|

ഞാന്‍ തനിച്ചാണ്; ധൈര്യത്തോടെ പാര്‍ട്ടിയെ നയിച്ച് കഴിവ് തെളിയിച്ചു: ശിവകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഈ അഞ്ച് വര്‍ഷങ്ങളില്‍ എന്ത് സംഭവിച്ചുവെന്ന് താന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു ദിവസം അത് പുറത്ത് പറയുമെന്നും കര്‍ണാടക പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. തങ്ങളുടെ സഖ്യ സര്‍ക്കാര്‍ തകരുകയും നിരവധി എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് പോയപ്പോഴും തനിക്ക് മടുത്തില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ദല്‍ഹിയിലേക്ക് പുറപ്പെടാന്‍ സാധിക്കില്ലെന്ന് അറിയിച്ച് കൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ക്ക് 135 എം.എല്‍.എമാരെ ലഭിച്ചു. എന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന വിഷയം ഹൈക്കമാന്റിന് വിടാന്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.

കര്‍ണാടക പിടിക്കുമെന്ന് ഞാന്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഗാര്‍ഖേക്കും വാക്ക് കൊടുത്തിരുന്നു. ഞാന്‍ അത് ചെയ്തു. ഞാന്‍ വ്യക്തികളില്‍ അല്ല വിശ്വസിക്കുന്നത്. പാര്‍ട്ടിയിലാണ്. മറ്റുള്ളവരുടെ പ്രസ്താവനകള്‍ക്ക് മറുപടി പറയുന്നില്ല.

ഞാന്‍ തനിച്ചാണ്. ധൈര്യത്തോടെ പാര്‍ട്ടിയെ നയിച്ച് എന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

അതേസമയം മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ദല്‍ഹിയിലേക്ക് പുറപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല മല്ലികാര്‍ജുന്‍ ഗാര്‍ഖേക്കാണ്.

നേരത്തെ തന്നെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബസവരാജ് റായറെഡ്ഢി, കെ.എന്‍. രാജണ്ണ തുടങ്ങിയ എം.എല്‍.എമാര്‍ രംഗത്ത് വന്നിരുന്നു.

കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ഫലം വന്ന മുതല്‍ മുഖ്യമന്ത്രിയാരാകണമെന്നുള്ള പോര്‍വിളികളുമായി ഇരുവരുടെയും അണികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ എം.എല്‍.എമാരില്‍ 70 ശതമാനം പേരും സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതായാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമവായത്തിന് ഒരുക്കമാണെന്നും മുഖ്യമന്ത്രി പദം പങ്കിടാമെന്നും സിദ്ധരാമയ്യയും ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം താനും പിന്നീടുള്ള മൂന്ന് വര്‍ഷം ഡി.കെ ശിവകുമാറും മുഖ്യമന്ത്രിയാകാമെന്നാണ് അദ്ദേഹം മുന്നോട്ടുവെച്ച നിര്‍ദ്ദേശം. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണി വരെ ചര്‍ച്ചകള്‍ നീണ്ടു നിന്നത്.

content highlight: I am alone; Courageously led the party and proved its mettle: Shivakumar