| Sunday, 14th February 2021, 4:38 pm

അസമിന്റെയും ഇന്ത്യയുടെയും സംസ്‌കാരം സംരക്ഷിക്കുന്നതില്‍ തീവ്രവാദിയെന്ന വിളി കേള്‍ക്കാനും തയ്യാറാണ്; അസം മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: ഇന്ത്യയുടെയും അസമിന്റെയും സംസ്‌കാരം സംരക്ഷിക്കുന്നതില്‍ താനൊരു തീവ്രവാദിയാണെന്ന് അസം മന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മ.

അസമിന്റെ സംസ്‌കാരത്തെ ഭിന്നിക്കാന്‍ ശ്രമിക്കുന്ന എ.ഐ.യു.ഡി.എഫ് നേതാവായ ബദറുദ്ദിന്‍ അജ്മല്‍ ആണ് സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ ശത്രുവെന്നും ഹിമന്ത് ആരോപിച്ചു.

‘ഇന്ത്യന്‍ സംസ്‌കാരവും അസമിന്റെ പാരമ്പര്യവും സംരക്ഷിക്കുന്നതിന്റെ പേരില്‍ ആരെങ്കിലും എന്നെ തീവ്രവാദിയെന്ന് വിളിച്ചാല്‍ എനിക്ക് സന്തോഷം മാത്രമേയുള്ളു. അങ്ങനെ പറയുന്നവര്‍ക്ക് ആശംസകള്‍’, ഹിമന്ത് ബിശ്വ ശര്‍മ്മ പറഞ്ഞു.

അതേസമയം എ.ഐ.യു.ഡി.എഫ് നേതാവായ ബദറുദ്ദിന്‍ അജ്മല്‍ അസമിന്റെ സംസ്‌കാരത്തെ മാത്രം സംരക്ഷിക്കാനാണ് നോക്കുന്നതെന്നും താന്‍ ഇന്ത്യയുടെ ദേശീയത തന്നെ നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ശര്‍മ്മ പറഞ്ഞു.

അസം തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രചരണം ശക്തമാക്കി ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.അസമില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചാല്‍ തേയില തൊഴിലാഴികള്‍ക്ക് വേതനം കൂട്ടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കിയിട്ടുണ്ട്. 167 രൂപയില്‍ നിന്ന് 365 രൂപയായി വേതനം ഉയര്‍ത്തുമെന്നാണ് തൊഴിലാളികള്‍ക്ക് അദ്ദേഹം നല്‍കിയ ഉറപ്പ്.

തേയില കര്‍ഷകരെ ഒപ്പം നിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പറ്റുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

ബി.ജെ.പിയും ആര്‍.എസ്.എസും കൂടി അസമിനെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. മാര്‍ച്ച് -ഏപ്രില്‍ മാസത്തിലാണ് അസമില്‍ തെരഞ്ഞെടുപ്പ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: I am extremist in protecting Indian, Assamese culture: Himanta

We use cookies to give you the best possible experience. Learn more