| Friday, 3rd May 2019, 1:06 pm

'ഞാന്‍ ബിഹാറിലെ രണ്ടാമത്തെ ലാലു'; തേജസ്വിക്കെതിരേ ആഞ്ഞടിച്ച് വീണ്ടും തേജ്പ്രതാപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെഹാനാബാദ്: ബിഹാറില്‍ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മക്കള്‍ തമ്മിലുള്ള അസ്വാരസ്യം പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. ബിഹാറിലെ രണ്ടാമത്തെ ലാലുപ്രസാദ് യാദവ് താനാണെന്ന പ്രഖ്യാപനം നടത്തി അദ്ദേഹത്തിന്റെ മൂത്തമകനായ തേജ്പ്രതാപ് യാദവാണ് അടുത്ത വിവാദം സൃഷ്ടിച്ചിരിക്കുന്നത്.

ജെഹാനാബാദില്‍ തന്റെ വിശ്വസ്തനും ആര്‍.ജെ.ഡി വിമത സ്ഥാനാര്‍ഥിയുമായ ചന്ദ്ര പ്രകാശിന്റെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കവേ സഹോദരന്‍ തേജസ്വി യാദവിനെതിരേ പരോക്ഷമായി ആഞ്ഞടിച്ചു.

‘അദ്ദേഹം (ലാലു) വളരെ ഊര്‍ജസ്വലനായ ഒരു മനുഷ്യനാണ്. ദിവസം 10-12 പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. എന്നാല്‍ ഇപ്പോള്‍ നേതാക്കള്‍ രണ്ടോ നാലോ പരിപാടികള്‍ കഴിഞ്ഞാല്‍ തളരും’- തേജ്പ്രതാപ് പറഞ്ഞു. കഴിഞ്ഞദിവസം ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് തേജസ്വി കുറേ റാലികളില്‍ പങ്കെടുത്തിരുന്നില്ല.

കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു ജയിലിലായശേഷം തേജസ്വിയാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. ജെഹാനാബാദിലെ സ്ഥാനാര്‍ഥിപ്രഖ്യാപനത്തില്‍ തേജസ്വിയുടെ അധികാരത്തെ ചോദ്യംചെയ്തുകൊണ്ട് തേജ്പ്രതാപ് രംഗത്തുവന്നത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. ചെരിപ്പുനക്കികള്‍ക്ക് വരെ പാര്‍ട്ടി ടിക്കറ്റ് നല്‍കിയെന്നായിരുന്നു തേജ്പ്രതാപിന്റെ ആരോപണം. അതേത്തുടര്‍ന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ തന്റെ വിശ്വസ്തനെ മത്സരിപ്പിക്കാന്‍ തേജ്പ്രതാപ് തീരുമാനിച്ചത്.

We use cookies to give you the best possible experience. Learn more