തിരുവനന്തപുരം: കഠ്‌വ കേസ് ഏറ്റെടുത്തതോടെ താന്‍ ചിലര്‍ക്ക് ഹിന്ദു വിരോധിയായെന്ന് കഠ്‌വ കേസ് അഭിഭാഷക ദീപിക സിങ് രാജ്‌വത്. പലരും ഏറ്റെടുക്കാന്‍ മടിച്ച കേസില്‍ ഒരു മുസ്‌ലീം കുടുംബത്തെ സഹായിക്കാന്‍ ഒരു ഹിന്ദു തന്നെ മുന്നിട്ടിറങ്ങി എന്ന കാരണത്താല്‍ ഒരു കൂട്ടം അഭിഭാഷകര്‍ തനിക്കെതിരായി തിരിഞ്ഞെന്നും ദീപിക രജാവത്ത് പറയുന്നു.
മാപ്പ് നല്‍കാന്‍ പറ്റാത്ത തെറ്റ് ഞാന്‍ ചെയ്തുവെന്നായിരുന്നു സീനിയര്‍ അഭിഭാഷകരുടെ വരെ പക്ഷം. ഹിന്ദുവായ ഞാന്‍ ഹിന്ദുക്കള്‍ക്കെതിരെ വാദിക്കാന്‍ ഇറങ്ങിയെന്ന് പറഞ്ഞായിരുന്നു അധിക്ഷേപങ്ങള്‍. അവരാണ് എന്നെ ദേശവിരോധിയാക്കി മുദ്രകുത്തിയത്. ആദ്യമൊക്കെ ഇതുകേട്ടപ്പോള്‍ ആക്രമിക്കപ്പെടുന്നതായിട്ടും മാനഭംഗം ചെയ്യപ്പെടുന്നതായിട്ടും ജീവനോടെ ചുട്ടെരിക്കുന്നതായിട്ടും ഒക്കെയാണ് തോന്നിയത്. പിന്നീട് എനിക്ക് മനസിലായി ദേശീയത എന്റെ രക്തത്തിലൂടെ ഒഴുകുന്ന വികാരമാണ്. ചുറ്റും നിന്ന് ബഹളം ഉണ്ടാക്കുന്നവര്‍ക്ക് മുന്‍പില്‍ അത് തുറന്ന് കാണിക്കേണ്ട ആവശ്യം തനിക്കില്ലെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദീപിക സിങ് പറയുന്നു.
എന്റെ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള പോരാട്ടത്തിലാണ് ഞാന്‍. അതാണ് ദേശവിരുദ്ധതയെങ്കില്‍ നിങ്ങള്‍ക്ക് എന്നെ അങ്ങനെ വിളിക്കാം. അത്തരം ആക്ഷേപങ്ങള്‍ എന്നെ തളര്‍ത്തില്ല. ശക്തികൂട്ടുകയേയുള്ളൂ- ദീപിക സിങ് പറയുന്നു.
അവളെപ്പോലൊരു മകള്‍ എനിക്കുമുണ്ട്. അവളെപ്പോലെ ഒരുപാട് കുഞ്ഞുങ്ങള്‍ ഇനിയും ഈ മണ്ണില്‍ പിറക്കാനുണ്ട്. അവര്‍ക്കെല്ലാം വേണ്ടിയാണ് എന്റെ ശബ്ദം. ഒരുപക്ഷേ നാളെ അവരെന്നെ കൊന്നേക്കാം. പക്ഷേ അത് പേടിച്ച് ഈ യുദ്ധത്തില്‍ നിന്നും ഞാന്‍ പിന്മാറില്ല. ഈ നാട്ടില്‍ നീതിയില്ല എന്ന് പറഞ്ഞ് വെറുതെയിരിക്കുകയല്ല ഞാന്‍ ചെയ്യുന്നത്. പോരാടുകയാണ്- ദിപിക സിങ് പറയുന്നു.
എട്ടുവയസുമാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ഇത്ര ക്രൂരമായി പീഡിപ്പിച്ചുകൊന്നിട്ടും പലരും പ്രതികരിക്കാതിരുന്നതില്‍ മാത്രമേ അതിശയമുള്ളു. അതില്‍ എങ്ങനെയാണ് ജാതിയും മതവും കാണാന്‍ കഴിയുന്നത്. മൗനം വെടിയുക. അനീതി ചെയ്യുന്നതിനേക്കാള്‍ ഭീകരമാണ് അനീതി കണ്ടിട്ടും മിണ്ടാതിരിക്കുന്നതെന്നും ദീപിക ചോദിക്കുന്നു.
കേരളത്തെ കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് ജാതി, മതം ഇതിനൊക്കെ അപ്പുറം നിന്ന് വളരെ സെന്‍സിബിളായി ചിന്തിക്കുന്ന ആളുകളാണ് കേരളത്തിലുള്ളതെന്നായിരുന്നു ദീപിക സിങ് രാജ്‌വതിന്റെ പ്രതികരണം. കേരളത്തില്‍ നിന്നും തനിക്ക് ഒരുപാട് പിന്തുണയും ആദരവും ലഭിച്ചിട്ടുണ്ടെന്നും പല തവണ കേരളത്തില്‍ വന്നിട്ടുണ്ടെന്നും ദീപിക പറയുന്നു.