|

'ഞാന്‍ അമിത് ഷായുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നത്'; സുകേഷ്, നടി ജാക്വിലിനുമായി സൗഹൃദമുണ്ടാക്കിയത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന പേരില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: 200 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ പ്രതി സുകേഷ് ചന്ദ്രശേഖര്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസുമായി സൗഹൃദം സ്ഥാപിച്ചത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന പേരില്‍.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് ജാക്വിലിനുമായി സുകേഷ് സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചതെന്നാണ് ഇ.ഡി പറയുന്നത്.

ജാക്വിലിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാന്‍ മുത്തത്തിലുമായി 2020 ഡിസംബര്‍ മുതല്‍ സുകേഷ് ഫോണിലൂടെ ബന്ധപ്പെടുന്നുണ്ട്. അന്നെല്ലാം താന്‍ അമിത് ഷായുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്നാണ് സുകേഷ് പറഞ്ഞിരുന്നത്.

മാത്രമല്ല താന്‍ ജയലളിതയുടെ കുടുംബത്തില്‍ നിന്നുള്ളയാളാണെന്നും സണ്‍ ടി.വിയുടെ ഉടമസ്ഥാനാണെന്നും ഇയാള്‍ ജാക്വിലിനെ വിശ്വസിപ്പിച്ചിരുന്നു.

ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നിരവധി ചിത്രങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്നും അവയില്‍ നായികയാക്കാമെന്നും സുകേഷ് നടിക്ക് വാഗ്ദാനം നല്‍കിയതായും ഇ.ഡി കണ്ടെത്തി.

സുകേഷുമായുള്ള ജാക്വിലിന്‍ ഫെര്‍ണാണ്ടിന്റെ സ്വകാര്യചിത്രം പുറത്തുവന്നതിനു പിന്നാലെ നടിയെ ഇ.ഡി ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ചെന്നൈയില്‍ വച്ച് ഇരുവരും പലതവണ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.

ശേഖര്‍ രത്‌നവേല എന്ന പേരിലാണ് സുകേഷ് ജാക്വിലിനുമായി അടുക്കാന്‍ ശ്രമിച്ചത്.

52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേര്‍ഷ്യന്‍ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് സുകേഷ് നടിക്കു നല്‍കിയത്.

2021 ഫെബ്രുവരി മുതല്‍ ആഗസ്റ്റ് ഏഴിന് ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യും വരെ സുകേഷുമായി നടി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നു.

വായ്പാ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദറിന്റെ ഭാര്യയില്‍നിന്നു 200 കോടി രൂപ തട്ടിയെടുത്ത കേസിലാണ് സുകേഷും പങ്കാളിയും നടിയുമായ ലീന മരിയ പോളും കഴിഞ്ഞ ആഗസ്റ്റില്‍ അറസ്റ്റിലായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: I am calling from Amit Shah’s office’: How conman Sukesh befriended Jacqueline Fernandez