ഗാസ: ഫലസ്തീനിയന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. “ഹൃദയംകൊണ്ട് ഞാനൊരു ഫലസ്തീനിയനാണ്” എന്നു പറഞ്ഞുകൊണ്ടാണ് മറഡോണ ഐക്യദാര്‍ഢ്യം അറിയിച്ചത്.
ഫലസ്തീനിയന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിനെ കെട്ടിപ്പിടിച്ചുകൊണ്ടാണ് മറഡോണ ഇങ്ങനെ പറഞ്ഞത്. റഷ്യയിലെ ലോകകപ്പ് ഫൈനലിന്റെ സമയത്തായിരുന്നു മറഡോണയുടെ പ്രഖ്യാപനം.
“ഇദ്ദേഹം ആഗ്രഹിക്കുന്നത് ഫലസ്തീന്റെ സമാധാനമാണ്. പ്രസിഡന്റ് അബ്ബാസിന് നീതിയുക്തമായ ശരിയായ രാജ്യമുണ്ട്” എന്ന് മറഡോണ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിക്കുകയും ചെയ്തു.
ഞായറാഴ്ച നടന്ന ലോകകപ്പ് മത്സരം കാണാന്‍ മറ്റ് ലോക നേതാക്കള്‍ക്കൊപ്പം അബ്ബാസുമുണ്ടായിരുന്നു.
നേരത്തെയും മറഡോണ ഫലസ്തീനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. “ഞാന്‍ ഫലസ്തീനിയന്‍ ജനതയുടെ ഒന്നാന്തരം ആരാധകനാണ്” എന്നാണ് 2012ല്‍ മറഡോണ പറഞ്ഞത്. “ഞാനവരെ ആരാധിക്കുകയും ചെയ്യുന്നു.” എന്നും അദ്ദേഹം പറഞ്ഞിരുന്നു.
2014ല്‍ ഗാസയ്ക്കുനേരെ ഇസ്രഈല്‍ ആക്രമണമുണ്ടായ സമയത്ത് “ഫലസ്തീനിയന്‍ ജനതയോട് ഇസ്രഈല്‍ കാട്ടുന്നത് ലജ്ജാകരമായ കാര്യമാണ്” എന്ന് മറഡോണ ചൂണ്ടിക്കാട്ടിയിരുന്നു.