചില പത്രങ്ങളില്‍ വായിച്ചു. അതില്‍ അതിശയമില്ല. പ്രകൃതിസമ്പത്തിന്റെ ആദ്യ അവകാശികള്‍ മുസ്ലീങ്ങളാണെന്ന് പറഞ്ഞത് കോണ്‍ഗ്രസിന്റെ മുന്‍ പ്രധാനമന്ത്രിയാണ്.

ഇതു പോലെത്തന്നെ പാര്‍ട്ടി തുടരണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ആവശ്യമെങ്കില്‍ തനിക്കു പ്രശ്നങ്ങളൊന്നുമില്ല. പക്ഷേ കോണ്‍ഗ്രസ് മുസ്‌ലിം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോയെന്നു വ്യക്തമാക്കണം. അതോ മുസ്‌ലിം വനിതകള്‍ക്കൊപ്പവുമുണ്ടോ?” മുത്തലാഖിനെ കുറ്റകൃത്യമാക്കുന്ന ബില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് തടസ്സപ്പെടുത്തുന്നുവെന്നു പറഞ്ഞായിരുന്നു മോദിയുടെ ഈ പരാമര്‍ശം.

We use cookies to give you the best possible experience. Learn more