ഷാജഹാന്‍പുര്‍: താന്‍ ചെയ്തതോര്‍ത്ത് ഇപ്പോള്‍ ലജ്ജിക്കുന്നതായി ലൈംഗികാക്രമണക്കേസില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ്. തെളിവായി ആരോപണം നടത്തിയ വിദ്യാര്‍ഥിനി സമര്‍പ്പിച്ച വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണ സംഘം കാണിച്ചപ്പോഴായിരുന്നു അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
എന്നാല്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ആക്രമിച്ചോ എന്ന ചോദ്യത്തിന് ഉണ്ടെന്നോ ഇല്ലെന്നോയുള്ള ഉത്തരം അദ്ദേഹം നല്‍കിയില്ല. ഇപ്പോള്‍ നിങ്ങള്‍ ‘എല്ലാം കണ്ടുകഴിഞ്ഞല്ലോ. ഇതില്‍ക്കൂടുതല്‍ ഞാനെന്തു പറയാനാണ്. ഞാന്‍ ചെയ്തതോര്‍ത്ത് ഞാന്‍ തന്നെ ലജ്ജിക്കുന്നു’- എന്നായിരുന്നു അദ്ദേഹം മറുപടിയായി പറഞ്ഞത്.
പെണ്‍കുട്ടി ഉന്നയിച്ച ആരോപണളെല്ലാം സമ്മതിച്ചതുകൊണ്ടാണ് അദ്ദേഹത്തെ ലൈംഗികാക്രമണക്കുറ്റത്തിന് അറസ്റ്റ് ചെയ്തതെന്ന് ഐ.ജി നവീന്‍ അറോറ ‘ദ പ്രിന്റി’നോട് പറഞ്ഞു.
ചിന്മയാനന്ദും പെണ്‍കുട്ടിയും തമ്മിലുള്ള 230 ഫോണ്‍കോളുകളുടെ റെക്കോഡും പൊലീസിന്റെ കൈവശമുണ്ട്.
പെണ്‍കുട്ടി 43 ഭാഗങ്ങളായി നല്‍കിയ ഏഴോ എട്ടോ വീഡിയോകള്‍ സത്യസന്ധവും ആധികാരികവുമാണെന്നും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതില്‍ ഫൊറന്‍സിക് പരിശോധന നടത്തിയിരുന്നു.
അന്വേഷണത്തില്‍ അവ നിര്‍ണായകമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇങ്ങനെ വീഡിയോകള്‍ ഇല്ലെന്നായിരുന്നു ചിന്മയാനന്ദും അദ്ദേഹത്തിന്റെ അഭിഭാഷകനും നേരത്തേ വാദിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വെള്ളിയാഴ്ച രാവിലെയാണ് ചിന്മയാനന്ദിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് 14 ദിവസത്തേക്ക് ജില്ലാ ജയിലിലേക്ക് അയച്ചിരുന്നു.
ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്നു വാങ്ങിയ ക്യാമറ ഉപയോഗിച്ചാണ് ചിന്മയാനന്ദിനെതിരെ തെളിവുകള്‍ പെണ്‍കുട്ടിയുണ്ടാക്കിയതെന്ന് ‘ദ പ്രിന്റ്’ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഓരോ ദൃശ്യത്തിനും 10-12 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള വീഡിയോകളാണിത്.
വീഡിയോകള്‍ കാണിച്ചശേഷം സത്യമാണെന്നു സമ്മതിച്ച ചിന്മയാനന്ദ്, പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടി ചിന്മയാനന്ദിന് മസ്സാജ് ചെയ്യുന്നതായാണ് വീഡിയോയില്‍ കാണുന്നത്. അതിനിടെ മോശമായ കാര്യങ്ങള്‍ അദ്ദേഹം പെണ്‍കുട്ടിയോട് പറയുന്നുമുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തന്റെ സ്വകാര്യഭാഗങ്ങളില്‍ മസ്സാജ് ചെയ്യണമെന്നാവശ്യപ്പെട്ട ചിന്മയാനന്ദ്, അങ്ങനെ ചെയ്തില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്നോടൊപ്പം ഒമ്പതുമാസം നില്‍ക്കണമെന്നാണ് ചിന്മയാനന്ദ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടത്.
ഭൂരിഭാഗം ആളുകള്‍ക്കും പ്രവേശനമില്ലാത്ത ആശ്രമത്തിലെ ഒരു മുറിയിലാണ് ഇക്കാര്യങ്ങള്‍ നടന്നത്. പെണ്‍കുട്ടിക്ക് ചിന്മയാനന്ദ് പണവും ജോലിയും ഒരു ഹോസ്റ്റല്‍ മുറിയും വാഗ്ദാനം ചെയ്തിരുന്നു. ഓരോ സെമസ്റ്ററിനും 25,000 രൂപ വീതമാണ് വാഗ്ദാനം ചെയ്തത്.
വിസ്സമതിച്ചപ്പോള്‍ കുടുംബത്തെ ഒന്നാകെ കൊല്ലുമെന്നായി ഭീഷണി. ഇക്കാര്യങ്ങളൊക്കെയും വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്.
കൂടുതല്‍ വിദ്യാര്‍ഥിനികളെ ഇത്തരത്തില്‍ ചിന്മയാനന്ദ് വിളിച്ചുവരുത്തിയതായി വീഡിയോദൃശ്യങ്ങളില്‍ നിന്നു തെളിഞ്ഞിട്ടുണ്ട്. പക്ഷേ ആരും പരാതി നല്‍കിയിട്ടില്ല. ചിന്മയാനന്ദ് തന്നെ ചിലരുടെ പേരെടുത്ത് കുറ്റസ്സമ്മതം നടത്തിയിട്ടുണ്ട്.