പാകിസ്ഥാന്‍ ഫലസ്തീനൊപ്പം; പിന്തുണയറിയിച്ച് ഇമ്രാന്‍ ഖാന്‍
World News
പാകിസ്ഥാന്‍ ഫലസ്തീനൊപ്പം; പിന്തുണയറിയിച്ച് ഇമ്രാന്‍ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th May 2021, 6:17 pm

ഇസ്‌ലാമാബാദ്: ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി പാകിസ്ഥാന്‍. പാകിസ്ഥാന്‍ പ്രധാനമന്ത്രിയായ താന്‍ ഗാസയ്ക്കും ഫലസ്തീനുമൊപ്പം നിലകൊള്ളുന്നുവെന്ന് ഇമ്രാന്‍ ഖാന് പറഞ്ഞു.

” ഞാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയാണ്. ഞങ്ങള്‍ ഗാസയ്‌ക്കൊപ്പം നില്‍ക്കുന്നു. ഞങ്ങള്‍ ഫലസ്തീനൊപ്പം നില്‍ക്കുന്നു.,” ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

അതേസമയം, ഫലസ്തീനിലെ മസ്ജിദുല്‍ അഖ്സ പ്രദേശങ്ങളിലും ജറുസലേമിലും തുടരുന്ന സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി ഇസ്രാഈല്‍.

ഗാസ മുനമ്പിലേക്ക് വിദേശ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതിനാണ് ഇസ്രാഈല്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇസ്രാഈല്‍ പ്രതിരോധ മന്ത്രാലയമായ ക്രോസിങ് പോയിന്റ് അതോറിറ്റിയാണ് ഈ ഉത്തരവ് പുറത്തിറക്കിയത്.

വെള്ളിയാഴ്ച മുതലാണ് മസ്ജിദുല്‍ അഖ്‌സ ശക്തമായ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇവിടെ പ്രാര്‍ത്ഥിക്കാനായി എത്തിച്ചേര്‍ന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ വെള്ളിയാഴ്ച മാത്രം നൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റിരുന്നത്.

എന്നാല്‍ ശനിയാഴ്ച ലൈലത്തുല്‍ ഖദറിന്റെ ഭാഗമായി ഇവിടേക്ക് ആയിര കണക്കിന് ഫലസ്തീനികള്‍ വീണ്ടും എത്തിച്ചേര്‍ന്നു. തുടര്‍ന്ന് അവര്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.

തിങ്കളാഴ്ച രാവിലെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്കായെത്തിയ ഫലസ്തീനികളില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും സൗണ്ട് ബോംബുകളുമായെത്തിയായിരുന്നു സേന പ്രാര്‍ത്ഥനയുടെയും പ്രതിഷേധത്തിന്റെയും ഭാഗമായി എത്തിയവരെ ആക്രമിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: I am PM of Pakistan. We stand with Palestine’, tweets Imran Khan