തീവ്രദേശീയത അംഗീകരിക്കില്ല ; മതത്തിന്റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനോടും യോജിപ്പില്ല: ഗൗതം ഗംഭീര്‍
India
തീവ്രദേശീയത അംഗീകരിക്കില്ല ; മതത്തിന്റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനോടും യോജിപ്പില്ല: ഗൗതം ഗംഭീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th September 2019, 11:57 am

ന്യൂദല്‍ഹി: തന്നെ സംബന്ധിച്ച് ദേശീയത എന്നാല്‍ രാജ്യത്തിന്റെ വളര്‍ച്ചയും വികസനവുമാണെന്നും തീവ്രദേശീയതയെ ഒരു തരത്തിലും പ്രോത്സാപ്പിക്കില്ലെന്നും ബി.ജെ.പി നേതാവും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായിരുന്ന ഗൗതം ഗംഭീര്‍.

കശ്മീര്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും ചെറുപ്പക്കാര്‍ അവസരങ്ങള്‍ ആഗ്രഹിക്കുന്നു. തന്നെ സംബന്ധിച്ച് അവര്‍ ആഗ്രഹിക്കുന്ന അവസരങ്ങളും വളര്‍ച്ചയും വികസനവുമാണ് ദേശീയത.

തീര്‍ച്ചയായും ഞാന്‍ ദേശീയഗാനത്തെ ബഹുമാനിക്കുന്നു. ദേശീയഗാനത്തിന് വേണ്ടി 52 സെക്കന്റ് എഴുന്നേറ്റ് നില്‍ക്കുന്നത് തെറ്റാണെന്ന് കരുതുന്നില്ല. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമൂഹത്തില്‍ ധ്രുവീകരണം ഉണ്ടാക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഗൗതം ഗംഭീര്‍ പറഞ്ഞു.

മതത്തെ അടിസ്ഥാനപ്പെടുത്തി സമൂഹത്തെ ഭിന്നിപ്പിക്കുന്ന എന്തും, ആള്‍ക്കൂട്ടകൊലപാതകങ്ങളേയും അക്രമത്തേയും ഞാന്‍ എതിര്‍ക്കുന്നു.
മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ വേര്‍തിരിക്കുന്നതിനോട് ഒരു തരത്തിലും യോജിപ്പില്ല. ഞാനൊരിക്കലും ഇത് അംഗീകരിച്ചിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഒന്നാണ്, അത് എല്ലായ്‌പ്പോഴും ഒന്നായി തുടരും. ദേശീയത എല്ലായിടത്തും ഉണ്ട്, അത് നിങ്ങളുടെ രാജ്യത്തെ നിങ്ങളുടെ അമ്മയെപ്പോലെ കാണുന്നതാണ്. നിങ്ങളുടെ രാജ്യം വളരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു വികാരമാണ് ദേശീയത. തീവ്രദേശീയതയെ ഞാന്‍ ഒരു തരത്തിലും അംഗീകരിക്കുന്നില്ല. – ഗംഭീര്‍ പറഞ്ഞു.

തുടര്‍ന്നും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ താങ്കള്‍ ഇടപെട്ട് സംസാരിക്കുമോ എന്ന ചോദ്യത്തിന് എന്തുകൊണ്ട് ഇല്ല എന്നായിരുന്നു ഗൗതം ഗംഭീറിന്റെ മറുപടി.

ഞാന്‍ ആദ്യം ഒരു ഇന്ത്യക്കാരനാണ്, മതം അതിന് ശേഷം വന്ന ഒന്നാണ്. ശരിയും തെറ്റും തിരിച്ചറിഞ്ഞ് ശരിയ്‌ക്കൊപ്പം നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇവിടെ രണ്ട് തരത്തിലുള്ള ധ്രുവീകരണം ഉണ്ട് – പോസിറ്റീവും നെഗറ്റീവും. അന്ന ഹസാരെ മൂവ്‌മെന്റ്, നിര്‍ഭയ കേസിന് ശേഷം സംഭവിച്ച കാര്യങ്ങള്‍. അത് ഒരു പോസിറ്റീവ് പോളറൈസേഷന്‍ ആയിരുന്നു. അഴിമതിക്കെതിരെ പോരാടാന്‍ അന്ന ഹസാരെ നമ്മെ പഠിപ്പിച്ചു.
സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കാന്‍ നിര്‍ഭയ കേസ് നമ്മെ പഠിപ്പിച്ചു. എന്നാല്‍ സമൂഹത്തെ വിഭജിക്കുന്നതും ഭിന്നിപ്പിക്കുന്നതും നെഗറ്റീവ് ധ്രുവീകരണമാണ്, ഞാന്‍ ഒരിക്കലും അത് അംഗീകരിക്കില്ല.- ഗംഭീര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ നടക്കുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് ഉമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയുമാണെന്നും ഗംഭീര്‍ പറഞ്ഞു.

ഏറ്റവും കൂടുതല്‍ കാലം കശ്മീര്‍ ഭരിച്ച കുടുംബം എന്ന നിലയ്ക്ക് അവിടെ നടക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് അബ്ദുള്ളയുടേയും മെഹ്ബൂബ മുഫ്തിയുടേയും കടമയാണെന്നായിരുന്നു ഗൗതം ഗംഭീര്‍ പറഞ്ഞത്.

ഇരുവര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച ഒരു വ്യക്തിയാണ് ഞാന്‍. കശ്മീരിലെ യുവാക്കള്‍ക്ക് ഒരു തരത്തിലുള്ള അവസരവും ലഭിക്കുന്നില്ല എന്നത് എന്നെ വളരെയധികം വേദനിപ്പിച്ചു. അവര്‍ റോഡുകളില്‍ നിന്ന് കല്ലെറിയേണ്ടി വരുന്നു. ഏതൊരു ഇന്ത്യക്കാരനേയും ഇത് വേദനിപ്പിക്കും- ഗംഭീര്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് താനെന്നും എന്നാല്‍ ഷാഹിദ് അഫ്രീദിയുമായുള്ള ചില വഴക്കുകള്‍ വ്യക്തിപരമായിത്തീര്‍ന്നെന്നും ഗംഭീര്‍ പറഞ്ഞു.