ഞാന്‍ മരിക്കേണ്ടതായിരുന്നു, ഭാഗ്യം കൊണ്ട് മാത്രമാണ് ഇപ്പോള്‍ ജീവനോടെയുള്ളത്: ഡൊണാള്‍ഡ് ട്രംപ്
World News
ഞാന്‍ മരിക്കേണ്ടതായിരുന്നു, ഭാഗ്യം കൊണ്ട് മാത്രമാണ് ഇപ്പോള്‍ ജീവനോടെയുള്ളത്: ഡൊണാള്‍ഡ് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th July 2024, 3:09 pm

ന്യൂയോര്‍ക്ക്: ശനിയാഴ്ച തനിക്ക് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭാഗ്യം കൊണ്ട് മാത്രമാണ് താനിപ്പോള്‍ ജീവനോടെ ഇരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

ഞായറാഴ്ച ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. താന്‍ മരിക്കേണ്ടതായിരുന്നുവെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് ഇന്ന് ഇവിടെ ഇരിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

‘മരണത്തെ അതിജീവിച്ചത് അത്ഭുതമാണ്. ഭാഗ്യം കൊണ്ടോ അല്ലെങ്കില്‍ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടോ മാത്രമാണ് ഞാന്‍ ഇന്ന് ഇവിടെ ഇരിക്കുന്നത്. പലരും പറയുന്നത് ദൈവാനുഗ്രഹം കൊണ്ടാണ് ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്നാണ്,’ ട്രംപ് പറഞ്ഞു.

പ്രസംഗിക്കുന്നതിനിടെ വലത്തോട്ട് തല തിരിച്ചത് കൊണ്ട് മാത്രമാണ് മാരകമായ മുറിവുണ്ടാകാതെ അപകടം തെന്നി മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ജീവന്‍ രക്ഷിച്ചതിന് സുരക്ഷാ സേനയോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

വെടിയുണ്ട ചെവിയിലൂടെ തുളഞ്ഞു കയറിയപ്പോഴും തനിക്ക് പ്രസംഗം തുടരണമെന്നായിരുന്നു. എന്നാല്‍ അത് സുരക്ഷിതമല്ലെന്നും ആശുപത്രിയില്‍ പോകേണ്ടതുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വെടിവെപ്പില്‍ പരിക്കേറ്റതിന് പിന്നാലെ ഫൈറ്റ്, ഫൈറ്റെന്ന് മുദ്രാവാക്യം വിളിച്ച് ട്രംപ് പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

തനിക്കെതിരായ ആക്രമണത്തെ അപലപിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ വാക്കുകളെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു.

ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് പെന്‍സില്‍വാനിയയില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുന്നതിനിടെ ട്രംപിന് നേരെ വെടിവെപ്പ് ഉണ്ടായത്. പെന്‍സില്‍വാനിയ സ്വദേശി 20കാരനായ തോമസ് മാത്യു ക്രൂക്ക്‌സാണ് വെടിയുതിര്‍ത്തത്.

അക്രമിയെ ഉടന്‍ തന്നെ സുരക്ഷാസേന കൊലപ്പെടുത്തിയിരുന്നു. അക്രമിയടക്കം രണ്ടുപേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Content Highlight: ‘I am supposed to be dead’ – Trump