പ്രതിഫല കുടിശിക നല്‍കാത്തത്തിനെ തുടര്‍ന്ന് ഇന്റീരിയര്‍ ഡിസൈനര്‍ ആത്മഹത്യ ചെയ്ത കേസില്‍ നവംബര്‍ നാലിന് മഹാരാഷ്ട്ര പൊലീസ് റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റു ചെയ്തിരുന്നു.
കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ബോര്‍ഡ് മെമ്പറും ഇന്റീരിയര്‍ ഡിസൈനനറുമായ അന്‍വയ് നായിക്കിനെയും അമ്മ കുമുദ് നായിക്കിനെയും 2018 മെയിലാണ് വീടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പില്‍ മരണത്തിനുത്തരവാദികളിലൊരാള്‍ അര്‍ണബ് ഗോസ്വാമിയാണെന്ന് കുമുദ് എഴുതിവെച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു.
തെളിവുകളുടെ അഭാവത്തില്‍ പൊലീസ് 2019ല്‍ കേസന്വേഷണം അവസാനിപ്പിച്ചെങ്കിലും നായിക്കിന്റെ കുടുംബം തൃപ്തരായിരുന്നില്ല. തുടര്‍ന്ന് 2020 മെയ് മാസത്തിലാണ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രാലയം കുറ്റാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിടുന്നത്.
അന്‍വയുടെ മകളും ആര്‍ക്കിടെക്റ്റുമായ ആയ അദന്യ നായിക് തന്റെ അച്ഛനും അര്‍ണബ് ഗോസ്വാമിയുമായുള്ള ഇടപാടുകളെ കുറിച്ചും കേസന്വേഷണവുമായി മുന്നോട്ട് പോകുന്ന ഘട്ടത്തില്‍ കുടുംബം നേരിടുന്ന ഭീഷണികളെക്കുറിച്ചും കാരവന്‍ റിപ്പോര്‍ട്ടര്‍ ആതിര കോനിക്കരയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയാണ്.
എപ്പോഴാണ് കൊണ്‍കോര്‍ഡ് ഡിസൈന്‍സിന് റിപ്പബ്ലിക്ക് ടി.വി സ്റ്റുഡിയോയുമായി ബന്ധപ്പെട്ട കോണ്‍ട്രാക്റ്റ് ലഭിക്കുന്നത്? എങ്ങിനെയാണ് അര്‍ണബ് ഗോസ്വാമിയുമായുള്ള തര്‍ക്കം തുടങ്ങുന്നത്?
2016 ലാണ് ഞങ്ങള്‍ക്ക് കരാര്‍ ലഭിക്കുന്നത്. 6.4 കോടി രൂപയ്ക്കു മുകളിലുള്ളതായിരുന്നു കരാര്‍. ഇത് കൃത്യമായി ചെയ്ത് നല്‍കുകയും ചെയ്തു. പക്ഷേ പ്രോജക്റ്റ് നടന്നു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ പോലും അദ്ദേഹത്തിന്റെയും, ഭാര്യയുടെയും മറ്റു പലരുടെയും താത്പര്യത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. അവസാന നിമിഷത്തിലാണ് പല മാറ്റങ്ങളും പറഞ്ഞത് പോലും. ഇവയെല്ലാം ചെയ്ത് കൊടുക്കാന്‍ അച്ഛന്‍ നിര്‍ബന്ധിതനാകുകയും ചെയ്തു. പക്ഷേ അച്ഛന്‍ എല്ലായ്‌പ്പോഴും സമ്മര്‍ദ്ദത്തിലായിരുന്നു. നിങ്ങള്‍ എന്തൊക്കെ ചെയ്താലും നിങ്ങള്‍ക്ക് പണം ലഭിക്കില്ലെന്നും അര്‍ണബ് അച്ഛനോട് പറഞ്ഞിരുന്നു.
എപ്പോഴാണ് കുടിശ്ശിക പണം തരാന്‍ ഗോസ്വാമി വിസമ്മതിച്ച് തുടങ്ങിയത്
എന്റെ അച്ഛന്‍ ജീവിച്ചിരിക്കുന്ന സമയത്ത്, അതായത് അര്‍ണബ് ഏല്‍പ്പിച്ച ജോലി നടന്നുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. പ്രതിഫലം ചോദിക്കുമ്പോഴെല്ലാം ”ഞാന്‍ അര്‍ണബാണ്, എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് കാണിച്ചു തരാം”, ”നീ ഒരു മഹാരാഷ്ട്രക്കാരനായതുകൊണ്ടും, മഹാരാഷ്ട്രയില്‍ തന്നെ നില്‍ക്കുന്നത് കൊണ്ടും എന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ല”, എന്നെല്ലാം അര്‍ണബ് പറയാറുണ്ടായിരുന്നു.
ഈ സമയത്ത് പൊലീസില്‍ പരാതി കൊടുക്കണമെന്ന രീതിയില്‍ ഞങ്ങളുടെ വീട്ടിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നു.പക്ഷേ അച്ഛന് നല്ല ഭയമുണ്ടായിരുന്നു. ”വേണ്ട അയാളെന്നെ ഇപ്പോള്‍ തന്നെ ഭയപ്പെടുത്തുകയാണ് അതുകൊണ്ട് വേണ്ട” എന്നായിരുന്നു അച്ഛന്‍ അന്ന് പറഞ്ഞിരുന്നത്. നിന്റെയും മകളുടെയും ജോലി തന്നെ ഇല്ലാതാക്കുമെന്നെല്ലാം അയാള്‍ പറയാറുണ്ടായിരുന്നു. ഞാനും ഒരു ആര്‍ക്കിടെക്ടറ്റാണ്. അച്ഛനെ അക്കാലത്ത് സഹായിക്കുന്നുണ്ടായിരുന്നു. മാത്രവുമല്ല അന്ന് എന്റെ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഞാനവിടെ ജോലിയും ചെയ്യുന്നുണ്ടായിരുന്നു.
സ്റ്റുഡിയോയ്ക്ക് വേണ്ടി എന്തെല്ലാം മാറ്റങ്ങളാണ് അവസാന നിമിഷം അര്‍ണബ് പറഞ്ഞത്?
ഒരുപാട് മാറ്റങ്ങള്‍ പറഞ്ഞിരുന്നു. അയാള്‍ക്ക് കലാപരമായി ഒന്ന് ഇഷ്ടമായില്ലെങ്കില്‍ മറ്റെന്തെങ്കിലും ആവശ്യപ്പെടും. ചെയ്ത ജോലിയില്‍ നിന്ന് എന്തെങ്കിലും മാറ്റം വരുത്തുകയാണെങ്കില്‍ ചിലവിലും വലിയ മാറ്റമാണുണ്ടാകുക. മാത്രവുമല്ല അതിന് ആവശ്യമായ ആളുകളെ എത്തിക്കുകയും വേണം.
തുടക്കം മുതല്‍ ഇത് തന്നൊയായിരുന്നു അവസ്ഥ, അയാള്‍ക്ക് പൈസ തരാന്‍ താത്പര്യമേ ഉണ്ടായിരുന്നില്ല. അയാള്‍ക്ക് പണം തരാന്‍ ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ അത് എത്രയോ മുന്‍പേ തന്നേനെ. ഇതേ സമയത്ത് ഫെറോസ് ഷായിക്കുമായും, നിതീഷ് സര്‍ദയുമായുള്ള പ്രൊജക്ടുകളും മുന്നോട്ടു പോകുന്നുണ്ടായിരുന്നു. (ആത്മഹത്യകുറിപ്പ് പ്രകാരം ഇവരിരുവരും നാലു കോടി രൂപയും 55 ലക്ഷവും നായിക്കിന് കൊടുക്കാനുണ്ടായിരുന്നു ഗോസ്വാമി അറസ്റ്റിലായ കേസില്‍ അന്വേഷണം നേരിടുന്നവരാണ് ഇവരിരുവരും)
83 ലക്ഷത്തിലധികം രൂപയാണ് ഗോസ്വാമി അച്ഛന് കൊടുക്കാനുണ്ടായിരുന്നത്. അത് തന്നെ അച്ഛന്‍ ഒരുപാട് പറഞ്ഞ് കരഞ്ഞതിന് ശേഷം 83 ലക്ഷമായി കുറച്ചു നല്‍കിയതാണ്. നിങ്ങളുടെ കയ്യില്‍ നിന്ന് ആരെങ്കിലും 25,000 രൂപ വാങ്ങി തിരിച്ചു നല്‍കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ നിങ്ങള്‍ പറയില്ലേ 25000 ഇല്ലെങ്കില്‍ ഒരു 15,000മെങ്കിലും തരാന്‍.
അര്‍ണബില്‍ നിന്നും പണം ലഭിക്കാന്‍ നിങ്ങള്‍ക്ക് വിട്ടുവീഴ്ച്ച ചെയ്യേണ്ടി വന്നുവെന്നാണോ പറയുന്നത്?
അതെ 1.2 കോടി ഉണ്ടായിരുന്നിടത്ത് നിന്ന് അത് 83 ലക്ഷമായി കുറച്ചു. പക്ഷേ അത് പോലും അയാള്‍ തന്നില്ല. എന്തു നാണം കെട്ട രീതിയാണിത്.
എത്രനാള്‍ ഈ തര്‍ക്കം തുടര്‍ന്നു പോന്നു?
2016 ഡിസംബറിലാണ് പ്രൊജക്ട് തുടങ്ങിയത്. 2017 ഏപ്രിലിലോ മാര്‍ച്ചിലോ പ്രൊജക്ട് ഞങ്ങള്‍ തീര്‍ത്തു നല്‍കുകയും ചെയ്തു. ഒരു വര്‍ഷത്തിലധികം ചെയ്ത പണിയുടെ തുക ചോദിച്ച് അയാളുടെ പിറകില്‍ ഞങ്ങള്‍ നടന്നു. പക്ഷേ അദ്ദേഹം പണം തന്നില്ല.
ബാക്കി പണം തരാന്‍ ആവശ്യപ്പെട്ട് താങ്കളുടെ അച്ഛന്‍ അര്‍ണബ് ഗോസ്വാമിക്ക് ഇ-മെയില്‍ അയച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നല്ലോ?
തീര്‍ച്ചയായും. അക്ഷരാര്‍ത്ഥത്തില്‍ അയാളോട് യാചിക്കുകയായിരുന്നു അച്ഛന്‍.” എന്റെ ജീവിതത്തിനും മരണത്തിനുമിടയിലുള്ള ചോദ്യമാണിത്. ദയവ് ചെയ്ത് മനസിലാക്കണം” നിരവധി തവണ അച്ഛന്‍ അയാളോടിത് പറഞ്ഞു.
പ്രശ്‌നങ്ങള്‍ ഞങ്ങളുടെ കുടുംബത്തിലും എത്തിയിരുന്നു.എല്ലാവരും ഭയപ്പെട്ട് വലിയ സമ്മര്‍ദ്ദത്തിലായിരുന്നു. ശരിക്കും തകര്‍ന്നുപോകുന്ന അവസ്ഥ. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. എന്തെന്നാല്‍ ഞങ്ങള്‍ എല്ലാ വശത്തു നിന്നും പെട്ടുകിടക്കുകയായിരുന്നു. ഈ മൂന്നു പേരില്‍ നിന്നു കിട്ടാനുള്ള 5.4 കോടി രൂപ കിട്ടിയിരുന്നെങ്കില്‍ ഞങ്ങളുടെ ബിസിനസ് വീണ്ടും മുന്നോട്ട് കൊണ്ടു പോകാമായിരുന്നു.
അച്ഛന്റെ മരണശേഷം താങ്കള്‍ അലിബാഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവല്ലോ. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോയപ്പോള്‍ എന്തായിരുന്നു പൊലീസില്‍ നിന്നുള്ള സമീപനം?
പൊലീസിന് കേസിനോട് തുടക്കത്തില്‍ തന്നെ താത്പര്യമുണ്ടായിരുന്നില്ല. അര്‍ണബിന്റെ പേരു കണ്ടപ്പോള്‍ തന്നെ അവര്‍ ഭയന്നിരുന്നു. കേസന്വേഷിക്കുന്ന സുരേഷ് വരാഡേ എന്നെയും അമ്മയേയും ഭയപ്പെടുത്തിയിരുന്നു.” ഇത് ജീവന്‍വെച്ചുള്ള കളിയാണ്.
കേസില്‍ ഉള്ളതെല്ലാം വലിയ വലിയ ആളുകളാണ്, അതൊന്ന് ആലോചിച്ചു നോക്കൂ. എന്റെ ഉപദേശം കേസുമായി മുന്നോട്ട് പോകരുത് എന്ന് തന്നെയാണ”. എന്നെല്ലാം അദ്ദേഹം ഞങ്ങളോട് പറഞ്ഞു. എന്റെ ബന്ധുക്കള്‍ അദ്ദേഹത്തോട് അപേക്ഷിക്കുകയും അദ്ദേഹത്തെ ഇതിന്റെ പേരില്‍ ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീടാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് വരാഡേ പറഞ്ഞത്.
പക്ഷേ കുറ്റാരോപിതരായ മൂന്ന് പേരെയും അറസ്റ്റുചെയ്തിരുന്നില്ല. അലിബാഗിലാണ് ഞാന്‍ എന്റെ സ്റ്റേറ്റ്‌മെന്റ് നല്‍കിയത്. അര്‍ണബ് പൊലീസ് ജോയിന്റ് കമ്മീഷണറുടെ ഓഫീസില്‍ സ്റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തി.
ഞങ്ങള്‍ നോണ്‍ കൊഗ്നിസബിള്‍ പരാതിയും രജിസ്റ്റര്‍ ചെയ്തിരുന്നു. ഞങ്ങള്‍ക്ക് വധഭീഷണി ഉള്‍പ്പെടെ വരുന്നുണ്ടായിരുന്നു. ശരിക്കും അവര്‍ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പക്ഷേ എന്തുകൊണ്ട് അവരത് ചെയ്തില്ല എന്നത് എനിക്കറിയില്ല.
കഴിഞ്ഞ രണ്ട് വര്‍ഷമായി താങ്കള്‍ക്ക് നേരെ ഭീഷണികള്‍ വരുന്നുണ്ടല്ലോ?
കഴിഞ്ഞ രണ്ട് വര്‍ഷമായി നിരന്തരം ഭീഷണികള്‍ വരുന്നുണ്ട്. അത് അര്‍ണബിന് വേണ്ടിയുള്ളതാണെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ ആരാണ് വിളിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. എന്റെ ഭാഗത്ത് നിന്നു പറയുകയാണെങ്കില്‍ പൊലീസിന് നല്‍കാന്‍ കഴിയുന്ന എല്ലാവിധ വിവരങ്ങളും ഞാന്‍ കൊടുത്തിട്ടുണ്ട്. അവരുടെ ഫോണ്‍ നമ്പര്‍, വാട്‌സ്ആപ്പിലൂടെയുള്ള ഭീഷണികളുടെ വിവരങ്ങള്‍, ഞാനതെല്ലാം നല്‍കിയിട്ടുണ്ട്.
കേസന്വേഷണത്തിന്റ വിശ്വാസ്യത ചോദ്യം ചെയ്ത് അമ്മ ആദ്യത്തെ വീഡിയോ പുറത്തിറക്കുന്നതിന് മുന്‍പു തന്നെ മുര്‍ബാദില്‍ നിന്ന് ബൈക്കിലെത്തിയ ഒരു സംഘം എന്നെ ബലമായി തടഞ്ഞുവെച്ച് ഈ കേസിനെ കുറിച്ച് മിണ്ടരുതെന്ന് എന്നോട് പറഞ്ഞിരുന്നു. നിന്നെ ഞങ്ങള്‍ പിന്തുടരുന്നുണ്ടെന്നും നീ എവിടേക്കാണ് പോകുന്നത്, എവിടെയാണ് ഒൡച്ചിരിക്കുന്നത് എന്നതിനെക്കുറിച്ചെല്ലാം ഞങ്ങള്‍ക്ക് അറിയാമെന്നും അവര്‍ പറഞ്ഞു.
നമ്മള്‍ ഒരു തെറ്റും ചെയ്യാതിരിക്കുമ്പോള്‍ പോലും ഇത്തരത്തില്‍ സമ്മര്‍ദ്ദത്തിലാകുന്നത് എന്തൊരു ദുരവസ്ഥയാണ്. അതുകൊണ്ട് തന്നെ മരിക്കുന്നതിന് മുന്‍പ് ഇതിനെതിരെ ശബ്ദിച്ചു മരിക്കുന്നതല്ലേ നല്ലത്.
എന്തടിസ്ഥാനത്തിലാണ് റായ്ഗഡ് പൊലീസ് അന്വേഷണം നിര്‍ത്തുന്നത്. അവര്‍ അന്വേഷണം അവസാനിപ്പിച്ചു എന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് നല്‍കിയിരുന്നോ?
അന്വേഷണം നിര്‍ത്തിയെന്ന റിപ്പോര്‍ട്ട് 2020 മെയ് മാസത്തില്‍ മാത്രമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. അതുവരെ കേസന്വേഷണം നിര്‍ത്തിയെന്നത് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.