ഞാന്‍ കന്യാസ്ത്രീയല്ല: ബിപാഷ ബസു
Movie Day
ഞാന്‍ കന്യാസ്ത്രീയല്ല: ബിപാഷ ബസു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th August 2012, 4:24 pm

ഫെയ്‌സ് ടു ഫെയ്‌സ്/ ബിപാഷ ബസു
മൊഴിമാറ്റം/ ആര്യ.രാജന്‍

ബോളിവുഡിലെ വിവാദങ്ങളിലൊന്നും പകച്ച് പോകുന്ന താരമല്ല ബിപാഷ. ഏതൊരു വിഷയത്തെയും വളരെ നിസാരമായി കാണുന്ന താരം തന്നെ കുറിച്ചുള്ള ആരോപണങ്ങളില്‍ തളര്‍ന്നിരിക്കാന്‍ തയ്യാറല്ല. അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ബിപാഷയുടെ ഹൊറര്‍ ചിത്രമായ റാസ് 3 യ്ക്ക് വേണ്ടി തയ്യാറാക്കിയ രണ്ടാമത്തെ ഫിറ്റ്‌നെസ് വീഡിയോയും താരം പുറത്തുവിട്ടുകഴിഞ്ഞു. തന്റെ കരിയറിലെ പ്രധാന വെല്ലുവിളിയായേക്കാവുന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളതെന്നാണ് താരം പറയുന്നത്.

ബിപാഷയെ കുറിച്ച് ഏറെ വിവാദങ്ങള്‍ കേള്‍ക്കന്നുണ്ടല്ലോ, വിവാദങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത് ?

വിവാദങ്ങള്‍ എന്നെ വ്രണപ്പെടുത്താറില്ല. വിവാദങ്ങളെ വളരെ നിസാരമായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പുരുഷന്‍മാരുമായി എന്നെ ബന്ധപ്പെടുത്തി പറയുന്നതില്‍ എനിയ്ക്ക് വിഷമമില്ല. ഞാന്‍ ഒരു ബംഗാളി സ്ത്രീയാണ്. അതുകൊണ്ട് തന്നെ ദുര്‍ഗയുടെ ഒരംശം എന്നില്‍ ഉണ്ടെന്നാണ് എന്റെ വിശ്വാസം(ചിരിക്കുന്നു). പുരുഷന്‍മാരുമായി ബന്ധപ്പെടുത്തി എന്നെ കുറിച്ച് പലരും പറയുന്നു. എന്നാല്‍ എനിയ്ക്കതില്‍ പരാതിയില്ല.

നിങ്ങള്‍ ഇപ്പോള്‍ തനിച്ചാണെന്നാണോ പറയുന്നത് ?

തുറന്ന് പറയാമല്ലോ, അതെനിക്ക് അറിയില്ല. എല്ലാവരോടും എനിയ്ക്ക് ഒരു കാര്യമേ പറയാനുള്ളു, ഞാന്‍ ഒരു കന്യാസ്ത്രീയോ ബ്രഹ്മചാരിണിയോ അല്ല. പതിനെട്ടാമത്തെ വയസ്സുമുതല്‍ തന്നെ തിരക്കേറിയ ജീവിതത്തിന് ഉടമയായവളാണ് ഞാന്‍.

സിനിമയില്‍ പൂര്‍ണമായും സെക്‌സിയായി അഭിനയിക്കാന്‍ തീരുമാനിച്ചോ ?

ഒരിക്കലുമില്ല. യഥാര്‍ത്ഥ ജീവിതത്തില്‍ ഞാനൊരു നല്ല കുട്ടിയാണ്.  ആളുകളൊക്കെ കരുതുന്നത് ഞാനൊരു ചൂടന്‍ കഥാപാത്രമാണെന്നാണ്. എന്നാല്‍ ചിലര്‍ എന്നെ നേരിട്ട് കണ്ട് സംസാരിച്ചുകഴിയുമ്പോള്‍ അവരുടെ അഭിപ്രായമൊക്കെ മാറും. ഇപ്പോള്‍ ഞാന്‍ ഒരു വീട്ടമ്മയുടെ വേഷം ചെയ്യുകയാണെങ്കിലും ആളുകള്‍ പറയും ഞാന്‍ ഒരു സെക്‌സി വീട്ടമ്മയാണെന്ന്‌.

അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന റാസ് 3 യിലെ  കഥാപാത്രത്തെ കുറിച്ച് ?

ഒരുപാട് ആഗ്രഹം മനസ്സില്‍ നിറച്ച് നടക്കുന്ന ഒരു സ്ത്രീ കഥാപാത്രമാണ്. അവള്‍ എന്ത് വിചാരിക്കുന്നുവോ അതെല്ലാം നടക്കണമെന്ന് കരുതി നടക്കുന്ന കഥാപാത്രം. ആ കഥാപാത്രത്തിന് ഞാനുമായി ചെറിയ ബന്ധമുണ്ടെന്ന് തോന്നുന്നു. എന്നാല്‍ തീര്‍ത്തും ആ കഥാപാത്രത്തെ പോലെയല്ല ഞാന്‍.

ചിത്രത്തിന് വേണ്ടി ദുര്‍മന്ത്രവാദം പരിശീലിക്കുന്നെന്ന് കേട്ടല്ലോ, ബോളിവുഡില്‍ മറ്റാരെങ്കിലും ഇത്തരത്തില്‍ പരിശീലനം നടത്തുന്നുണ്ടോ?

സ്വകാര്യമായി ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടോയെന്ന് എനിയ്ക്ക് അറിയില്ല. സിനിമാ ഇന്‍ഡസ്ട്രിയെന്ന് പറയുന്നത് തന്നെ ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമാണ്. അപ്പോള്‍ അവിടെ ദുര്‍മന്ത്രവാദത്തിനും സ്‌കോപ്പ് ഉണ്ടാവും.

വിക്രം ബട്ടിനെ സംവിധായകന്‍ എന്ന നിലയിലും ഒരു സാധാരണ വ്യക്തിയെന്ന നിലയിലും എങ്ങനെ വ്യത്യസ്തപ്പെടുത്താം

തല നിറയെ നരച്ച മുടിയുള്ള വ്യക്തി( ചിരിക്കുന്നു) അത്രയേയുള്ളു. അദ്ദേഹത്തിന്റെ സെറ്റില്‍ വര്‍ക്ക് ചെയ്യുന്നത് തന്നെ വലിയൊരു അനുഭവമാണ്.

കടപ്പാട്: ഐ.ബി.എന്‍