അബുദാബി: ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ മത്സരത്തിന് മുന്‍പ് വംശീയതയ്‌ക്കെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാത്തതില്‍ ക്ഷമ ചോദിച്ച് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക്. അന്ന് താന്‍ ചെയ്തത് തെറ്റായെന്നും അതിന് പകരമായി ലോകകപ്പില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ മുഴുവനും മുട്ടു കുത്തിനില്‍ക്കുമെന്നും ഡി കോക്ക് പറഞ്ഞു.
‘ഞാന്‍ മുട്ടുകുത്തി നില്‍ക്കുന്നത് ഒരു ജനതുടെ മൊത്തം ജീവിതസാഹചര്യം മെച്ചപ്പെടുത്തുമെങ്കില്‍ അങ്ങനെ ചെയ്യാന്‍ എനിക്ക് സന്തോഷം മാത്രമേയുള്ളൂ,’ എന്നായിരുന്നു ഡി കോക്ക് പറഞ്ഞത്.
Quinton de Kock statement 📝 pic.twitter.com/Vtje9yUCO6
— Cricket South Africa (@OfficialCSA) October 28, 2021
വംശീതയ്‌ക്കെതിരായ സന്ദേശം കൈമാറുന്നതിന്റെ ഭാഗമായുള്ള ക്യാംപെയ്‌നില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സി.എസ്.എ) ഡി കോക്കിന് താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡി കോക്ക് ക്ഷമാപണവുമായി എത്തിയത്.
‘ആദ്യമായി ടീമംഗങ്ങളോടും നാട്ടിലെ എന്റെ ആരാധകരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. എനിക്ക് വംശീയതക്കെതിരെ നിലകൊള്ളേണ്ടതിന്റെ പ്രാധാന്യം മനസ്സിലായി. നമ്മള്‍, താരങ്ങള്‍ വേണം ഇതിനായി മാതൃകയാവേണ്ടത് എന്ന കാര്യവും എനിക്ക് വ്യക്തമായി.
ഞാന്‍ മുട്ടുകുത്തി നില്‍ക്കുന്നത് ഒരു ജനതുടെ മൊത്തം ജീവിതസാഹചര്യം മെച്ചപ്പെടുത്തുമെങ്കില്‍ അങ്ങനെ ചെയ്യാന്‍ എനിക്ക് സന്തോഷം മാത്രമേയുള്ളൂ, ഞാനൊരിക്കലും ഒരു വംശീയവാദിയല്ല,’ എന്നാണ് ഡി കോക്ക് പറഞ്ഞത്.
ബ്ലാക്ക് ലൈഫ് മാറ്റേഴ്‌സ് എന്ന ക്യാംപെയ്‌ന്റെ ഭാഗമായാണ് താരങ്ങള്‍ വംശീയതയ്‌ക്കെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള മത്സരത്തിന് തൊട്ട് മുന്‍പുള്ള ഡി കോക്കിന്റെ പിന്‍മാറ്റം ഏവരേയും അതിശയിപ്പിച്ചിരുന്നു. സി.എസ്.എയുടെ നിര്‍ദേശം പാലിക്കാത്തതിനാല്‍ താരത്തെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ഡി കോക്ക് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് കളിക്കാത്തതെന്ന് നായകന്‍ ബെവുമ പറഞ്ഞിരുന്നു.
ഓസ്‌ട്രേലിയയുമായുള്ള മത്സരത്തിന് മുന്‍പ് എല്ലാ താരങ്ങളും വംശീയ-വര്‍ണ വിവേചനങ്ങള്‍ക്കെതിരായ മുട്ടുകാല്‍ കുത്തി പ്രതിഷേധിക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ഓസ്ട്രേലിയ്ക്കെതിരായ മത്സരത്തിലും മുട്ടുകുത്തി പ്രതിഷേധിക്കാനോ വിവേചനങ്ങള്‍ക്കെതിരായ ക്യാംപെയിനിന്റെ ഭാഗമാകാനോ ഡി കോക്ക് തയ്യാറായിരുന്നില്ല.
സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് തങ്ങളുടെ പിന്തുണ പ്രകടിപ്പിക്കാന്‍ മൂന്ന് വഴികള്‍ തെരഞ്ഞെടുക്കുക എന്നായിരുന്നു ബോര്‍ഡ് നിര്‍ദേശത്തില്‍ പറഞ്ഞത്. മുട്ടുകുത്തുക, മുഷ്ടി ഉയര്‍ത്തുക, അല്ലെങ്കില്‍ ശ്രദ്ധയോടെ നേരെ നില്‍ക്കുക എന്നിങ്ങനെയായിരുന്നു ഇത്.
എന്നാല്‍ ഇത് സ്വീകരിക്കാന്‍ ഡി കോക്ക് തയ്യാറായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് താരം ക്ഷമാപണവുമായി എത്തിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: ‘I am not a racist’: Quinton De Kock apologizes to teammates