ചെന്നൈ: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന് വ്യക്തമാക്കി തമിഴ് ചലച്ചിത്ര താരം കമല്‍ഹാസന്‍. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് കമല്‍ ഹാസന്‍ താന്‍ രാഷ്ടീയ പ്രവേശനത്തിന് തയ്യാറെടുത്തെന്ന് വ്യക്തമാക്കിയത്.
“അത് ഉറപ്പിച്ച് കഴിഞ്ഞു, ഞാന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണ്. തമിഴ് ജനതയ്ക്കായി എനിക്ക് മുഖ്യമന്ത്രിയാകേണ്ടതുണ്ട്.” കമല്‍ ഹാസന്‍ പറഞ്ഞു. ഈ മാസം അവസാനത്തോടെ താരത്തിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് താരം തന്നെ വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്‍കിയത്.
നേരത്തെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്ന കമല്‍ഹാസന്‍ “കാവി” തന്റെ നിറമല്ലെന്ന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്നലത്തെ അഭിമുഖത്തില്‍ നിലപാടുകളില്‍ മയപ്പെടുത്തലുകളുമായാണ് താരം സംസാരിച്ചത്. “തന്റേത് എല്ലാ നിറങ്ങളെയും ഉള്‍ക്കൊള്ളുന്ന കറുപ്പാണ്. ഇതില്‍ കാവിയുമുണ്ട്” താരം പറഞ്ഞു.
തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് നിരന്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന താരം ഭരണകക്ഷിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. തമിഴ്‌നാട്ടില്‍ നൂറ് ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ താന്‍ മത്സരിക്കാന്‍ തയ്യാറാണെന്നും താരം വ്യക്തമാക്കി.
രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും താരം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയത്.