| Saturday, 31st March 2018, 5:00 pm

'കറുത്തവനായത് കൊണ്ടല്ല ചൂഷണം ചെയ്യപ്പെട്ടതെന്ന് മനസിലാക്കുന്നു'; നിര്‍മ്മാതാക്കള്‍ വാക്കു പാലിച്ചില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി സാമുവല്‍ റോബിന്‍സന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സുഡാനി ഫ്രം നൈജീരിയ താരം സാമുവല്‍ റോബിന്‍സനും ചിത്രത്തിന്റെ നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കം തുടരുന്നു. തനിക്ക് അര്‍ഹിച്ച പണം ലഭിച്ചില്ലെന്ന സാമുവലിന്റെ ആരോപണത്തിന് നിര്‍മ്മാതാക്കള്‍ മറുപടി നല്‍കിയതിനെ തുടര്‍ന്ന് വിശദീകരണവുമായി താരം വീണ്ടുമെത്തിയിരിക്കുകയാണ്. തന്റെ ആരോപണത്തെ ഒരിക്കല്‍ കൂടി ഉറപ്പിക്കുന്ന വിശദീകരണമാണ് താരം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കറുത്തവനായതിനാലാണ് താന്‍ ചൂഷണം ചെയ്യപ്പെട്ടതെന്നാണ് കരുതിയതെന്നും എന്നാല്‍ അത് തെറ്റാണെന്ന് ഇപ്പോള്‍ മനസിലായതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ തനിക്ക് മാന്യമായ പ്രതിഫലം കിട്ടിയില്ലെന്ന ആരോപണത്തില്‍ സാമുവല്‍ ഉറച്ച് നില്‍ക്കുന്നുണ്ട്. കേരളത്തെയും അവിടുത്തെ സ്‌നേഹത്തെയും അപമാനിക്കാനല്ല, വിഷയം ആളുകളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വേണ്ടി മാത്രമാണ് താന്‍ ആരോപണമുന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.


Related: ‘കരാര്‍ പ്രകാരമുള്ള വേതനം നല്‍കി; ലാഭവിഹിതം കയ്യിലെത്തിയാല്‍ അദ്ദേഹം നല്‍കിയ വിലകല്‍പിക്കാനാവാത്ത പങ്കിനോട് നീതിപുലര്‍ത്തും’:വിശദീകരണവുമായി സുഡാനി ഫ്രം നൈജീരിയ നിര്‍മാതാക്കള്‍


അലവന്‍സ് സഹിതം 1,80,000 രൂപയാണ് കരാര്‍ പ്രകാരം ആകെ കിട്ടിയതെന്നും വളരെ കുറഞ്ഞ ബഡ്ജറ്റിലുള്ള ചിത്രമാണെന്ന് കരുതിയാണ് ഈ തുകയ്ക്ക് ഞാന്‍ കരാറിലേര്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഷൂട്ടിങ്ങിനെത്തിയപ്പോള്‍ ഈ ചെറിയ തുകയെക്കുറിച്ച് നിര്‍മ്മാതാക്കളോട് പറഞ്ഞപ്പോള്‍ സിനിമ വിജയമായാല്‍ എനിക്ക് തൃപ്തികരമായ തുക തരാമെന്ന് വാക്കാല്‍ പറഞ്ഞതായും സാമുവല്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍

ഹാപ്പി ഹവേഴ്‌സിന്റെ പ്രതികരണം വന്നതിനാല്‍ എനിക്ക് കിട്ടിയ പ്രതിഫലം വ്യക്തമാക്കേണ്ടതുണ്ട്. അലവന്‍സ് സഹിതം 1,80,000 രൂപയാണ് കരാര്‍ പ്രകാരം ആകെ കിട്ടിയത്. 1 ലക്ഷം രൂപയായിരുന്നു അടിസ്ഥാന സാലറി. വളരെ കുറഞ്ഞ ബഡ്ജറ്റിലുള്ള ചിത്രമാണെന്ന് കരുതിയാണ് ഈ തുകയ്ക്ക് കരാറുണ്ടാക്കിയത്. ഇത് കേരളത്തിന്റെ സൗന്ദര്യവും സ്‌നേഹവും അനുഭവിക്കാനുള്ള അവസരമായും ഞാന്‍ കരുതി. ഇതൊരു തരക്കേടില്ലാത്ത ബഡ്ജറ്റുള്ള സിനിമയാണെന്ന് എനിക്കറിയില്ലായിരുന്നു. കേരളത്തിന് പുറത്ത് റിലീസ് ചെയ്യുന്ന കാര്യവും അറിയില്ലായിരുന്നു. ഡിസ്‌നി ചിത്രത്തില്‍ എനിക്ക് ഇപ്പോള്‍ കിട്ടിയതിന്റെ മൂന്നിരട്ടി പണം മാസാമാസം കിട്ടുമായിരുന്നു. അന്നെനിക്ക് 16 വയസേ പ്രായമുണ്ടായിരുന്നുള്ളൂ.


Related: എന്റെ പ്രതിഫലം എത്രയെന്ന് പറയാന്‍ പോലും ലജ്ജ തോന്നുന്നു: അഞ്ച് ലക്ഷം രൂപ ലഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സാമുവല്‍ റോബിന്‍സണ്‍


ഈ കുറഞ്ഞ തുക ഞാന്‍ സെറ്റിലെത്തിയപ്പോഴേ നിര്‍മ്മാതാക്കളോട് പറഞ്ഞിരുന്നു. സിനിമ വിജയിച്ചാല്‍ തൃപ്തമായ ഒരു തുക തരാമെന്ന് വാക്കാല്‍ ഉറപ്പ് തന്നിരുന്നു. ഇന്നലെ ഞാന്‍ നൈജീരിയയിലേക്ക് തിരിച്ചു. 7000 രൂപയേ എയര്‍പോര്‍ട്ട് ചെലവിലേക്ക് തന്നിട്ടുള്ളൂ. എനിക്ക് തരാമെന്ന് പറഞ്ഞ തുക തന്നുമില്ല. ദേഷ്യം കാരണം യാത്രക്കിടെ ഞാന്‍ പണം തരാന്‍ ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ക്ക് മെയില്‍ അയച്ചു. എനിക്ക് പണത്തിന്റ ആവശ്യമുണ്ടായിരുന്നു. മാത്രമല്ല ദുബായില്‍ അടുത്തയാഴ്ച സിനിമയുടെ പരസ്യത്തിനും അവര്‍ക്കെന്നെ വേണമായിരുന്നു. ആ മെയിലിന് മറുപടിയുണ്ടായില്ല. ചിത്രത്തിന്റെ സെറ്റില്‍ എനിക്ക് പലപ്പോഴും കിട്ടിയത് മോശമായ ഭക്ഷണവും താമസവുമാണ്. ഞാന്‍ അതിന് ഒരിക്കലും പരാതിപ്പെട്ടിട്ടില്ല.

ഞാന്‍ കേരളത്തിനോ കേരളത്തിലെ ജനങ്ങള്‍ക്കോ എതിരല്ല. കേരള ചലച്ചിത്ര സ്‌നേഹികളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാത്രമാണ് ആരോപണം ഉന്നയിച്ചത്. കേരളത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മുന്‍ അനുഭവങ്ങളും പ്രായവും കാരണമാണ് എനിക്ക് ചൂഷണം ചെയ്യപ്പെട്ടതായി തോന്നിയത്. എന്റെ തൊലിയുടെ നിറം കൊണ്ടാണ് അതെന്ന് കരുതി. പക്ഷേ ഇപ്പോള്‍ എനിക്ക് മനസിലായി അങ്ങനെയൊന്നുമില്ലെന്ന്.

https://www.facebook.com/samuelrobinsonx/posts/1672474442832562

We use cookies to give you the best possible experience. Learn more