| Thursday, 11th March 2021, 8:36 am

'ഞാന്‍ യഥാര്‍ത്ഥ വിശ്വാസി, ഒരിക്കലും മറുകണ്ടം ചാടില്ല'; സുരേന്ദ്രനല്ല, സാക്ഷാല്‍ മോദി വന്നുവിളിച്ചാലും കൂറുമാറുന്ന പ്രശ്‌നമില്ല: തോട്ടത്തില്‍ രവീന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: താന്‍ യഥാര്‍ഥവിശ്വാസിയാണെന്നും താന്‍ ഒരിക്കലും കൂറ് മാറി മറുകണ്ടം ചാടില്ലെന്നും കോഴിക്കോട് നോര്‍ത്ത് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മേയറുമായ തോട്ടത്തില്‍ രവീന്ദ്രന്‍.

ജയിച്ച് കഴിഞ്ഞാല്‍ താന്‍ മറുകണ്ടം ചാടും എന്നൊരു പ്രചാരണം സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്നുണ്ടെന്നും യഥാര്‍ഥവിശ്വാസിക്ക് വിശ്വാസത്തെ ചതിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുരേന്ദ്രനല്ല, സാക്ഷാല്‍ മോദി വന്നുവിളിച്ചാലും കൂറുമാറുന്ന പ്രശ്‌നമില്ലെന്നും അത്തരം പ്രലോഭനങ്ങളില്‍ വീണുപോകുന്ന ആളല്ല താനെന്നും തന്നെ അറിയാവുന്നവര്‍ക്കെല്ലാം അറിയാമെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.

താന്‍ കഴിഞ്ഞ 50 വര്‍ഷമായി സി.പി.ഐ.എമ്മിലുണ്ട്. പല പ്രധാനപ്പെട്ട ചുമതലകളും പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്ഥാനാര്‍ഥിയാക്കിയത് കൊണ്ടാണ് ജയിച്ചാല്‍ കൂറുമാറുമെന്ന് പ്രചരിപ്പിക്കുന്നത്. സ്ഥാനാര്‍ഥിത്വം കിട്ടിയിരുന്നില്ലെങ്കില്‍ അതുകൊണ്ട് കൂറുമാറും എന്നായേനേ പ്രചാരണം എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തന്നെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നെന്നും പാര്‍ട്ടിയില്‍ ചേരാന്‍ അഭ്യര്‍ത്ഥിച്ചിരുന്നെന്നും  തോട്ടത്തില്‍ രവീന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ബി.ജെ.പിയുമായി യോജിക്കാനാവില്ലെന്ന് കെ.സുരേന്ദ്രനെ അറിയിച്ചെന്നും . താന്‍ വിശ്വാസിയായ കമ്മ്യൂണിസ്റ്റാണ്. വിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ ഒരു ബുദ്ധിമുട്ടും ഇല്ലെന്നും രവീന്ദ്രന്‍ പറഞ്ഞിരുന്നു.

കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ ഭാഗമായി തോട്ടത്തില്‍ രവീന്ദ്രന്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് പ്രതികരണവുമായി തോട്ടത്തില്‍ രവീന്ദ്രന്‍ രംഗത്ത് എത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: I am a true believer, Never will join other Political parties says Thottathil Raveendran

We use cookies to give you the best possible experience. Learn more