| Friday, 13th July 2018, 11:06 pm

എടോ വിഡ്ഢീ, ഞാനൊരു കമ്മ്യൂണിസ്റ്റാണ്; ബ്രിട്ടണിലെ ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകനോട് മാധ്യമ പ്രവര്‍ത്തക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബ്രിട്ടണ്‍ സന്ദര്‍ശനത്തെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകനെ വിഡ്ഢിയെന്ന് വിളിച്ച് മാധ്യമ പ്രവര്‍ത്തക ആഷ് സര്‍കാര്‍. ട്രംപിനെ എതിര്‍ക്കുന്നതിന്റെ പേരില്‍ ഒബാമയുടെ ആരാധികയെന്ന് ആവര്‍ത്തിച്ച് പറഞ്ഞ അവതാരകനോടാണ് “എടോ വിഡ്ഢീ, ഞാനൊരു കമ്മ്യൂണിസ്റ്റാണ്” എന്ന് ആഷ് സര്‍ക്കാര്‍ തുറന്നടിച്ചത്.

ബ്രിട്ടീഷ് ചാനലായ ഐ.ടി.വി ചാനലില്‍ പിയേഴ്സ് മോര്‍ഗന്‍ അവതരിപ്പിക്കുന്ന “ഗുഡ് മോണിംഗ് ബ്രിട്ടണ്‍” എന്ന ഷോയ്ക്കിടെയായിരുന്നു ചാനല്‍ അവതാരകനെ രൂക്ഷമായ ഭാഷയില്‍ മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ആഷ് സര്‍ക്കാര്‍ വിമര്‍ശിച്ചത്.


Read Also : “രാമായണമാസം ആചരിക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം”; സംസ്‌കൃതസംഘം പ്രതിനിധി തിലകരാജ് സംസാരിക്കുന്നു


മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസം ബ്രിട്ടണിലെത്തിയ ഡൊണാള്‍ഡ് ട്രംപിന് വിമാനത്താവളത്തില്‍ പറന്നിറങ്ങിയത് മുതല്‍ പോകുന്നിടത്തെല്ലാം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ട്രംപിന്റെ പര്യടനവും ട്രംപിന് നേരെ ഉയരുന്ന പ്രതിഷേധവുമായിരുന്നു ചാനല്‍ ചര്‍ച്ച ചെയ്തത്.

Image result for trump-in-london

ബ്രിട്ടണിലെ മാധ്യമപ്രവര്‍ത്തകയും ട്രംപ് വിരുദ്ധ പ്രക്ഷോഭകയുമായ ആഷ് സര്‍ക്കാരിനെയും ചര്‍ച്ചയില്‍ ക്ഷണിച്ചിരുന്നു. ട്രംപ് വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രാധാന്യവും പ്രക്ഷോഭത്തില്‍ എന്തുകൊണ്ട് താന്‍ പങ്കെടുക്കുന്നുവെന്നും വിശദീകരിക്കുകയായിരുന്നു ആഷ്. എന്നാല്‍ ട്രംപ് അനുകൂലിയായ അവതാരകന്‍ പിയേഴ്സ് മോര്‍ഗന്‍ പ്രതിഷേധക്കാര്‍ക്കെതിരെ ആക്രോശിക്കുന്നുണ്ടായിരുന്നു.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ യു.കെ സന്ദര്‍ശിച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ എതിര്‍ത്തില്ലെന്നും നിങ്ങളുടെ “ഹീറോ” ഒബാമയ്ക്കെതിരെ എന്തുകൊണ്ട് പ്രതിഷേധിച്ചില്ലെന്നും അവതാരകന്‍ ആഷിനോട് ചോദിച്ചു. എന്നാല്‍ ഒബാമ തന്റെ ഹീറോ അല്ലെന്നും താനൊരു കമ്യൂണിസ്റ്റ് ആണെന്നുമായിരുന്നു ആഷിന്റെ മറുപടി.

“എടോ വിഡ്ഢീ, ഞാനൊരു കമ്മ്യൂണിസ്റ്റാണ്. ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍, നിങ്ങളുടെ കഴിവില്ലായ്മ മറയ്ക്കാന്‍ നിങ്ങള്‍ ചാനല്‍ ഡസ്‌ക് ഉപയോഗിക്കുകയാണ്. ഞങ്ങള്‍ ഉന്നയിക്കുന്ന യഥാര്‍ത്ഥവിഷയങ്ങളില്‍ നിന്നും ഒഴിവായി നിങ്ങളുടെ വാക്കുകള്‍ ഞങ്ങളുടെ വായിലേക്ക് തള്ളുകയാണ്. ഞാന്‍ ഒബാമയുടെ വിമര്‍ശകയാണ്, ഡെമോക്രാറ്റിക് പാര്‍ടിയുടെ വിമര്‍ശകയാണ്. കാരണം ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ കമ്യൂണിസ്റ്റാണ്”-ആഷ് സര്‍കാര്‍ പറഞ്ഞു.

Image result for balloon-protest-against-trump-in-london

“നൊവാര മീഡിയ” എന്ന മാധ്യമത്തിന്റെ സീനിയര്‍ എഡിറ്ററായ ആഷ് സര്‍കാര്‍ ബ്രിട്ടണിലെ ലേബര്‍ പാര്‍ടി പ്രവര്‍ത്തകയും പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിന്റെ അനുയായിയുമാണ്.

ബ്രിട്ടനില്‍ ഒരു അമേരിക്കന്‍ പ്രസിഡന്റിനും നേരിടാത്തത്രയും വലിയ പ്രതിഷേധമാണ് ട്രംപ് നേരിടുന്നത്. പ്രസിഡന്റ് പോകുന്നിടത്തും തങ്ങുന്നിടത്തുമെല്ലാം പ്രതിഷേധിക്കാനിറങ്ങിയിരിക്കുന്നത് ലക്ഷക്കണക്കിന് പേരാണ്. ഇവര്‍ ഒരുക്കിയ കൂറ്റന്‍ “കോമാളി ബലൂണ്‍ ട്രംപാണ്” ഇപ്പോള്‍ ബ്രിട്ടനിലെങ്ങും ചര്‍ച്ചാവിഷയം.

ബ്രസല്‍സിലെ നാറ്റോ ഉച്ചകോടിക്കുശേഷം മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ ഉച്ച കഴിഞ്ഞാണ് ട്രംപ് ലണ്ടനിലെത്തിയത്. പ്രസിഡന്റായ ശേഷമുള്ള ട്രംപിന്റെ ആദ്യത്തെ ബ്രിട്ടിഷ് സന്ദര്‍ശനമാണിത്.

പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിനും ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും പ്രസിഡന്റ് ട്രംപിന്റെ സന്ദശനത്തോട് പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് പ്രതിഷേധക്കാര്‍ക്ക് കരുത്താകുന്നത്. പ്രസിഡന്റാകുന്നതിനു മുമ്പും അതിനുശേഷവും നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളും പരസ്യമായ ബ്രക്‌സിറ്റ് അനുകൂല നിലപാടുകളുമാണ് ട്രംപിന് ബ്രിട്ടനില്‍ ഏറെ ശത്രുക്കളുണ്ടാകാന്‍ കാരണം.

We use cookies to give you the best possible experience. Learn more