ഞാന്‍ മുസ്‌ലിമും യാഷ് ഹിന്ദുവുമാണ്; ഞങ്ങളുടെ മകന്‍ മതേതര ഇന്ത്യയുടെ പ്രതീകമായി വളരും;വിവാദങ്ങളില്‍ പ്രതികരിച്ച് നുസ്രത്ത് ജഹാന്‍
India
ഞാന്‍ മുസ്‌ലിമും യാഷ് ഹിന്ദുവുമാണ്; ഞങ്ങളുടെ മകന്‍ മതേതര ഇന്ത്യയുടെ പ്രതീകമായി വളരും;വിവാദങ്ങളില്‍ പ്രതികരിച്ച് നുസ്രത്ത് ജഹാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd February 2022, 12:47 pm

കൊല്‍ക്കത്ത: തന്റെ വിവാഹജീവിതവുമായി ബന്ധപ്പെട്ടും കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടും ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ പ്രതികരിച്ച് ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ നുസ്രത്ത് ജഹാന്‍.

മുന്‍പ് വിദേശത്തുവെച്ച് വിവാഹിതയാകുകയും പിന്നീട് ആ ബന്ധം പിരിഞ്ഞ ശേഷം ബംഗാളി നടന്‍ യാഷ് ദാസ് ഗുപ്തയുമായി നടന്ന വിവാഹത്തെ കുറിച്ചും മകന്റെ ജനനത്തെ കുറിച്ചുമൊക്കെയായിരുന്നു വിവാദങ്ങള്‍ ഉടലെടുത്തത്.

എന്നാല്‍ എന്തിനാണ് ആളുകള്‍ തന്റെ വിവാഹത്തിന്റെ കാര്യത്തില്‍ ഇത്രയേറെ ആശങ്കപ്പെടുന്നതെന്നാണ് നുസ്രത്ത് ജഹാന്‍ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിക്കുന്നത്.

താന്‍ വീണ്ടും വിവാഹിതയായോ എന്ന കാര്യം എല്ലാവരേയും വിളിച്ച് അറിയിക്കേണ്ടതാണെന്ന് തോന്നിയിട്ടില്ലെന്നും തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മറ്റുള്ളവരോട് സംസാരിക്കേണ്ടെന്ന് തീരുമാനിക്കുന്നത് തന്റെ മാത്രം ഇഷ്ടമാണെന്നും നുസ്രത്ത് അഭിമുഖത്തില്‍ പറഞ്ഞു.

രണ്ട് പേര്‍ വിവാഹിതരാകുന്നുണ്ടെങ്കില്‍ അത് അവര്‍ മാത്രം അറിഞ്ഞാല്‍ മതിയാകുമെന്നും അവര്‍ സന്തുഷ്ടരാണെങ്കില്‍ അതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് കാര്യമെന്നും നുസ്രത്ത് ചോദിച്ചു.

അപ്പോള്‍ യാഷ് ദാസ് ഗുപ്തയുമായുള്ള നിങ്ങളുടെ വിവാഹം കഴിഞ്ഞോ എന്ന ചോദ്യത്തിന് ഞങ്ങള്‍ വീണ്ടും വിവാഹം കഴിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു നുസ്രത്തിന്റെ മറുപടി.

യാഷ് ഹിന്ദുവും നിങ്ങള്‍ മുസ്‌ലീമുമാണ്. അപ്പോള്‍ നിങ്ങളുടെ മകന്‍ യിഷാന്‍ ആരായി വളരുമെന്ന ചോദ്യത്തിന് ഒരു നല്ല മനുഷ്യനെ പോലെ വളരുമെന്നായിരുന്നു നുസ്രത്തിന്റെ മറുപടി.

നല്ല വ്യക്തികളായിട്ടാണ് നാമെല്ലാവരും വളരേണ്ടത്. ഞാന്‍ ഒരു മുസ്‌ലീമാണ്, യാഷ് ഹിന്ദുവും. രണ്ട് മതങ്ങളുടെയും നന്മ എന്റെ മകന് അറിയാന്‍ സാധിക്കും. മനുഷ്യരാശിയെ അവന്‍ വേണ്ട രീതിയില്‍ സേവിക്കും.

മാതാപിതാക്കളെന്ന നിലയില്‍ ഞങ്ങള്‍ എപ്പോഴും തുറന്ന മനസ്സുള്ളവരാണ്. ഞങ്ങളുടെ വീട്ടില്‍ ദീപാവലിയും ദുര്‍ഗ്ഗാ പൂജയും ഈദും ക്രിസ്മസും എല്ലാം ആഘോഷിക്കുന്നു.

അതിലൂടെ മതേതര ഇന്ത്യയുടെ ശരിയായ മാതൃക മകനെ കാണിച്ചുകൊടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. മതേതര ഇന്ത്യയിലെ ഉത്തമ പൗരനായി അവന്‍ വളരുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, നുസ്രത്ത് ജഹാന്‍ പറഞ്ഞു.

2021 ഓഗസ്റ്റ് 26 നാണ് നുസ്രത്ത് ജഹാന്‍ മകന്‍ യിഷാന് ജന്മം നല്‍കിയത്. എന്നാല്‍ കുഞ്ഞിന്റെ പിതൃത്വവുമായി ബന്ധപ്പെട്ടും നുസ്രത്തിന്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ടുമെല്ലാം നിരവധി അഭ്യൂഹങ്ങളും വിലകുറഞ്ഞ ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇത്തരം വിവാദങ്ങളൊന്നും തന്നെ ഒരു തരത്തിലും ബാധിക്കില്ലെന്നും മുഖവും പേരുമില്ലാത്തവരുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ താത്പര്യമില്ലെന്നും അഭിമുഖത്തില്‍ നുസ്രത്ത് വ്യക്തമാക്കി.

2019 ല്‍ വ്യവസായിയായ നിഖില്‍ ജെയിനെയായിരുന്നു നുസ്രത്ത് വിവാഹം ചെയ്തത്. തുര്‍ക്കിയില്‍ വെച്ചായിരുന്നു ഈ വിവാഹം നടന്നത്. എന്നാല്‍ പിന്നീട് ഇരുവരും ബന്ധം വേര്‍പിരിയുകയായിരുന്നു. വിവാഹം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ തന്നെ വിവാഹ മോചനം നടത്തേണ്ട കാര്യമില്ലെന്ന് നുസ്രത്ത് പ്രതികരിച്ചിരുന്നു.

നിഖിലുമായി വേര്‍പിരിഞ്ഞ ശേഷമാണ് യഷ്ദാസുമായി നുസ്രത്ത് സൗഹൃദത്തിലായതും ഇരുവര്‍ക്കും മകന്‍ ജനിച്ചതും.

Content Highlight: I am Muslim and Yash Dasgupta is Hindu, our son will be symbol of secular India says Nusrat Jahan