ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ പൊതുസുരക്ഷാ നിയമപ്രകാരം തടവിലിടാനുള്ള നീക്കത്തെ അപലപിച്ച് സി.പി.ഐ.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി. ഫറൂഖ് അബ്ദുള്ള ഭീകരവാദിയല്ലെന്നും തരിഗാമി പറഞ്ഞു. ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാനൊരു വിദേശിയല്ല, ഫറൂഖ് അബ്ദുള്ളയോ മറ്റ് നേതാക്കളോ ഭീകരവാദികളുമല്ല. കശ്മീരിലെ ജനതയ്ക്കു മാത്രമല്ല, രാഷ്ട്രീയക്കാര്‍ക്കും രാഷ്ട്രീയത്തിനും സ്ഥിതി മോശമാണ്.’ അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രത്യേക പദവി എടുത്തുമാറ്റുകയും കശ്മീരിനെ വിഭജിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനം കാരണം കശ്മീര്‍ ജനതയുടെ ഐക്യം തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. ‘ കശ്മീരിലെ സ്ഥിതിഗതികള്‍ എന്നെ ഞെട്ടിച്ചു. ജമ്മുകശ്മീര്‍ നേതാക്കള്‍ ഭരണഘടനാ ശില്പികളുമായുണ്ടാക്കിയ ധാരണകളെ എങ്ങനെയാണ് ഒരു തീരുമാനം മാറ്റിമറിച്ചതെന്നത് എന്നെ ഞെട്ടിച്ചു.’ അദ്ദേഹം വിശദീകരിക്കുന്നു.
‘നേതാക്കളും ജമ്മുകശ്മീര്‍ ജനതയും കഠിനാധ്വാനത്തിലൂടെ സൃഷ്ടിച്ച ബന്ധം ഇന്ന് തകര്‍ക്കപ്പെട്ടിരിക്കുകയാണ്. സര്‍ക്കാറുമായി ഒരു സംവാദത്തിന്, ചര്‍ച്ചയ്ക്ക് ഒരു അവസരമല്ലാതെ മറ്റൊന്നും കശ്മീര്‍ ജനത ആഗ്രഹിക്കുന്നില്ല.’ എന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ ആഗസ്റ്റ് അഞ്ചു മുതല്‍ ശ്രീനഗറില്‍ വീട്ടു തടങ്കലിലായിരുന്നു തരിഗാമി. തരിഗാമി അന്യായ തടങ്കലിലാണെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ.എം സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ദല്‍ഹിയിലേക്ക് വരാന്‍ കഴിഞ്ഞത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തരിഗാമിയെ ശ്രീനഗറില്‍ നിന്നും ദല്‍ഹിയിലെ എയിംസിലേക്ക് മാറ്റാന്‍ സെപ്റ്റംബര്‍ അഞ്ചിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്.