| Sunday, 16th September 2018, 8:47 am

'ഞാന്‍ മന്ത്രിയാണ്, ഇന്ധന വില വര്‍ദ്ധനവ് എന്നെ ബാധിച്ചിട്ടില്ല': കേന്ദ്രമന്ത്രി അത്താവാലെ; സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ഇന്ധന വിലയിലുണ്ടായ വര്‍ദ്ധനവ് തന്നെ ബാധിച്ചിട്ടില്ലെന്നു തുറന്നു സമ്മതിച്ച് കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെ. താന്‍ മന്ത്രിയാണെന്നും,അതുകൊണ്ടുതന്നെ വിലക്കയറ്റം തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നുമുള്ള അത്താവാലെയുടെ പ്രസ്താവനയാണ് വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരിക്കുന്നത്.

മന്ത്രിയെന്ന നിലയില്‍ തനിക്കു ലഭിക്കുന്ന അലവന്‍സുകളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടായിരുന്നു അത്താവാലെയുടെ പ്രതികരണം. “മന്ത്രിയായതിനാല്‍ എനിക്ക് ഇന്ധനവില വര്‍ദ്ധനവിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നില്ല. മന്ത്രി പദം നഷ്ടപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും ഞാനും കഷ്ടപ്പെടേണ്ടിവരും.” ജയ്പൂരില്‍ മാധ്യമങ്ങളോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

വില വര്‍ദ്ധനവ് പൊതുജനത്തെ ഏറെ വലയ്ക്കുന്നുണ്ടെന്ന് ശരിവച്ചുകൊണ്ടായിരുന്നു അത്താവാലെയുടെ പ്രസ്താവന. ഇന്ധനവില ഉയരുമ്പോള്‍ ജനങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടുന്നുവെന്നും, വിലക്കയറ്റം പിടിച്ചു നിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: നോര്‍ക്കയുടെ വെബ്‌സൈറ്റുണ്ടാക്കാന്‍ കെ.പി.എം.ജിക്ക് നല്‍കിയത് 66 ലക്ഷം; ഉത്തരവിറങ്ങിയത് കേരളം പ്രളയത്തില്‍ മുങ്ങിയ ആഗസ്റ്റ് 17ാം തിയ്യതി

വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഉറപ്പു നല്‍കിയ അത്താവാലെ, സംസ്ഥാന സര്‍ക്കാരുകള്‍ നികുതിയിനത്തില്‍ ഇളവു വരുത്തിയാല്‍ കാര്യങ്ങള്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാമെന്നും അഭിപ്രായപ്പെട്ടു. കുതിച്ചുയരുന്ന പെട്രോള്‍-ഡീസല്‍ വില കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളുടെ ആക്കം കൂട്ടിയിരുന്നു. അതിനിടെയാണ് അത്താവാലെയുടെ പ്രതികരണവും ചര്‍ച്ചയാകുന്നത്.

ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലെത്തിയിട്ടും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്. “മിസ്റ്റര്‍ അത്താവാലെ, നിങ്ങള്‍ക്ക് ഇന്ധനം സൗജന്യമായി ലഭിക്കുന്നതല്ല, അതിന്റെ തുക ഞങ്ങളില്‍ നിന്നാണ് ഈടാക്കുന്ന”തെന്ന് ചിലര്‍ കുറിക്കുന്നു. ആറു മാസത്തിനകം താങ്കള്‍ക്ക് അധികാരം നഷ്ടമാകുമെന്നും അപ്പോള്‍ ബുദ്ധിമുട്ടനുഭവിക്കാന്‍ തയ്യാറായിക്കൊള്ളൂവെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രതികരിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more