ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. വോട്ടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 116 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. കേവല ഭൂരിപക്ഷം നേടുമെന്ന് വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിലടക്കം കോണ്‍ഗ്രസ് അവരുടെ ആഘോഷം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ വീഡിയോകള്‍ പങ്കുവെച്ചിരിക്കുകയാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്. ‘ ഞാന്‍ അജയ്യനാണ്, എനിക്ക് ആത്മവിശ്വാസമുണ്ട്, ഇന്നെന്നെ തടുക്കാന്‍ സാധിക്കില്ല,’ എന്ന ക്യപ്ഷനോട് കൂടി ഭാരത് ജോഡോ യാത്രയുടെ ചിത്രങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോലാറില്‍ വെച്ച് നടത്തിയ മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനാണെന്ന് സൂറത്ത് വിധിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ എം.പി. സ്ഥാനം റദ്ദാക്കുകയും ചെയ്തിരുന്നു.
ദല്‍ഹിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്.
അതേസമയം കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഷിംലയിലെ ഹനുമാന്‍ അമ്പലത്തില്‍ പ്രാര്‍ത്ഥന നടത്തുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. പ്രിയങ്ക കര്‍ണാടകയിലെയും രാജ്യത്തെയും ജനങ്ങളുടെ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
നിലവില്‍ കോണ്‍ഗ്രസ്- 116, ബി.ജെ.പി- 76, ജെ.ഡി.എസ്- 25 എന്നിങ്ങനെയാണ് വോട്ടുനില.
content highlight: ‘I am invincible; Can’t stop me today’: Rahul Gandhi’s video released in celebration