| Tuesday, 14th November 2023, 1:25 pm

സംസ്ഥാന അവാര്‍ഡിന് ശേഷം പടമൊന്നുമില്ലാതെ വീട്ടിലിരിക്കുകയാണ്, വെച്ചടി വെച്ചടി കയറ്റമായിരിക്കുമെന്ന് കരുതിയ എനിക്ക് തെറ്റി: വിന്‍സി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് കടന്നെത്തിയ നടിയാണ് വിന്‍സി അലോഷ്യസ്. ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളികളുടെ പ്രിയതാരമായി മാറാന്‍ വിന്‍സിക്കായി.

വികൃതി എന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ച വിന്‍സി, ഭീമന്റെ വഴി, ജന ഗണ മന, കനകം കാമിനി കലഹം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി. രേഖ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം കൂടി നേടി സിനിമയിലെ തന്റെ ഇരിപ്പിടം ഉറപ്പിച്ചു കഴിഞ്ഞു.

സംസ്ഥാന പുരസ്‌കാരം ഒരു തരത്തിലും തന്റെ കരിയറില്‍ മാറ്റം വരുത്തിയിട്ടില്ലെന്നാണ് വിന്‍സി പറയുന്നത്. പുരസ്‌കാരം ലഭിച്ചതോടെ ഇനി സിനിമയില്‍ വലിയ തിരക്കാകുമെന്നും വെച്ചടി വെച്ചടി കയറ്റമായിരിക്കുമെന്നും കരുതിയ തനിക്ക് തെറ്റിയെന്നും ഇപ്പോഴും സിനിമയൊന്നുമില്ലാതെ താന്‍ വീട്ടിലിരിപ്പാണെന്നുമാണ് വിന്‍സി പറയുന്നത്. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഭാവി സുരക്ഷിതമാണ് എന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് ഒരു ഭയമില്ലെന്നും എന്തിനും ഓക്കെയാണെന്നും പടങ്ങളൊന്നുമില്ലെങ്കിലും ജീവിച്ചുപോകുമെന്നുമായിരുന്നു വിന്‍സിയുടെ മറുപടി.

‘ ഞാന്‍ വിചാരിച്ചിരുന്നത് അവാര്‍ഡ് കിട്ടി, ഇനി വെച്ചടി വെച്ചടി കയറ്റമായിരിക്കുമെന്നാണ്. നിന്ന് തിരിയാന്‍ സമയമുണ്ടാകില്ലെന്നും തുടരെ പടങ്ങള്‍ വരും എന്നൊക്കെയായിരുന്നു. എന്നാല്‍ റിയാലിറ്റി എന്താണെന്ന് വെച്ചാല്‍ ഞാന്‍ ഇപ്പോഴും ഒരു പടം പോലുമില്ലാതെ വീട്ടിലിരിക്കുകയാണ്.

വരുന്നത് ഭയങ്കര ലിമിറ്റഡാണ്. നമ്മള്‍ ഒടുക്കത്തെ സെലക്ടീവ് ആകുന്നതുകൊണ്ട് ഒന്നും കിട്ടുന്നുമില്ല. പക്ഷേ കുഴപ്പമില്ല. ഇതില്‍ പോകട്ടെ. കൃത്യമായ സമയത്ത് കൃത്യമായ കാര്യങ്ങള്‍ സംഭവിക്കുമെന്ന ആത്മവിശ്വാസം ഉള്ളതുകൊണ്ട് ഞാന്‍ നിന്ന് പോകുന്നു.

വരും. വരുന്നത് ചെയ്യും. ഇനിയിപ്പോള്‍ ഫീല്‍ഡ് ഔട്ട് ആകുകയാണെങ്കിലും ഞാന്‍ ഹാപ്പിയാണ്. ഇത് ഞാന്‍ ഡാര്‍ക്ക് ആക്കി പറഞ്ഞതല്ല. അങ്ങനെ എക്‌സ്ട്രീം വരെ പോകുകയാണെങ്കിലും ഞാന്‍ ഓക്കെയാണ്,’ വിന്‍സി പറഞ്ഞു.

Content Highlight: I am at home without a Movie after the state award Says  Actress Vincy Alocious

We use cookies to give you the best possible experience. Learn more