ന്യൂദല്‍ഹി: താന്‍ കോണ്‍ഗ്രസിന്റെയോ ബി.ജെ.പിയുടെയോ നിയമാവലികളല്ല, ഇന്ത്യന്‍ ഭരണഘടനയാണ് പിന്തുടരുന്നതെന്ന് ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍. ഇതില്‍ കൂടുതല്‍ വ്യക്തിപരമായ നഷ്ടങ്ങളും ഉപദ്രവങ്ങളുമുണ്ടായാലും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് കലാപത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ കൈമാറിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം ആര്‍.ബി. ശ്രീകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലാകുന്നതിന് മുന്‍പ് മാതൃഭൂമി ന്യൂസ് ലേഖകനുമായി നടത്തിയ സംഭാഷണത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇക്കഴിഞ്ഞ കാലം മുഴുവന്‍ ഭരണകൂടം കിണഞ്ഞ് ശ്രമിച്ചിട്ടും എനിക്കെതിരെ ഒരു തെളിവും കിട്ടിയിട്ടില്ല.
എന്റെ കൂറ് ഇന്ത്യന്‍ ഭരണഘടനയോട് മാത്രമാണ്. കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ നിയമാവലികളല്ല ഇന്ത്യന്‍ ഭരണഘടനയാണ് ഞാന്‍ പിന്തുടരുന്നതെന്നും. സത്യം കര്‍മ്മത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇതില്‍ കൂടുതല്‍ വ്യക്തിപരമായ നഷ്ടങ്ങളും ഉപദ്രവങ്ങളുമുണ്ടായാലും പോരാട്ടം തുടരും. എന്നാട് പല സഹപ്രവര്‍ത്തകരും ചോദിച്ചിട്ടുണ്ട്. എന്തിനാണ് നല്ലൊരു കരിയര്‍ കളഞ്ഞ് കുളിച്ച് നിങ്ങള്‍ ഇങ്ങനെ അതിശക്തരായവരോട് ഏറ്റുമുട്ടുന്നതെന്ന്. ഗുജറാത്തില്‍ കലാപത്തിന് തൊട്ടു പിന്നാലെ ഇന്റലിജന്‍സ് വിഭാഗം മേധാവിയായ ആളാണ് ഞാന്‍.
ഇന്റലിജന്‍സ് മേധാവി എന്ന് പറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ വലംകൈയ്യും മനസാക്ഷി സൂക്ഷിപ്പുകാരനുമായിരിക്കും എന്നാണ് വെയ്പ്. എന്നാല്‍ എന്റെ കൂറ് ഇന്ത്യന്‍ ഭരണഘടനയോട് മാത്രമാണ്. കോണ്‍ഗ്രസിന്റെയോ ബി.ജെ.പിയുടെയോ നിയമാവലികളല്ല ഇന്ത്യന്‍ ഭരണഘടനയാണ് ഞാന്‍ പിന്തുടരുന്നത്. സത്യം കര്‍മ്മത്തിലാണ് വളരുന്നതെന്ന ഋഷി വചനമാണ് എന്നെ നയിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ തെളിവുകള്‍ ഒന്നും കിട്ടാത്തതുകൊണ്ടാണ് ഐ.എസ്.ആര്‍.ഒ കേസ് കുത്തിപ്പൊക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
ഗുജറാത്ത് കലാപത്തെ സംബന്ദിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം ആര്‍.ബി. ശ്രീകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മാധ്യമപ്രവര്‍ത്തക ടീസ്ത സെതല്‍വാദ്, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെയും സമാന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗുജറാത്ത് വംശഹത്യകേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ ഏജന്‍സിയാണ് മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. കലാപം നടക്കുന്ന സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി.
നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം സാക്കിയ ജാഫ്രി സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് സുപ്രീം കോടതി തള്ളുകയായിരുന്നു. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യയാണ് ഹരജി നല്‍കിയ സാക്കിയ ജാഫ്രി.
മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി 2012ലെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിച്ചുവെന്നും ഇനി ഒരു പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയത്.
Content Highlight: ‘I am following the Constitution of India, not the rules of the Congress or the BJP’: RB Sreekumar