| Sunday, 5th March 2023, 8:06 pm

ഇന്ത്യയെ വിദേശത്ത് പോയി അപമാനിക്കുന്നത് ഞാനല്ല; അത് പ്രധാനമന്ത്രിയുടെ രീതിയാണ്: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മറ്റൊരു മണ്ണില്‍ പോയി ഇന്ത്യയെ താന്‍ മോശമായി ചിത്രീകരിച്ചില്ലെന്നും അത് പ്രധാനമന്ത്രിയുടെ രീതിയാണെന്നും രാഹുല്‍ ഗാന്ധി. ലണ്ടനില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ വെച്ച് ഇന്ത്യയെ അപമാനിക്കുന്ന തരത്തില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചുവെന്നാരോപിച്ച് ബി.ജെ.പി രംഗത്ത് വന്നിരുന്നു.

‘ ഇന്ത്യയെ അപമാനിക്കുന്ന തരത്തില്‍ ഞാന്‍ സംസാരിച്ചിട്ടില്ല. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷമായിട്ടും ഇന്ത്യയില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി വിദേശ പരിപാടിയില്‍ സംസാരിച്ചത് ഞാന്‍ ഓര്‍ക്കുന്നു.

ഇന്ത്യയില്‍ അനിയന്ത്രിതമായ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും അദ്ദേഹം ഇന്ത്യയില്‍ നിന്ന് സംസാരിച്ചതല്ല. വിദേശത്ത് പോയി സംസാരിച്ചതാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

തന്റെ രാജ്യത്തെ അപമാനിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ബി.ജെ.പി തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ എന്റെ രാജ്യത്തെ ഒരിക്കലും അപമാനിക്കില്ല. ബി.ജെ.പി എന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. എന്നാല്‍ അതില്‍ എനിക്ക് ഒരു പ്രശ്‌നവുമില്ല.

ഇത്തരം വളച്ചൊടിക്കലുകള്‍ ടി.ആര്‍.പിക്ക് വേണ്ടി മാധ്യമങ്ങളും ഏറ്റെടുക്കുന്നു. പക്ഷേ സത്യമെന്താണെന്ന് വെച്ചാല്‍ ഇന്ത്യയെ വിദേശത്ത് പോയി അപമാനിക്കുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്.

പ്രധാനമന്ത്രി ഇന്ത്യയിലെ ഓരോ പൗരനെയുമാണ് അപമാനിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീതിന്യായ വ്യവസ്ഥയെയും മാധ്യമങ്ങളെയും സര്‍ക്കാര്‍ വേട്ടയാടുന്നതോട് കൂടി ഇന്ത്യയുടെ ജനാധിപത്യമാണ് ആക്രമിക്കപ്പെടുന്നതെന്ന് കേംബ്രിഡ്ജില്‍ വെച്ച് രാഹുല്‍ ഗാന്ധി പ്രസംഗിച്ചിരുന്നു. പ്രധാനമന്ത്രി ഇന്ത്യക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത വിഷയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി ഇന്ത്യയെ അധിക്ഷേപിച്ചുവെന്ന് പറഞ്ഞ് ബി.ജെ.പി വിവാദമുണ്ടാക്കിയത്.

ഇന്ത്യയില്‍ എല്ലായിടത്തും അഭിപ്രായ സ്വാതന്ത്യത്തെ അടിച്ചമര്‍ത്തുകയാണെന്നും അതിനുദാഹരണമാണ് ബി.ബി.സി ഡോക്യുമെന്ററിയുടെ നിരോധനമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തെ നിരീക്ഷിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി തന്റെ ഫോണും പെഗാസസ് വഴി നിരീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

ഭാരത് ജോഡോ യാത്ര, ചൈനയോടും റഷ്യയോടുമുള്ള ഇന്ത്യയുടെ വിദേശ നയങ്ങള്‍, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്, ബി.ബി.സി റെയ്ഡ് തുടങ്ങിയ വിഷയങ്ങളും അദ്ദേഹം സംസാരിച്ചു.

ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റായ ഡാനിഷ് ഖാന്‍ അവതാരകനായ പരിപാടിയില്‍ ഇന്ത്യയിലെയും ലണ്ടനിലെയും നിരവധി മാധ്യമപ്രവര്‍ത്തകരായിരുന്നു പ്രേക്ഷകരായുണ്ടായത്.

CONTENT HIGHLIGHT: I am not the one who insults India abroad; That’s the PM’s way: Rahul Gandhi

We use cookies to give you the best possible experience. Learn more