| Sunday, 28th April 2019, 5:58 pm

കനയ്യ കുമാറിന് സീറ്റ് നല്‍കാതിരുന്നത് വലിയ തെറ്റ്; തനിക്കായി പ്രചാരണത്തിന് ഇറങ്ങും; കനയ്യക്ക് പരസ്യ പിന്തുണയുമായി ദിഗ്‌വിജയ് സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ബീഹാറിലെ ബെഗുസരായി മണ്ഡലത്തിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാറിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. കനയ്യക്ക് ആര്‍.ജെ.ഡി സീറ്റ് നല്‍കാതിരുന്നത് തെറ്റാണെന്നും കനയ്യകുമാറിനെ പരസ്യമായി പിന്തുണയ്ക്കുന്നെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.

തനിക്ക് വേണ്ടി ഭോപ്പാലില്‍ പ്രചാരണത്തിന് കനയ്യ ഇറങ്ങുമെന്നും ദിഗ്‌വിജയ് സിംഗ് വെളിപ്പെടുത്തി. രണ്ട് ദിവസത്തെ പ്രചാരണത്തിനാണ് കനയ്യ ഭോപ്പാലില്‍ എത്തുക.

‘ഞാന്‍ കനയ്യ കുമാറിനെ പരസ്യമായി പിന്തുണയ്ക്കുന്നു. അദ്ദേഹത്തിന് സീറ്റ് നല്‍കാതിരുന്നത് ആര്‍.ജെ.ഡി ചെയ്ത വലിയ തെറ്റായിരുന്നു. അത് ഞാന്‍ പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം എനിക്ക് വേണ്ടി മെയ് 8,9 തീയതികളില്‍ മധ്യപ്രദേശില്‍ പ്രചാണത്തിന് എത്തുന്നു എന്ന വാര്‍ത്ത ഞാന്‍ സന്തോഷത്തോടെ പങ്കുവയ്ക്കുകയാണ്. അദ്ദേഹം രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്ന് എന്റെ പാര്‍ട്ടിയില്‍ പോലും സംശയുമുണ്ടായിരുന്നു. പക്ഷേ അദ്ദഹത്തിന് എതിരെ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. അതൊരു നുണ പ്രചാരണമായിരുന്നു.’- എന്നാണ് ദിഗ്‌വിജയ് സിംഗ് പറഞ്ഞത്.

ബെഗുസരായി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ നാളെയാണ് വോട്ടെടുപ്പ്. ഇതിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

ബെഗുസരായി മണ്ഡലത്തില്‍ കനയ്യ കുമാറിന് ആര്‍.ജെ.ഡി- കോണ്‍ഗ്രസ് സഖ്യം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സി.പി.ഐ സ്ഥാനാര്‍ത്ഥിയായി കനയ്യ കുമാര്‍ മത്സരത്തിന് ഇറങ്ങിയത്.

ബിഹാറിലെ ബെഗുസരായിലെ സി.പി.ഐ ലോക്സഭാ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന് മണ്ഡലത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും കോണ്‍ഗ്രസ്-രാഷ്ട്രീയ ജനതാദള്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് സി.പി.ഐ അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ആര്‍.ജെ.ഡി തള്ളി കളയുകയായിരുന്നു.

നേരത്തെ തെരഞ്ഞെടുപ്പ് പ്രചരണ ഫണ്ടിലേക്ക് ഒരു രൂപ സഹായം അഭ്യര്‍ത്ഥിച്ച് കനയ്യ കുമാര്‍ എത്തിയിരുന്നു. 11 ദിവസം കൊണ്ടുതന്നെ പ്രചാരണത്തിനുള്ള തുക മുഴുവന്‍ കനയ്യ കുമാറിന് ലഭിച്ചിരുന്നു. ആദ്യം ദിനം തന്നെ 30 ലക്ഷം രൂപയാണ് അദ്ദേഹത്തിന് ലഭിച്ചത്.

അവര്‍ ഡെമോക്രസി ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റ് വഴിയാണ് പണപ്പിരിവ് നടത്തിയത്. പണം നല്‍കിയവരുടെ പേര് വിവരങ്ങളും തുകയും വെബ്സൈറ്റില്‍ നല്‍കുമെന്ന് കനയ്യ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം മഹേശ്വര്‍ പെരി എന്നയാള്‍ നല്‍കിയ അഞ്ച് ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന തുക ലഭിച്ച ഏറ്റവും കുറഞ്ഞ സംഭാവന 100 രൂപയാണ്.

കനയ്യ കുമാറിന് സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജിഗ്‌നേഷ് മെവാനിയടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
DoolNews Video

We use cookies to give you the best possible experience. Learn more