ജോധ്പൂര്‍: മതമേതെന്നു ചോദിച്ച പ്രോസിക്യൂട്ടറോടു താന്‍ ഇന്ത്യക്കാരനാണെന്നു ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. മാന്‍വേട്ട കേസില്‍ രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയില്‍ ഹാജരായപ്പോഴാണു പ്രോസിക്യൂട്ടര്‍ സല്‍മാനോടു മതം ഏതെന്നു ചോദിച്ചത്.
1998 ല്‍ സിനിമാ ചിത്രീകരണത്തിനിടെ മാനിനെ വേട്ടയാടിയെന്ന കേസിലാണ് സല്‍മാന്‍ കോടതിയില്‍ ഹാജരായത്.
നേരത്തെയും കോടതിയില്‍ ഇതേ നിലപാടാണു സല്‍മാന്‍ സ്വീകരിച്ചിരുന്നത്.
“ഞാന്‍ സല്‍മാന്‍ ഖാന്‍. ഞാന്‍ ഇന്ത്യക്കാരനാണ്” എന്നായിരുന്നു കഴിഞ്ഞവര്‍ഷം സല്‍മാന്‍ പറഞ്ഞത്.
മാന്‍വേട്ടയുമായി ബന്ധപ്പെട്ട് 65 ചോദ്യങ്ങളാണ് പ്രോസിക്യൂഷന്‍ സല്‍മാനോട് ചോദിച്ചത്. “ഞാന്‍ നിരപരാധിയാണ്. എനിക്കൊരു പങ്കുമില്ല” എന്നാണ് സല്‍മാന്‍ പറഞ്ഞത്.
“ഹം സാത്ത് സാത്ത് ഹെ” എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മാനിനെ വേട്ടയാടിയെന്നായിരുന്നു സല്‍മാനെതിരായ ആരോപണം. സല്‍മാനു പുറമേ സെയ്ഫ് ആലിഖാന്‍, തബു, സൊണാലി, നീലം തുടങ്ങിയവരും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു.
മാന്‍വേട്ടയുമായി ബന്ധപ്പെട്ട് നാലു കേസുകളാണ് സല്‍മാനെതിരെയുള്ളത്. രണ്ടു കേസുകളില്‍ കഴിഞ്ഞവര്‍ഷം രാജസ്ഥാന്‍ ഹൈക്കോടതി സല്‍മാന്‍ ഖാനെ വെറുതെ വിട്ടിരുന്നു.