സിനിമാപ്രേമികള്‍ക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട ഒരു കോംമ്പോയാണ് ഗിരീഷ് എ.ഡി. – നസ്‌ലെന്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ച് ഏറ്റവും പുതുതായി തിയേറ്ററില്‍ എത്തിയ സിനിമയാണ് ഐ ആം കാതലന്‍. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രേമലു എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രമാണ് ഇത്.
പൊതുവെ ചെറുപ്പക്കാര്‍ക്ക് ഏറെ റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന സിനിമകള്‍ സമ്മാനിക്കുന്ന സംവിധായകനാണ് അദ്ദേഹം. സ്‌കൂള്‍ കാലഘട്ടത്തിലെയും കോളേജിലെയും ജോലി സ്ഥലത്തെയും പ്രണയമായിരുന്നു ഗിരീഷ് എ.ഡിയുടെ മുന്‍ ചിത്രങ്ങള്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഐ ആം കാതലനില്‍ ഇതില്‍ നിന്ന് കുറച്ചൊക്കെ വ്യത്യസ്തമായ ഒരു പ്രണയമാണ് പറഞ്ഞിരിക്കുന്നത്. പ്രണയത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും അതിനേക്കാള്‍ കൂടുതലായി പറയുന്നത് ഒരു ചെറുപ്പക്കാരന്റെ സാഹസികതയാണ്.
ബി.ടെക് പഠിച്ച് സപ്ലിയൊക്കെയായി ജോലി അന്വേഷിക്കുന്ന ഒരു ചെറുപ്പക്കാരനായ വിഷ്ണു ആയിട്ടാണ് നസ്‌ലെന്‍ ഐ ആം കാതലനില്‍ എത്തുന്നത്. വീട്ടുകാരും പ്രണയിനിയും അവനെ ഒരു ഉഴപ്പനായിട്ടാണ് കാണുന്നത്.
എന്നാല്‍ പഠനത്തില്‍ പിന്നിലാണെങ്കിലും സാങ്കേതികതയില്‍ മികച്ചു നില്‍ക്കുന്ന എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ് വിഷ്ണു. ഹാക്കിങ്ങിലെ തന്റെ കഴിവ് സുഹൃത്തിന് വേണ്ടി ഉപയോഗിക്കാന്‍ മടി കാണിക്കുന്ന അവനെ തുടക്കത്തില്‍ കാണാം.
അതിന് ശേഷം ഒരു ഘട്ടത്തില്‍ അവന് ഒരു സ്ഥാപനത്തിലെ സെര്‍വര്‍ ഹാക്ക് ചെയ്യേണ്ടി വരികയാണ്. തുടക്കത്തില്‍ ഒരു ആവേശത്തില്‍ ചെയ്യുന്നതാണെങ്കിലും പിന്നീട് കാര്യം സീരിയസാകുകയായിരുന്നു. സൈബര്‍ ത്രില്ലിങ് സ്വഭാവമുള്ള ഒരു സിനിമ തന്നെയാണ് ഐ ആം കാതലന്‍.
അതേസമയം ഹാക്കിങ്ങും അതുമായി ബന്ധപ്പെട്ട ഭാഗങ്ങളും വളരെ കൈയടക്കത്തോടെയാണ് സംവിധായകന്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ട്വിസ്റ്റുകള്‍ക്കും ഇമോഷനും ഒരുപോലെ തന്നെ പ്രാധാന്യം കൊടുക്കുന്ന സിനിമ കൂടെയാണ് ഇത്.
എന്നാല്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, പ്രേമലു സിനിമകള്‍ കണ്ട് അത്തരം ഒരു സിനിമയാകും എന്ന പ്രതീക്ഷയില്‍ പോയാല്‍ ചിലപ്പോള്‍ ചിലര്‍ക്ക് നിരാശ തോന്നിയേക്കാം. കാരണം കാതലന്‍ എന്നാണ് പേരെങ്കിലും സിനിമയില്‍ പ്രണയത്തെ കുറിച്ച് കൂടുതല്‍ പറയുന്നില്ല. മുമ്പത്തെ ഗിരീഷ് എ.ഡി. പടങ്ങളെ പോലെ ഒരുപാടങ്ങോട്ട് ചിരിക്കാനുമില്ല.
സംവിധായകന്റേതായി മുമ്പിറങ്ങിയ പ്രേമലു ഹൈദരാബാദ് പശ്ചാത്തലമാക്കിയായിരുന്നു കഥ പറഞ്ഞത്. എന്നാല്‍ ഐ ആം കാതലന്‍ കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയും പശ്ചാത്തലമാക്കിയാണ് കഥ പറയുന്നത്. ഒരു ശരാശരി മലയാളി പയ്യന്റെ കഥയാണെന്ന് വേണം പറയാന്‍. അതായത് അമാനുഷികമായ ശക്തിയോ എതിരാളികളെ തല്ലി തോല്‍പ്പിക്കുകയോ ചെയ്യാത്ത ഒരു സാധാരണക്കാരന്റെ കഥയാണ് വിഷ്ണുവിന്റേത്.
ഐ ആം കാതലന്‍ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്ന് ഗിരീഷ് എ.ഡി. ആകുമ്പോള്‍ മറ്റൊന്ന് നസ്‌ലെനാണ്. സംവിധായകന്റെ മുമ്പ് ഇറങ്ങിയ എല്ലാ സിനിമകളിലും അഭിനയിച്ചിട്ടുള്ള നടനാണ് നസ്‌ലെന്‍. തനിക്ക് എളുപ്പത്തില്‍ അഭിനയിപ്പിക്കാന്‍ സാധിക്കുന്ന നടനാണ് നസ്‌ലെന്‍ എന്ന് ഗിരീഷ് എ.ഡി. പറഞ്ഞിരുന്നു. മുമ്പത്തെ സിനിമകളിലൂടെ തന്റെ കഴിവ് തെളിയിക്കാന്‍ നസ്‌ലെന് സാധിച്ചിരുന്നു. അത്തരത്തില്‍ വളരെ കൈയടക്കത്തോടെ ഭംഗിയായി തന്നെ വിഷ്ണുവായി അഭിനയിക്കാന്‍ നസ്‌ലെന് കഴിഞ്ഞിട്ടുണ്ട്.
ഐ ആം കാതലന്റെ ഏറ്റവും വലിയ പ്രത്യേകത അതിലെ കാസ്റ്റിങ് തന്നെയായിരുന്നു. നസ്‌ലെന് പുറമെ അനിഷ്മ അനില്‍കുമാര്‍, ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി.ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം തുടങ്ങിയ മികച്ച താരനിര തന്നെയാണ് ഐ ആം കാതലനായി ഒന്നിക്കുന്നത്. എല്ലാ അഭിനേതാക്കളും അവര്‍ക്ക് കിട്ടിയ വേഷങ്ങള്‍ വളരെ മികച്ചതാക്കിയിട്ടുണ്ട്.
തന്റെ മുമ്പുള്ള സിനിമകളില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരാളുടെ തിരക്കഥയില്‍ ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദ്യ സിനിമയാണ് ഐ ആം കാതലന്‍. സജിന്‍ ചെറുകയിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സിനിമക്ക് ക്യാമറ ചലിപ്പിച്ചത് ശരണ്‍ വേലായുധനും എഡിറ്റിങ് നിര്‍വഹിച്ചത് ആകാശ് ജോസഫ് വര്‍ഗീസുമാണ്. പ്രേമലു, സൂപ്പര്‍ ശരണ്യ തുടങ്ങിയ സിനിമകള്‍ എഡിറ്റ് ചെയ്തത് ആകാശ് ജോസഫ് വര്‍ഗീസായിരുന്നു. സിദ്ധാര്‍ത്ഥ പ്രദീപായിരുന്നു ഐ ആം കാതലന്റെ സംഗീതമൊരുക്കിയത്.