മരിച്ചവരെ കുറിച്ച് നല്ലത് പറയണമെന്ന് വിശ്വസിക്കുന്ന ഇന്ത്യയിലാണ് ഞാന്‍ ജനിച്ചത്; മുഷ്‌റഫ് അത്ര വെറുക്കപ്പെട്ടവനായിരുന്നെങ്കില്‍ ബി.ജെ.പി ചര്‍ച്ച നടത്തിയത് എന്തിന്: ശശി തരൂര്‍
national news
മരിച്ചവരെ കുറിച്ച് നല്ലത് പറയണമെന്ന് വിശ്വസിക്കുന്ന ഇന്ത്യയിലാണ് ഞാന്‍ ജനിച്ചത്; മുഷ്‌റഫ് അത്ര വെറുക്കപ്പെട്ടവനായിരുന്നെങ്കില്‍ ബി.ജെ.പി ചര്‍ച്ച നടത്തിയത് എന്തിന്: ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th February 2023, 4:59 pm

ന്യൂദല്‍ഹി: മരിച്ചവരെ കുറിച്ച് നല്ലത് പറയണമെന്ന് കരുതുന്ന ഇന്ത്യയിലാണ് താന്‍ വളര്‍ന്നതെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി പര്‍വേസ് മുഷ്‌റഫിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ട്വീറ്റ് ചെയ്തതിന് പിന്നാലെ തരൂരിനെതിരെ ബി.ജെ.പി വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി തരൂര്‍ രംഗത്തെത്തിയത്.

‘താന്‍ ജനിച്ചു വളര്‍ന്നത് മരിച്ചവരെ കുറിച്ച് നല്ലത് പറയണമെന്ന് കരുതുന്ന ഇന്ത്യയിലാണ്. മുഷ്‌റഫ് ശത്രുവായിരുന്നു. കാര്‍ഗില്‍ യുദ്ധത്തിന്റെ അമരക്കാരനായിരുന്നു. പക്ഷേ അദ്ദേഹം ഇന്ത്യയുമായി സമാധാനം സ്ഥാപിക്കാന്‍ ശ്രമിച്ചു. 2002-2007 വരെയുള്ള കാലഘട്ടത്തില്‍ അദ്ദേഹം ഇതിനായുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. അദ്ദേഹം സുഹൃത്താകില്ല. മറിച്ച് അദ്ദേഹവും നമ്മളെപ്പോലെ സമാധാനത്തിലൂടെ നയതന്ത്ര ഗുണങ്ങള്‍ ഉണ്ടെന്ന് മനസിലാക്കി,’ ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

പര്‍വേസ് മുഷ്‌റഫിന്റെ മരണത്തിന് പിന്നാലെ തരൂര്‍ പങ്കുവെച്ച ട്വീറ്റ് വ്യാപകമായി പ്രചരിച്ചിരുന്നു. ബി.ജെ.പിയും തരൂരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഒസാമ ബിന്‍ലാദനെ പുകഴ്ത്തിയ വ്യക്തിയെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് മഹാനായി കാണുന്നത് എന്നായിരുന്നു ബി.ജെ.പി ദേശീയ വക്താവ് ഷഹസാന്‍ പൂനാവാലയുടെ പ്രതികരണം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും തരൂരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നിയമങ്ങള്‍ ലംഘിച്ച് ആരെ കൊലപ്പെടുത്തിയാലും ചിലര്‍ക്ക് ആരാധകരുണ്ടാകും എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം.

വെറുക്കപ്പെട്ടവനായിരുന്നെങ്കില്‍ ബി.ജെ.പിയുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനായിരുന്നു എന്നായിരുന്നു ഇതിനോട് തരൂരിന്റെ പ്രതികരണം. 2003ല്‍ ബി.ജെ.പി വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച നടത്തി, 2004ല്‍ സംയുക്ത പ്രസ്താവനയില്‍ മുഷറഫും വാജ്‌പേയിയും ഒപ്പുവെച്ചിരുന്നു. അന്നൊക്കെ സമാധാന പങ്കാളിയായിരുന്നില്ലേ ബി.ജെ.പിക്ക് മുഷ്‌റഫ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫ് അപൂര്‍വമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു. ഒരിക്കല്‍ ഇന്ത്യയുടെ പ്രധാന ശത്രുവായിരുന്ന അദ്ദേഹം 2002-2007 കാലഘട്ടത്തില്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ ശക്തിയായി മാറി. ആ കാലഘട്ടത്തില്‍ യു.എന്നില്‍ വെച്ച് വര്‍ഷാവര്‍ഷം അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അദ്ദേഹം വളരെ സജീവമായിരുന്നു. ഊര്‍ജസ്വലനുമായിരുന്നു. തന്ത്രപ്രധാന നിലപാടുകളില്‍ വ്യക്തതപുലര്‍ത്തിയിരുന്നു,’ എന്നായിരുന്നു തരൂരിന്റെ അനുശോചന ട്വീറ്റ്.

Content Highlight: I am raised in an India that teaches to be kind to the deceased, says Shashi Tharoor amid ongoing tweet row