| Saturday, 17th March 2012, 12:12 pm

'ഞാന്‍ ദൈവമല്ല, സച്ചിന്‍ ടെണ്ടുല്‍ക്കറാണ്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

മിര്‍പൂര്‍: “”ഞാന്‍ ദൈവമല്ല, സച്ചിന്‍ ടെണ്ടുല്‍ക്കറാണ്.” നൂറാം സെഞ്ച്വറിയെന്ന ചരിത്ര നേട്ടം കുറിച്ച മത്സരത്തിന് ശേഷം സച്ചിന്‍ പറഞ്ഞു.

ഏറ്റവും ബുദ്ധിമുട്ടേറിയത് എന്നു സച്ചിന്‍ വിശേഷിപ്പിച്ച തന്റെ നൂറാം രാജ്യാന്തര സെഞ്ചുറി നേടിയിട്ടും ഇന്ത്യ ബംഗ്ലദേശിനോടു തോറ്റതിനെ തുടര്‍ന്നാണ് സച്ചിന്‍ ഇങ്ങനെ പറഞ്ഞത്. ” ഞാന്‍ കഴിഞ്ഞ 22 വര്‍ഷം ക്രിക്കറ്റിലുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം ക്രിക്കറ്റ് ദൈവം എന്നെ പരീക്ഷിക്കുകയായിരുന്നു. ആ കാലഘട്ടത്തില്‍ എനിക്ക് മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ഒരിക്കലും പിന്മാറാന്‍ തയ്യാറായിരുന്നില്ല” സച്ചിന്‍ പറഞ്ഞു.

” ഇംഗ്ലണ്ടില്‍ നൂറാം സെഞ്ച്വറി നേടാനായിരുന്നു ഞാന്‍ വെസ്റ്റിന്റീസ് പര്യടനത്തിന് പോകാതിരുന്നത് എന്ന് പറഞ്ഞിരുന്നത് ശരിയല്ല. സെഞ്ച്വറികള്‍ ഒരിക്കലും മുന്‍കൂട്ടി തീരുമാനിക്കാനാവില്ല” അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ നടന്ന മത്സരത്തില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 80ല്‍ നിന്ന് 100ല്‍ എത്താന്‍ 36 പന്തുകളാണു നേരിട്ടത്. 114 റണ്‍സ് നേടാന്‍ സച്ചിന്‍ 147 പന്തുകളാണു നേരിട്ടത്.
തന്റെ സെഞ്ചുറി മാത്രമായിരുന്നില്ല മനസ്സിലെന്ന് സച്ചിന്‍ പറഞ്ഞു. ടീമിന് നല്ല സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു ലക്ഷ്യം.

“”അനുകൂലിച്ചും എതിര്‍ത്തും വിശകലനങ്ങളുണ്ടാകാം, അവയൊന്നും ഞാന്‍ നോക്കുന്നില്ല. എനിക്ക് എന്റെ ജോലി ചെയ്തുതീര്‍ക്കാനുണ്ട്. ഉയര്‍ച്ചയും താഴ്ചയും ജീവിതത്തിന്റെ ഭാഗമാണ്. അത് അനുഭവിക്കാത്ത ഒരു മനുഷ്യനുമില്ല. അവയെല്ലാം നമ്മെ വലിയ പാഠം പഠിപ്പിക്കുന്നു- സച്ചിന്‍ പറഞ്ഞു.

“റെക്കോര്‍ഡുകള്‍ക്ക് വേണ്ടി ഞാന്‍ കളിക്കാറില്ല. കളിക്കുമ്പോള്‍ റെക്കോര്‍ഡുകള്‍ സ്വന്തമാകുകയാണ്. പക്ഷേ അത് എന്റെ ലക്ഷ്യമല്ല. ഞാന്‍ കളിക്കുന്നത് ക്രിക്കറ്റ് ആസ്വദിക്കുന്നു എന്നതിനാലാണ്. നൂറാം സെഞ്ച്വറി നേടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു സച്ചിന്‍ പറഞ്ഞു. നൂറാം സെഞ്ച്വറി പൂര്‍ത്തികാക്കിയതിന് ശേഷം സച്ചിന്‍ ദൈവത്തിന് നന്ദി പറയുകയായിരുന്നു. ഞാന്‍ ഒരിക്കലും സ്‌കോര്‍ ബോര്‍ഡില്‍ നോക്കിയിരുന്നില്ല” സച്ചിന്‍ വ്യക്തമാക്കി.

Malayalam news

Kerala news in English

Latest Stories

We use cookies to give you the best possible experience. Learn more