ഹൈദരാബാദ്: തന്റെ ലക്ഷ്യത്തിനു വേണ്ടി താന്‍ മരിക്കാനും തയ്യാറാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. അയോധ്യാക്കേസില്‍ സുപ്രീംകോടതി വിധി വന്നശേഷം, ‘ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്തതല്ല വിധി’യെന്ന പരാമര്‍ശം നടത്തിയ ഉവൈസിക്കെതിരെ വിവിധ കോണുകളില്‍ നിന്നു വിമര്‍ശനം വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും അദ്ദേഹം മറുപടി നല്‍കി.
താന്‍ പറഞ്ഞതില്‍ എന്താണു തെറ്റെന്നു ചോദിച്ച അദ്ദേഹം, അവരെന്തു വേണമെങ്കിലും ചെയ്യട്ടെ എന്നും പറഞ്ഞു. ഹൈദരാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അയോധ്യാ വിധി വന്നശേഷം Supreme But Not Infallible: Essays in Honour of the Supreme Court of India എന്ന പുസ്‌കത്തിന്റെ കവര്‍ പേജാണ് ഉവൈസി ട്വീറ്റ് ചെയ്തത്.
അതേസമയം സുപ്രീംകോടതി ദാനമായി നല്‍കിയ അഞ്ചേക്കര്‍ ഭൂമി വാങ്ങരുതെന്ന പ്രസ്താവന നടത്തിയതിന് ഉവൈസിക്കെതിരെ ഭോപ്പാലിലെ ഒരു അഭിഭാഷകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഉവൈസിയുടെ പ്രസ്താവന ഒരുവിഭാഗം ജനങ്ങളെ അത്തരമൊരു തീരുമാനത്തിനു പ്രേരിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണു പരാതി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘മുസ്ലീങ്ങള്‍ ദരിദ്രരാണ്, പക്ഷേ 5 ഏക്കര്‍ സ്ഥലം വാങ്ങാനും പള്ളി പണിയാനും ഞങ്ങള്‍ക്ക് പണം ശേഖരിക്കാന്‍ കഴിയും. നിങ്ങളുടെ ദാനം ഞങ്ങള്‍ക്ക് ആവശ്യമില്ല, അഞ്ചേക്കര്‍ ഭൂമിക്ക് വേണ്ടിയായിരുന്നില്ല പോരാട്ടം മറിച്ച് നിയമപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു പോരാടിയത്’- എന്നായിരുന്നു ഉവൈസി പറഞ്ഞത്.