പുഷ്പയിലെ നായിക കഥാപാത്രമായ ശ്രീവല്ലിയെ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന് നടി ഐശ്വര്യ രാജേഷ്. തനിക്ക് ആ അവസരം ലഭിക്കുമായിരുന്നെങ്കില്‍ സ്വീകരിച്ചേനെയെന്നും അവര്‍ പറഞ്ഞു. രശ്മിക ശ്രീവല്ലിയെ നന്നായി അവതരിപ്പിച്ചുവെന്നും എന്നാല്‍ താന്‍ കൂടുതല്‍ അനുയോജ്യയാകുമായിരുന്നുവെന്നും ഐശ്വര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
‘എനിക്ക് തെലുങ്ക് ഇന്‍ഡസ്ട്രി വളരെ ഇഷ്ടമാണ്. ഇനി നല്ലൊരു തിരിച്ചുവരവ് കിട്ടുന്ന തെലുങ്ക് സിനിമ ചെയ്യണം. വിജയ് ദേവരകൊണ്ടയുടെ വേള്‍ഡ് ഫേമസ് ലവറില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അത് പ്രതീക്ഷിച്ചത് പോലെയൊരു വിജയം നേടിയില്ല.
പുഷ്പയിലെ ശ്രീവല്ലിയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ സ്വീകരിച്ചേനേ. രശ്മിക ആ കഥാപാത്രം നന്നായി അവതരിപ്പിച്ചു. എന്നാല്‍ ആ കഥാപാത്രത്തിന് കൂടുതല്‍ അനുയോജ്യ ഞാനാണ് എന്നാണ് വിശ്വസിക്കുന്നത്,’ ഐശ്വര്യ പറഞ്ഞു.
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫര്‍ഹാന എന്നിവയാണ് ഒടുവില്‍ പുറത്ത് വന്ന ഐശ്വര്യയുടെ ചിത്രങ്ങള്‍. രാജ്യമാകെ ശ്രദ്ധ നേടിയ മലയാള ചിത്രം ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണാണ് തമിഴില്‍ അതേ പേരില്‍ റീമേക്ക് ചെയ്തത്. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
നെല്‍സണ്‍ വെങ്കിടേശന്‍ സംവിധാനം ചെയ്ത ഫര്‍ഹാന മെയ് 12നാണ് റിലീസ് ചെയ്തത്. സെല്‍വരാഘവന്‍, ഐശ്വര്യ ദത്ത, ജിതന്‍ രമേശ്, അനുമോള്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: I am more suited to Srivallia than rashmika, Aishwarya Rajesh