ഗോരഖ്പൂര്‍: സഹോദരന്‍ കാഷിഫ് ജമീലിനെതിരായ ആക്രമണത്തില്‍ പ്രതികരണവുമായി ഗോരഖ്പൂരിലെ ഡോക്ടര്‍ കഫീല്‍ ഖാന്‍. താന്‍ വഴങ്ങാന്‍ പോകുന്നില്ലെന്നു പറഞ്ഞാണ് അദ്ദേഹം രംഗത്തുവന്നിരിക്കുന്നത്.
“അല്ലാഹു കരുണകാണിക്കട്ടെ, ഞാന്‍ വഴങ്ങാന്‍ പോകുന്നില്ല.” എന്നാണ് ട്വിറ്ററിലൂടെ അദ്ദേഹം പ്രതികരിച്ചത്.
സഹോദരന്റെ ശരീരത്തില്‍ നിന്നും ബുള്ളറ്റ് നീക്കം ചെയ്തിട്ടുണ്ടെന്ന് കഫീല്‍ ഖാന്‍ മാധ്യമങ്ങളോടു പറഞ്ഞു. “ഓപ്പറേഷന്‍ വിജയകരമായിരുന്നു. അദ്ദേഹം ഇപ്പോള്‍ ഐ.സി.യുവിലാണ്. അദ്ദേഹത്തെ കൊല്ലാന്‍ മൂന്ന് ബുള്ളറ്റുകളാണ് ഉതിര്‍ത്തത്. ആരാണ് വെടിയുതിര്‍ത്തതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. പക്ഷേ യു.പി മുഖ്യമന്ത്രി കഴിയുന്ന ഗോരഖ്നാഥ് ക്ഷേത്രത്തില്‍ നിന്നും വെറും 500മീറ്ററിനുള്ളിലാണ് ഇത് സംഭവിച്ചത്.” അദ്ദേഹം പറഞ്ഞു.
ബുള്ളറ്റുകളിലൊന്ന് സഹോദരന്റെ കഴുത്തിലാണ് തറച്ചതെന്നും അത് നീക്കം ചെയ്യാന്‍ അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.
വെടിയേറ്റ് മൂന്നുമണിക്കൂറിനുശേഷമാണ് ശസ്ത്രക്രിയ നടന്നത്. പൊലീസ് ശസ്ത്രക്രിയ വൈകിപ്പിച്ചു എന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു.
” കഴിഞ്ഞദിവസം രാത്രി പ്രൈവറ്റ് ആശുപത്രിയില്‍ കൊണ്ടുപോകാനായിരുന്നു എന്റെ തീരുമാനം. അവിടെ എനിക്കു പരിചയമുള്ള ഒരു ന്യൂറോ സര്‍ജനുണ്ടായിരുന്നു. പക്ഷേ പൊലീസ് പറഞ്ഞു ആദ്യം സര്‍ദാര്‍ ആശുപത്രിയിലും പിന്നീട് ബി.ആര്‍.ഡി ആശുപത്രിയിലും കൊണ്ടുപോകണമെന്ന്. പക്ഷേ ബി.ആര്‍.ഡി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചത്. അതുകൊണ്ടുതന്നെ നിര്‍ണായകമായ സമയം പൊലീസ് വെറുതെ പാഴാക്കിക്കളഞ്ഞു.” എന്നും അദ്ദേഹം ആരോപിച്ചു.
സ്വകാര്യ നഴ്സിങ് ഹോമില്‍ കഴിയുന്ന ജമീലിനെ 48 മണിക്കൂര്‍ നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ജമീലിനെ ഗോരഖ്നാഥ് ക്ഷേത്രത്തിന് സമീപത്ത് വെച്ച് വണ്ടി നിര്‍ത്തിച്ച് ചിലര്‍ വെടിവെക്കുകയായിരുന്നു. മൂന്നു തവണയാണ് ഇവര്‍ ജമീലിന് നേരെ വെടിയുതിര്‍ത്തത്. കഴുത്തിനും കൈയ്ക്കുമാണ് വെടിയേറ്റത്.
ഗൊരഖ്പൂരിലെ സ്റ്റാര്‍ ഹോസ്പിറ്റലിലാണ് ജമീലിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. എന്‍ജിനീയറായ ജമീല്‍ ഒരുവര്‍ഷം മുമ്പാണ് വിവാഹിതനായത്.
എട്ടുമാസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ കഫീല്‍ഖാന്‍ കേരളത്തിലടക്കം വിവിധ വേദികളിലെത്തി യു.പി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.