ക്രിക്കറ്റ് ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. ഏതൊരു പ്രതിസന്ധി ഘട്ടത്തേയും പുഞ്ചിരികൊണ്ട് നേരിടുന്ന വില്യംസന്റെ ആറ്റിറ്റിയൂഡ് ഏറെ പ്രശംസ നേടിയതാണ്. ക്രിക്കറ്റിലെ മാന്യതയുടെ പ്രതിരൂപത്തലൊരാള്‍ കൂടിയാണ് അദ്ദേഹം.
ഒരു നായകന്‍ എന്ന നിലയില്‍ ന്യൂസിലാന്‍ഡിന് ഏറെ നേട്ടങ്ങള്‍ നേടി കൊടുത്ത താരമാണ് ‘വില്ലിച്ചായന്‍’. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പടക്കം താരത്തിന്റെ നേതൃത്വത്തില്‍ കിവീസ് നേടിയ നേട്ടങ്ങള്‍ നിരവധിയാണ്.
ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈരദാബാദിന്റെ നായകസ്ഥാനത്ത് നില്‍ക്കവെ വിജയ പ്രതീക്ഷയാണ് ടീമും ആരാധകരും പങ്കുവെക്കുന്നത്.
ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ തുടങ്ങാനിരിക്കെ താനൊരിക്കലും ഒരു മികച്ച ക്യാപ്റ്റനല്ല എന്ന് പറയുകയാണ് കെയ്ന്‍ വില്യംസണ്‍.
‘ഒരിക്കലും ആര്‍ക്കും ഒരു പെര്‍ഫെക്ട് ക്യാപ്റ്റന്‍ ആവാന്‍ സാധിക്കുകയില്ല, അഥവാ സാധിച്ചാല്‍ തന്നെ ഞാന്‍ ഒരിക്കലും അങ്ങനെയാവുകയുമില്ല. ഒരു ടീമിന്റെ നായകനാവുക എന്നത് ഏറെ വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ട ചുമതലയാണ്.
നിങ്ങള്‍ക്ക് നിങ്ങളുടേതായ ആശയങ്ങളും തന്ത്രങ്ങളും ഉണ്ടായിരിക്കാം. പക്ഷേ അവസാനം ടീമുമായി നിങ്ങളുടെ ആശയം സംയോജിപ്പിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ മാത്രമേ കൃത്യമായി പ്രവര്‍ത്തിക്കാനുള്ള ഒരു സ്‌പേസ് ക്യാപ്റ്റന് ലഭിക്കുകയുള്ളൂ,’ താരം പറയുന്നു.
ഇത്തരത്തില്‍ മികച്ച താരങ്ങളാണ് ന്യൂസിലാന്‍ഡില്‍ ഉള്ളതെന്നും ഇതാണ് ടീമിന്റെ കരുത്ത് എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ ടീമില്‍ നിന്നും പുറത്തായതോടെയാണ് വില്യംസണ്‍ സണ്‍റൈസേഴ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. ന്യൂസിലാന്‍ഡിനെ ടെസ്റ്റ് ചാമ്പ്യന്‍മാരാക്കിയതുപോലെ സണ്‍റൈസേഴ്‌സിനെയും ചാമ്പ്യന്‍മാരാക്കാം എന്ന പ്രതീക്ഷയാണ് താരത്തിനുള്ളത്.
മാര്‍ച്ച് 29നാണ് ഹൈദരാബാദിന്റെ ആദ്യ മത്സരം. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാനാണ് ടീമിന്റെ എതിരാളികള്‍.