| Wednesday, 10th May 2023, 8:35 pm

'ഞാന്‍ ധോണിയുടെ ഡാഡിയല്ല കേട്ടോ', അവതാരകനെ ഞെട്ടിച്ച് ശ്രീകാന്തിന്റെ മറുപടി

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ: ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ഐ.പി.എല്‍ പോരാട്ടത്തിന് മുന്നോടിയായി ടി.വി അവതാരകനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ കൃഷ്ണമാചാരി ശ്രീകാന്ത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ് ധോണിയെ കുറിച്ചുള്ള ഒരു ചോദ്യമാണ് ശ്രീകാന്തിനെ ചൊടിപ്പിച്ചത്.

ധോണി എന്തുകൊണ്ടാണ് ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്ക് വരാത്തതെന്ന ചോദ്യത്തിനാണ് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ കൂടിയായ ശ്രീകാന്ത് ഞെട്ടിക്കുന്ന മറുപടി നല്‍കിയതെന്ന് ക്രിക് ടുഡേ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. ‘ഞാന്‍ ധോണിയുടെ അച്ഛനോ, കോച്ചോ ഒന്നുമല്ല.

എനിക്ക് എങ്ങനെയാണ് ധോണിയോട് ഉയര്‍ന്ന ബാറ്റിങ് ഓര്‍ഡറില്‍ കളിക്കാന്‍ ആവശ്യപ്പെടാനാകുക? ഞാന്‍ ധോണിയുടെ ഗുരുജിയാണ്, ധോണീ ദയവ് ചെയ്ത് എന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ,’ അവതാരകനെ കളിയാക്കി കൊണ്ട് ശ്രീകാന്ത് പറഞ്ഞു.

‘ധോണിക്ക് നന്നായി അറിയാം എന്താണ് ചെയ്യേണ്ടതെന്ന്. ഇതു പോലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് വെറുതെയാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.പി.എല്ലിന്റെ ഈ സീസണില്‍ കിട്ടിയ അവസരങ്ങളിലെല്ലാം മികച്ച ഫോമിലാണ് ചെന്നൈ നായകന്‍ ബാറ്റ് വീശിയത്.

എങ്കിലും ആരാധകരുടെ മനസിനെ തൃപ്തിപ്പെടുത്തുന്ന രീതിയിലൊരു മുഴുനീള ഇന്നിങ്‌സ് കളിക്കാന്‍ ധോണിക്ക് ഇക്കുറി അവസരം ലഭിച്ചിട്ടില്ല. ആരാധകരുടേയും മുന്‍ താരങ്ങളുടേയും ആവശ്യത്തിന് ചെവി കൊടുക്കാതെ, ടീമിലെ യുവനിരയ്ക്ക് കൂടുതല്‍ അവസരം നല്‍കിയാണ് മഞ്ഞപ്പടയുടെ നായകന്‍ മുന്നോട്ടു പോകുന്നത്.

എങ്കിലും കണ്ണിന് കുളിര്‍മയേകുന്ന നിരവധി പടുകൂറ്റന്‍ സിക്‌സറുകള്‍ പായിക്കാന്‍ ക്യാപ്റ്റന്‍ കൂളിന് സാധിച്ചിട്ടുണ്ട്. ഈ സീസണോട് കൂടി ധോണി ക്രിക്കറ്റിനോട് വിടപറയുമെന്ന ആശങ്കയും ആരാധകരുടെ മനസിലുണ്ട്.

ടീം ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായാണ് ധോണി അറിയപ്പെടുന്നത്. ഹെലികോപ്ടര്‍ ഷോട്ട് പോലുള്ള താരത്തിന്റെ ഫേവറിറ്റ് ഷോട്ടുകള്‍ക്കും ആരാധകര്‍ നിരവധിയാണ്. ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച പവര്‍ ഹിറ്റര്‍മാരില്‍ പ്രധാനിയാണ് തലയെന്ന് അറിയാത്തവര്‍ ഇനിയാരുണ്ട്.

CONTENT HIGHLIGHTS: I am not MS Dhoni’s dad – Krishnamachari Srikkanth

We use cookies to give you the best possible experience. Learn more