| Friday, 8th November 2024, 12:30 pm

ഐ ആം കാതലനിലെ വിഷ്ണുവും ഗിരീഷ് എ.ഡി. യൂണിവേഴ്‌സിലെ നസ്‌ലെനും

വി. ജസ്‌ന

കുറഞ്ഞ സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകനാണ് ഗിരീഷ് എ.ഡി. തന്റെ മൂന്ന് സിനിമകളിലൂടെ തന്നെ മലയാളികളുടെ മനസില്‍ ഇടംപിടിക്കാന്‍ അദ്ദേഹത്തിന് എളുപ്പം സാധിച്ചിരുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രേമലു എന്നിവയായിരുന്നു ആ സിനിമകള്‍. ഇപ്പോള്‍ തന്റെ നാലാമത്തെ സിനിമയുമായി എത്തിയിരിക്കുകയാണ് ഗിരീഷ് എ.ഡി.

ഐ ആം കാതലനാണ് അദ്ദേഹത്തിന്റേതായി തിയേറ്ററില്‍ എത്തിയ ഏറ്റവും പുതിയ ചിത്രം. സ്‌കൂള്‍ കാലഘട്ടത്തിലെയും കോളേജിലെയും ജോലി സ്ഥലത്തെയും പ്രണയമായിരുന്നു ഗിരീഷ് എ.ഡിയുടെ മുന്‍ ചിത്രങ്ങള്‍ പറഞ്ഞിരുന്നത്.

പേര് കേള്‍ക്കുമ്പോള്‍ മുമ്പത്തെ സിനിമകള്‍ പോലെ ഐ ആം കാതലനില്‍ ഒരു പ്രണയ ചിത്രമാകുമെന്ന് തോന്നുമെങ്കിലും ടെക്‌നോ ക്രൈം ത്രില്ലര്‍ ഴോണറിലാണ് ഈ സിനിമ എത്തിയത്. ഴോണറില്‍ വ്യത്യാസമുണ്ടെങ്കിലും ഗിരീഷ് എ.ഡിയുടെ നാല് സിനിമകള്‍ക്കും ഒരു സാമ്യതയുണ്ട്. ഈ സിനിമകളിലെല്ലാം ഒരുപോലെ നസ്‌ലെന്‍ എന്ന നടനെ കാണാം.

നസ്‌ലെന്‍:

കോമഡിയുടെ ടൈമിങ്ങ് കൊണ്ടും ആളുകളെ ചിരിപ്പിക്കുന്ന കൗണ്ടറുകള്‍ കൊണ്ടും എളുപ്പത്തില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ യുവ നടനാണ് നസ്‌ലെന്‍. എപ്പോഴും തന്റെ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ് കൊണ്ട് ‘നസ്‌ലെന്‍ സിനിമകള്‍’ വിജയമാകാറുണ്ട്.

വില്ലനെ തല്ലി തോല്‍പ്പിക്കുന്ന നായകന്‍മാര്‍ക്ക് പകരം എപ്പോഴും സാധാരണക്കാരായ ചെറുപ്പക്കാര്‍ക്ക് ഏറ്റവും നന്നായി റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന നായകനാകും നസ്‌ലെന്റേത്.

ഒന്നെങ്കില്‍ ഉഴപ്പനായ വിദ്യാര്‍ത്ഥിയുടെയോ അല്ലെങ്കില്‍ പ്രണയം പറയാന്‍ മടിക്കുന്ന ചെറുപ്പക്കാരന്റെയോ കഥാപാത്രമാകും നസ്‌ലെന്റേത്.

നമുക്ക് ചുറ്റും സാധാരണയായി കാണാറുള്ള ചെറുപ്പക്കാര്‍ കടന്ന് പോകുന്ന അതേ മാനസികാവസ്ഥയിലൂടെ കടന്ന് പോകുന്ന കഥാപാത്രങ്ങളാകും നടന്റേത്. അതുകൊണ്ട് തന്നെയാണ് നസ്‌ലെന്റെ സിനിമകള്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഗിരീഷ് എ.ഡി യൂണിവേഴ്‌സിലെ നസ്‌ലെന്‍:

നസ്‌ലെനെ തനിക്ക് അഭിനയിപ്പിക്കാന്‍ കുറച്ച് കൂടെ എളുപ്പമാണെന്ന് നേരത്തെ സംവിധായകന്‍ പറഞ്ഞിരുന്നു. എന്താണോ താന്‍ പറഞ്ഞ് കൊടുത്തത് അത് കൃത്യമായി തന്നെ അവന്‍ ചെയ്തോളുമെന്നായിരുന്നു ഗിരീഷ് നസ്‌ലെനെ കുറിച്ച് പറഞ്ഞത്. അതുകൊണ്ട് തന്നെയാകും തന്റെ നാല് സിനിമകളിലും സംവിധായകന്‍ നസ്‌ലെനെ കൊണ്ടുവന്നത്. ഗിരീഷിന്റെ ഈ നാല് സിനിമകള്‍ കണ്ടാല്‍ തന്നെ നസ്‌ലെന്‍ എന്ന നടനെ കൃത്യമായി മനസിലാക്കാന്‍ സാധിക്കും.

തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ മെല്‍വിന്‍:

2019ല്‍ ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ എത്തിയ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലൂടെയാണ് നസ്‌ലെന്‍ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. മെല്‍വിന്‍ എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിട്ടാണ് നടന്‍ ആ സിനിമയില്‍ എത്തിയത്.

പ്ലസ് ടു കാലത്തെ പ്രണയം പറഞ്ഞ ഈ സിനിമയില്‍ നായകന്റെ സുഹൃത്തായാണ് എത്തിയതെങ്കിലും മെല്‍വിനെന്ന പയ്യന്‍ ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. അതിന് കാരണമായത് നസ്‌ലെന്റെ അഭിനയവും ഇടക്കുള്ള കൗണ്ടറുകളുമായിരുന്നു. യൂത്തിന് പെട്ടെന്ന് കണക്ടാവുന്ന കഥാപാത്രമായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ മെല്‍വിന്‍.

സൂപ്പര്‍ ശരണ്യയിലെ സൂപ്പറായ സംഗീത്:

ഗിരീഷ് എ.ഡിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു സൂപ്പര്‍ ശരണ്യ. സ്‌കൂള്‍ കാലഘട്ടത്തില്‍ നിന്ന് മാറി കോളേജ് കാലഘട്ടത്തിലെ പ്രണയമാണ് ഈ സിനിമയിലൂടെ സംവിധായകന്‍ പറഞ്ഞത്. അനശ്വര, മമിത ബൈജു, അര്‍ജുന്‍ അശോകന്‍ തുടങ്ങിയ താരനിര ഒന്നിച്ച ഈ സിനിമയില്‍ സംഗീത് എന്ന കഥാപാത്രമായിട്ടായിരുന്നു നസ്‌ലെന്‍ എത്തിയത്.

2022ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ശരണ്യയില്‍ ഒരു എന്‍ജിനീയറിങ് കോളേജില്‍ നടക്കുന്ന രസകരമായ സംഭവവികാസങ്ങളിലൂടെയായിരുന്നു കഥ മുന്നോട്ടുപോയത്. അതില്‍ നായികയുടെയും കൂട്ടരുടെയും കൂടെയുള്ള ഒരു കഥാപാത്രമായിരുന്നു നസ്‌ലെന്റേത്. എന്നാല്‍ എല്ലാ സിനിമകളിലെയും പോലെ നടന്റെ കൗണ്ടറുകളും ഡയലോഗ് ഡെലിവറിയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രേമലുവിലെ സച്ചിന്‍:

നസ്‌ലെന്‍ എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു പ്രേമലു. ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ എത്തിയ ഈ മൂന്നാമത്തെ സിനിമ 2024ന്റെ തുടക്കത്തിലായിരുന്നു പുറത്തിറങ്ങിയത്. ജോലി സ്ഥലത്തെ പ്രണയത്തിന്റെ പശ്ചാത്തലമാണ് പ്രേമലുവിന്റെ കഥ പറഞ്ഞത്.

ഹൈദരാബാദിലെ ഒരു കോര്‍പറേറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന റീനുവും ഗേറ്റ് കോച്ചിങ്ങിന് എത്തിയ സച്ചിനും തമ്മിലുള്ള പ്രണയമായിരുന്നു ഈ സിനിമയിലൂടെ ഗിരീഷ് ചിത്രീകരിച്ചത്. മലയാള സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പ്രേമലു.

ഐ ആം കാതലനിലെ കാതലനായ വിഷ്ണു:

പ്രേമലുവിന് മുമ്പ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രമായിരുന്നു ഐ ആം കാതലന്‍. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഈ സിനിമ റിലീസ് ചെയ്യാന്‍ വൈകുകയായിരുന്നു. മറ്റ് ഗിരീഷ് ചിത്രങ്ങള്‍ ലളിതമായ പ്രണയങ്ങള്‍ മാത്രം പറഞ്ഞപ്പോള്‍ ഐ ആം കാതലന്‍ വിഷ്ണു എന്ന ചെറുപ്പക്കാരന്റെ സാഹസികതയെ കുറിച്ചാണ് പറഞ്ഞത്.

പ്രണയവും പ്രണയ നഷ്ടവും ഈ സിനിമയില്‍ ഉണ്ടെങ്കിലും കൂടുതല്‍ പ്രാധാന്യം ഹാക്കിങ് നടത്തുന്ന നായകനും അതിന് പിന്നാലെ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ക്കുമായിരുന്നു. കാതലനില്‍ ഏറ്റവും പ്രാധാന്യം നായകന് തന്നെയായിരുന്നു. ട്വിസ്റ്റുകള്‍ക്കും ഇമോഷനും ഒരുപോലെ തന്നെ പ്രാധാന്യം കൊടുക്കുന്ന സിനിമ മുന്നോട്ട് കൊണ്ടുപോയത് നസ്‌ലെന്‍ തന്നെയായിരുന്നു. ഗിരീഷ് എ.ഡി യൂണിവേഴ്‌സിലെ എല്ലാ നസ്‌ലെന്‍ കഥാപാത്രങ്ങളെയും പോലെ തന്നെ ഒരു മികച്ച കഥാപാത്രമായിരുന്നു വിഷ്ണുവും.

Content Highlight: I Am Kathalan, Naslen In Girish AD’s Movie

വി. ജസ്‌ന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more