ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് എച്ച്.ഡി കുമാരസ്വാമി. തങ്ങളുടെ നേതാവ് സിദ്ധരാമയ്യയാണെന്ന് നിരന്തരം ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പരിധി വിടുന്നുവെന്നും കുമാരസ്വാമി പറഞ്ഞു.
“”കോണ്‍ഗ്രസ് നേതൃത്വം അവരുടെ എം.എല്‍.എമാരെ നിലയ്ക്കുനിര്‍ത്തണം. അവര്‍ എല്ലാ പരിധിയും ലംഘിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ ഇത് തന്നെ ഇനിയും ആവശ്യപ്പെടുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച് ഇറങ്ങിപ്പോകും. അതില്‍ സംശയം വേണ്ട””- കുമാരസ്വാമി പറഞ്ഞു.
കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ജി. പരമേശ്വര സിദ്ധരാമയ്യയാണ് തങ്ങള്‍ക്ക് പറ്റിയ ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന് അഭിപ്രായപ്പെട്ടിരുന്നു. കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തലവനാണ് അദ്ദേഹമെന്നും അദ്ദേഹം മികച്ച നിയമസഭാ സാമാജികനാണെന്നും തങ്ങളുടെ എം.എല്‍.എമാരെ സംബന്ധിച്ച് സിദ്ധരാമയ്യ തന്നെയാണ് അവരുടെ മുഖ്യമന്ത്രിയെന്നുമായിരുന്നു പരമേശ്വര പ്രതികരിച്ചത്.
മുഖ്യമന്ത്രിയെന്ന നിലയില്‍ കുമാരസ്വാമിക്കെതിരെ പരാതികളൊന്നും ഇല്ലെന്നും പരമേശ്വര വ്യക്തമാക്കിയിരുന്നു.
സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മാത്രമല്ല കുമാരസ്വാമി മന്ത്രി സഭയിലെ ചില മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും ശ്രമിക്കുന്നതായി ചില റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
മുഖ്യമന്ത്രിയെന്ന നിലയില്‍ കുമാരസ്വാമിയുടെ പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ ചോദ്യം ചെയ്തതായും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.