| Tuesday, 26th November 2019, 7:26 pm

'താന്‍ അപ്രഖ്യാപിത തടങ്കലിലാണ്'; സ്വതന്ത്രമായി സഞ്ചരിക്കാന്‍ സംരക്ഷണം നല്‍കണമെന്നും ബിന്ദു അമ്മിണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: താന്‍ ആശുപത്രിയില്‍ അപ്രഖ്യാപിത തടങ്കിലാണെന്ന് ബിന്ദു അമ്മിണിയുടെ പരാതി.സിറ്റി പൊലീസ് കമീഷണര്‍ക്കാണ് ബിന്ദു അമ്മിണി പരാതി നല്‍കിയത്.

സ്വതന്ത്രമായി സഞ്ചരിക്കാന്‍ സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബിന്ദു പരാതി നല്‍കിയിരിക്കുന്നത്. ഇത്തവണയും ശബരിമല ദര്‍ശനത്തിനെത്തിയ തങ്ങളുടെ തീരുമാനത്തില്‍ യാതൊരു ഗൂഢാലോചനയുമില്ലെന്നും സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹരജി നല്‍കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.

ശബരിമലയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും തന്നോട് സഹായം ആവശ്യപ്പെട്ടത് കൊണ്ടാണ് തൃപ്തി ദേശായിക്ക് ഒപ്പം നിന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുഖത്ത് ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകന്‍ മുളക് സ്‌പ്രേ ചെയ്തതിനെ തുടര്‍ന്ന് ആശുപത്രിയിലാണ് ബിന്ദു അമ്മിണി. ശബരിമലയിലേക്കെത്തിയ തൃപ്തി ദേശായിയുടേയും സംഘത്തിന്റേയും വരവിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന സംശയം സര്‍ക്കാരിനുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രാവിലെ പറഞ്ഞിരുന്നു.

ഒരു ചാനല്‍ മാത്രം തൃപ്തി ദേശായിയുടെ വരവ് അറിഞ്ഞെന്നും ബിന്ദു അമ്മിണിക്കെതിരായ ആക്രമണം പോലും കൃത്യമായ ഗൂഢാലോചനയാണെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇന്ന് രാവിലെയാണ് ശബരിമല ദര്‍ശനത്തിനായി യാത്ര തിരിച്ച ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നിലായിരുന്നു സംഭവം. അയ്യപ്പ കര്‍മ്മസമിതിയുടെ പ്രവര്‍ത്തകരാണ് ആക്രമണവുമായി രംഗത്തെത്തിയത്.

കഴിഞ്ഞ മണ്ഡലകാലത്ത് ബിന്ദു അമ്മിണി ശബരിമല ദര്‍ശനം നടത്തിയിരുന്നു. ഇന്ന് നാലരയോടെയാണ് തൃപ്തി ദേശായിയും സംഘവും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. അഞ്ചംഗ സംഘമാണ് ഇവരുടെ ഒപ്പമുള്ളത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് സംഘത്തിലുള്ള മറ്റ് യുവതികള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സുരക്ഷ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്തയച്ചിരുന്നെന്നും എന്നാല്‍ ഇതിന് മറുപടി ലഭിച്ചില്ലെന്നും തൃപ്തി ദേശായി പറഞ്ഞിരുന്നു.
സുരക്ഷ ഒരുക്കിയാലും ഇല്ലെങ്കിലും ശബരിമല ദര്‍ശനം നടത്തുമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിനൊരുങ്ങിയിരുന്നു. എന്നാല്‍ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more